scorecardresearch
Latest News

കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം: വെല്ലുവിളികളും സാധ്യതകളും

ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സൗകര്യപ്രദവും സ്പഷ്ടവുമായ പഠന സംവിധാനം ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കു കൊണ്ടുവരണം

കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം: വെല്ലുവിളികളും സാധ്യതകളും

കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളെയാണു ബാധിച്ചത്. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ മിക്കവാറും അടച്ചുപൂട്ടി. പ്രതിസന്ധി ഇന്ത്യയിലെ 285 ദശലക്ഷത്തിലധികം വിദ്യാർഥികളുടെ പഠനത്തുടർച്ചയെ  ബാധിച്ചു. പാഠശാലകൾ എപ്പോൾ തുറക്കുമെന്ന് നിശ്ചയമില്ല. സ്കൂളുകള്‍ അടച്ചതിലൂടെ വിദ്യാർഥികൾ, അധ്യാപകർ, കുടുംബങ്ങൾ എന്നിവരെ ബാധിക്കുക മാത്രമല്ല സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭാവിയുടെ നിർണായക ഘടകമായ ഉന്നത വിദ്യാഭ്യാസ മേഖലയെയും മഹാമാരി സാരമായി ബാധിച്ചു.

അടിയന്തര ബദൽ നടപടികൾ എന്ന നിലയ്ക്ക് പല സർവകലാശാലകളും കോളേജുകളും ഓൺ‌ലൈൻ ലേണിങ്ങ് സിസ്റ്റം, ഓപ്പൺ സോഴ്‌സ് ഡിജിറ്റൽ ലേണിങ് സൊല്യൂഷനുകളിൽപ്പെട്ട, മൂഡിൽ, എം.ഒ.ഒ.സി, സ്വയം, എൻ‌.പി‌.ടി‌.ഇ.എൽ. എന്നിവ ഉപയോഗിച്ച് വിദ്യാഭ്യാസ സംസ്കാരം പുനരുജ്ജീവിപ്പിക്കുകയാണ്. എന്നാൽ, പുതിയ പ്രവേശനങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം, നിലവിലുള്ള കോഴ്സുകളുടെ പൂർത്തീകരണം, വിദ്യാർഥികളുടെ ക്യാമ്പസ് നിയമനം എന്നിവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന ആശങ്കയായി മാറിയിട്ടുണ്ട്.

വെബ് കോൺഫറൻസിങ് മോഡിലൂടെയും വീഡിയോ പ്രഭാഷണങ്ങളിലൂടെയും ഓൺ‌ലൈൻ ക്ലാസുകൾ നൽകാൻ പല സ്ഥാപനങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും 1000-5000 വിദ്യാർഥികളുമായിട്ടുള്ള ഓൺ‌ലൈൻ ക്ലാസുകൾ എത്രത്തോളം ഫലപ്രദമായി നടക്കും? ഇത് വൻതോതിൽ ഫലപ്രദമായി നടപ്പിലാക്കാനാവശ്യമായ മെച്ചപ്പെട്ട ഇൻഫ്രാസ്ട്രക്ചർ, സോഫ്റ്റ്‌വെയർ, കണക്റ്റിവിറ്റി, ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം (എൽ‌.എം‌.എസ്) തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ടോ? ലാപ്ടോപ്പും സ്മാർട്ട്ഫോണും ഇല്ലാത്തവർ എന്തു ചെയ്യും? എന്നിങ്ങനെയുള്ള ചോദ്യമുയരുന്നു.

Also Read: ഡിജിറ്റല്‍ കാലത്തെ രാഷ്ട്രീയ ആശയവിനിമയം

ഒരു പരിധിവരെ, വിദ്യാഭ്യാസത്തിൽ നിലവിലെ തടസം ഒരു അനുഗ്രഹമാണ്. ഹ്രസ്വകാലത്തേയ്ക്ക് ഈ തടസം അസൗകര്യമാണ്, പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇത് നല്ലതാണ്. സാങ്കേതികവിദ്യയുടെ ആവിർഭാവത്താൽ പുതിയ പരിണാമത്തിലേയ്ക്ക് മാറിയ നിരവധി മേഖലകളുണ്ട്. ഇന്നും ഒരു മാറ്റവും സംഭവിക്കാത്ത മേഖലയാണ് വിദ്യാഭ്യാസം. ശാരീരിക സാന്നിധ്യമുള്ള ക്ലാസുകളിൽ പങ്കെടുക്കുക, പരീക്ഷയെഴുതുക, മാർക്ക് നേടുക, മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുക എന്നിങ്ങനെ പരമ്പരാഗത രീതിയിലാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും നയങ്ങളുടെയും ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ശരിക്കും നമ്മുടെ മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും താറുമാറാക്കുന്നു.

വെല്ലുവിളികളും സാധ്യതകളും മനസിലാക്കി സംവിധാനത്തെ ഉടച്ചുവാർക്കുകയും “വിദ്യാഭ്യാസം” കൂടുതൽ അർഥവത്താക്കാൻ പ്രേരിപ്പിക്കുന്ന ചില നിർദിഷ്ട ഇടപെടലുകൾ ഉൾക്കൊള്ളിച്ച് മാതൃകാപരമായ മാറ്റത്തെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. പ്രധാനമായും ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സൗകര്യപ്രദവും സ്പഷ്ടവുമായ പഠന സംവിധാനം ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കു കൊണ്ടുവരണം. അടിയന്തര സാഹചര്യങ്ങളിലടക്കം ഔപചാരിക- അനൗപചാരിക രീതിയിൽ വഴക്കമുള്ള പഠനം ഉറപ്പാക്കാൻ, വിദ്യാഭ്യാസ സംവിധാനങ്ങളുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ഊർജസ്വലത വളർത്തിയെടുക്കാൻ ഫ്ലെക്സിബിൾ ലേണിങ് സിസ്റ്റം (എഫ്.എൽ.എസ്.) സഹായിക്കുന്നു.

എഫ്.എൽ.എസ്. കൊണ്ട് നിർവചിക്കുന്നത്

“പഠിതാക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായുള്ള പാഠങ്ങൾ തിരഞ്ഞെടുക്കലും സൗകര്യവും വ്യക്തിഗതമാക്കലും നൽകുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സമീപനങ്ങളും സംവിധാനങ്ങളും സജ്ജമാക്കുന്നു. പ്രത്യേകിച്ച്, അധ്യാപനത്തെയും പഠന പ്രക്രിയയെയും പിന്തുണയ്ക്കാൻ നിരവധി സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വഴക്കമുള്ള പഠനം എവിടെ, എപ്പോൾ, എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള സാധ്യതകൾ പഠിതാക്കൾക്ക് നൽകുന്നു. ” (ലീയും മക്ലൊഗ്ലിനും (2010)).

പഠിതാവിനെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ തന്ത്രം ഉപയോഗിച്ച് ടെക്നോളജി എൻഹാൻസ്ഡ് ലേണിങ് ആന്റ് ടീച്ചിങ് ഉപയോഗിച്ച് ഫ്ലെക്സിബിൾ പെഡഗോഗി മോഡലിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്. പഠനത്തിന്റെ പ്രധാന തലങ്ങളായ പഠന സമയവും സ്ഥാനവും, അധ്യാപനത്തിനും പഠനത്തിനുമുള്ള വിഭവങ്ങൾ, പ്രബോധന സമീപനങ്ങൾ, പഠന പ്രവർത്തനങ്ങൾ, അധ്യാപകർക്കും പഠിതാക്കൾക്കുമുള്ള പിന്തുണ എന്നിങ്ങനെയുള്ള തിരഞ്ഞെടുപ്പുകൾ എഫ്.എൽ.എസ് നൽകുന്നു. ഇത് നിശ്ചിതവും ഏകതാനവുമായതിനേക്കാൾ വഴക്കമുള്ള രീതിയിൽ അധ്യാപനവും പഠനവും വർധിപ്പിക്കും. ഇടവേളകളില്ലാതെ ലളിതവും പ്രതിജ്ഞാബദ്ധമായതും ഫലപ്രദവുമായ പഠനം പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കും.

രണ്ടാമതായി സ്വീകരിക്കാവുന്ന ഒരു മോഡലാണ് ഓപ്പൺ ലേണിങ് സിസ്റ്റം (OLS). ഓ.എൽ.എസ് (OLS) പഠനസംവിധാനത്തിൽ, പഠനപ്രക്രിയയുടെ പല പഠന വശങ്ങളും പഠിതാവിന്റെ നിയന്ത്രണത്തിലാണ്. പഠിതാവിന് ആവശ്യമുള്ളിടത്ത് എപ്പോൾ, എങ്ങനെ വേണമെന്നുള്ള രീതിയിൽ പഠന അവസരങ്ങൾ നൽകാൻ ഇത് ശ്രമിക്കുന്നു. ഒ.എൽ.എസ് അവരുടെ വിദ്യാർഥികൾക്ക് യോജിച്ച യോഗ്യതകളിലേക്ക് ദീർഘകാലത്തേക്ക് പഠിക്കാനുള്ള സൗകര്യം നൽകുന്നു. വിദ്യാർഥികൾക്ക് താല്പര്യത്തിനനുസരിച്ച് പഠിക്കാനോ, ഓപ്പൺ മോഡിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മൊഡ്യൂളിനോ കോഴ്സിനോ അംഗത്വമെടുക്കാം. ഇത് പൂർണമായും ഓൺലൈന് മോഡിലോ അല്ലെങ്കിൽ കോൺടാക്റ്റ് ക്ലാസുകളിലോ അധിഷ്ഠിതമാകാം. പക്ഷേ അസൈൻമെന്റുകൾ, മൂല്യനിർണയം, സർട്ടിഫിക്കറ്റ് എന്നിവ എല്ലാം ഓൺലൈനിൽ സമർപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു.

Also Read:‘പ്രതിരോധം’ പഠിപ്പിക്കാൻ മാഷ്, ഉപദേശിക്കും ശാസിക്കും; അനുസരിച്ചില്ലെങ്കില്‍ അറസ്റ്റ്

ഈ പുതിയ മാറ്റങ്ങളെ അധ്യാപകർ എങ്ങനെ സ്വാഗതം ചെയ്യുന്നു? ചോക്ക്, ബോർഡ് എന്നിവയിൽനിന്ന് വെർച്വൽ ക്ലാസ് റൂമിലേക്ക്, ക്ലാസ് ടെസ്റ്റുകളിൽ നിന്ന് ഓൺലൈൻ ടെസ്റ്റിലേക്ക്, വാക്കാലുള്ള പാഠങ്ങളിൽനിന്ന് പിപിടി അടിസ്ഥാനമാക്കിയുള്ള പഠനത്തിലേക്ക്; വ്യക്തിഗത സംഭാഷണങ്ങളിൽനിന്ന് സൂം, മൈക്രോസോഫ്റ്റ് 365 ഓഫീസ്, അല്ലെങ്കിൽ വെബെക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ അധിഷ്ഠിതമായ പരസ്‌പരപ്രവര്‍ത്തനങ്ങളിലേക്ക്, പേപ്പർ തിരുത്തൽ എന്നത് ഓൺലൈൻ പരീക്ഷകളിലേക്കും ഗ്രേഡിംഗിലേക്കും, പഠന സാമഗ്രികൾ‌ ഓൺ‌ലൈൻ‌ മെറ്റീരിയലുകളിലേക്കും മറ്റും മാറ്റുന്നത് എന്നിവ അവർക്ക് ഒരു പുതിയ രീതിയാകുകയും തുടക്കത്തിൽ തന്നെ അവരെ ജോലിഭാരമുള്ളവരാക്കി മാറ്റുകയും ചെയ്തു. എന്നാൽ മറുവശത്ത് അധ്യാപകർക്ക് ഇത് ഒരു വൈവിധ്യമാർന്നതും ജ്ഞാനവര്‍ധകവുമായ അനുഭവമായിരിക്കും. സമയക്രമത്തിനനുസരിച്ച് കൂടുതൽ സഫലതയുണ്ടാകുകയും ചെയ്യും.  അവർക്ക് കൂടുതൽ നൂതനമായ ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അത്യാധുനിക പഠന സംവിധാനത്തെ പരിചയപ്പെടാനും സാധിക്കും. ബുദ്ധിമുട്ടുകൾ താല്കാലികം മാത്രമായിരിക്കും.

വീഡിയോ കോൺഫറൻസിങ്ങിനെ പിന്തുണയ്ക്കുന്ന പഠന പ്ലാറ്റ്ഫോമുകളുടെ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. പഠന വിഭവങ്ങൾ, പഠന ഉപകരണങ്ങൾ, അധ്യാപനത്തിനും പഠനത്തിനുമുള്ള പെഡഗോഗി മോഡൽ, സ്മാർട്ട് ക്ലാസ് മുറികൾ, റെക്കോർഡിംഗിനായി സജ്ജീകരിച്ച സ്റ്റുഡിയോ എന്നിങ്ങനെ ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള എല്ലാ അടിസ്ഥാന ആവശ്യകതകളും ഒരുക്കുന്നതിനോടൊപ്പം തന്നെ നെറ്റ്‍വർക്കിന്റെ കാര്യക്ഷമത, സ്കേലബിലിറ്റി, സുരക്ഷ, ഉപകരണങ്ങൾക്കിടയിൽ തടസ്സമില്ലാത്ത സംയോജനം, മിനിമം ബാൻഡ്‌വിഡ്ത്തിൽ വീഡിയോകൾ പ്ലേ ചെയ്യുക തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുക എന്നതും പ്ര ധാനം തന്നെ.

coronavirus, കൊറോണ വൈറസ്, covid-19, കോവിഡ്-19, e-learning, ഇ-ലേണിങ്, online education, ഓൺലൈൻ വിദ്യാഭ്യാസം, digital learning solution, ഡിജിറ്റൽ ലേണിങ് സൊല്യൂഷൻ, flexible learning system, ഫ്ലെക്സിബിൾ ലേണിങ് സിസ്റ്റം, open learning system, ഓപ്പൺ ലേണിങ് സിസ്റ്റം, virtual class room, വെർച്വൽ ക്ലാസ് റൂം, smart class room, സ്മാർട്ട് ക്ലാസ് മുറികൾ,zoom, സൂം, microsoft 365 office, മൈക്രോസോഫ്റ്റ് 365 ഓഫീസ്, webex video conferencing, വെബെക്സ് വീഡിയോ കോൺഫറൻസിങ്, laptop, ലാപ്ടോപ്പ്, smart phone, സ്മാർട്ട്ഫോൺ, ie malayalam, ഐഇ മലയാളം

കോവിഡ്- 19 ന് ശേഷമുള്ള ക്ലാസ് മുറികൾ നോക്കുകയാണെങ്കിൽ, നിലവിലുള്ള ഒരു ക്ലാസ് മൊത്തം നിറഞ്ഞിരിക്കുന്ന വിദ്യാർഥികൾ, ഒരു ക്ലാസ് മുറിയില്‍ അധ്യാപകർ ചുറ്റിനടക്കുന്നത്, തിങ്ങി നിറഞ്ഞ സ്റ്റാഫ് റൂമുകൾ, മൂല്യനിർണയ ക്യാമ്പ്, മീറ്റിങ്ങുകൾ, സമ്മേളനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ മുതലായവയ്ക്ക് ഒരു താൽക്കാലിക വിരാമമായിരിക്കും. എങ്കിലും കുട്ടികളുടെ സമഗ്രവികസനം നിലനിർത്താനും ഒരു സാമൂഹ്യജീവിയാകാന്‍ സഹായിക്കാനും അവർ തമ്മിലുള്ള പരസ്പര പ്രവർത്തനങ്ങളും മറ്റ് പ്രവർത്തികൾ നിലനിർത്താനും ചില ബദൽ സംവിധാനങ്ങൾ ഉപയോഗിച്ച് നമുക്ക് പുതിയ സ്കൂൾ വിദ്യാഭ്യാസം സ്വീകരിക്കാം.

എ. ബാച്ചിന്റെ വലുപ്പം കുറയ്‌ക്കേണ്ടതുണ്ട്, പക്ഷേ അത് സാമ്പത്തിക സ്ഥിരതയെ ബാധിച്ചേക്കാം. അതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ ബാച്ചുകളിൽ ക്ലാസുകൾ ഉണ്ടാകാം. മറ്റ് ദിവസങ്ങളിൽ, വിദ്യാർഥികൾക്ക് ധാരാളം ഹോം വർക്കുകളും അസൈൻമെന്റുകളും നലൽകേണ്ടതുണ്ട്. വെർച്വൽ ക്ലാസുകളിൽ പങ്കെടുക്കുകയും വേണം.

ബി. അധ്യാപകർക്ക് ക്ലാസിൽ ഹാജരാകാം അല്ലെങ്കിൽ വിദൂരമായി ക്ലാസെടുക്കാം. ഓൺലൈൻ അധ്യാപനം റെക്കോർഡുചെയ്യുകയും അതേ വിഷയങ്ങൾക്കായി വീണ്ടും ഉപയോഗിക്കുകയും വേണം.

സി. ക്ലാസ് റൂം വലുപ്പം ഇരട്ടിയാക്കാം. രണ്ടു ക്ലാസ് റൂമുകൾക്ക് ഇടയ്ക്കുള്ള മതില്‍ തകർക്കുന്നതിലൂടെ ഉടനടി പ്രാബല്യത്തിൽ വരുത്താനായേക്കാം.

ഡി. മീറ്റിങ്ങുകൾ, ഒത്തുചേരൽ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സാമൂഹിക അകലം പാലിക്കുക.

ഇ. ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ ഒരാൾ അല്ലെങ്കിൽ പരമാവധി രണ്ട് പേർ എന്ന നിലയിൽ ഒരു ഡെസ്‌ക് പങ്കിടാം, സംവേദനാത്മക ബോർഡുകൾ, സൗണ്ട് പ്രൂഫ് ക്ലാസ് മുറികൾ, കമ്പ്യൂട്ടറും പ്രൊജക്ടറുകളും സൂക്ഷിക്കാനുള്ള സ്ഥലം എന്ന രീതിയിൽ പുതിയ ക്ലാസ് റൂം വ്യക്തിഗതമായി രൂപകൽപ്പന ചെയ്യാം.

Also Read:കോവിഡ്-19 ഭേദമായാലും കാത്തിരിക്കുന്നത് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ഓൺലൈൻ അധിഷ്ഠിത പഠനങ്ങൾക്കിടയിൽ വിദ്യാർഥിയുടെ സ്ഥിരമായ ശ്രദ്ധ എങ്ങനെ നിലനിർത്താമെന്നുള്ളതും ഓൺലൈൻ ക്ലാസുകളിൽ അവരുടെ മാനസികാവസ്ഥ, താൽപ്പര്യം, പെരുമാറ്റ മനോഭാവം എന്നിവ അറിയുക എന്നുള്ളതുമാണ് മറ്റൊരു പ്രധാന ആശങ്ക. ഒരു സംഭവത്തിലേക്കോ പ്രവർത്തനത്തിലേക്കോ അത് പൂർത്തിയാകുന്നിടത്തോളം ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയാണ് സുസ്ഥിരമായ ശ്രദ്ധ എന്നു പറയുന്നത്. ഇലക്ട്രോഡ് അധിഷ്‌ഠിത ബാൻഡുകളോ ചില ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസുകളോ (ബിസിഐ) തലയിൽ വച്ചുകൊണ്ട് പഠനത്തിലെ സ്വാധീനം കണ്ടെത്തുക എന്നുള്ളത് ഒരു സജീവ ഗവേഷണ മേഖലയാണിത്. ബ്രെയിൻ വേവ് സിഗ്നലുകളെ അടിസ്ഥാനമാക്കിയുള്ള ശ്രദ്ധാ നിരീക്ഷണത്തിലും അലാറം സംവിധാനത്തിലും ഓരോ കുട്ടിയുടെയും പഠനം നിരീക്ഷിക്കാവുന്നതാണ്.

കോഗ്നിറ്റീവ് ന്യൂറോ സയൻസ് ഓഫ് ഇമോഷൻസിന്റെ ഭാഗമായ സന്തോഷം, അസന്തുഷ്ടി, ഉത്കണ്ഠ, ഉറക്കം, ആവേശം, ക്ഷീണം തുടങ്ങിയവയെ ബിസിഐ, ഐ-ട്രാക്കിംഗ് ലെൻസുകൾ, ഫേഷ്യൽ എക്സ്പ്രഷൻ എന്നിവയിലൂടെ അത്യാധുനിക അഫക്ടീവ് ലേണിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ച് പിടിച്ചെടുക്കാം.

ഓരോ ക്ലാസുകാരുടെയും ആവശ്യം നിറവേറ്റുന്നതിന് 12 വ്യത്യസ്ത ചാനലുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ സംരംഭങ്ങൾ അടുത്തിടെ പ്രഖ്യാപിച്ചു. ഇത് നെറ്റ്‍വർക്ക് കണക്റ്റിവിറ്റിയും ലാപ്‌ടോപ്പും ഇല്ലാത്തവർക്ക് ഒരു നേട്ടമാകും. വൺ നേഷൻ-വൺ പ്ലാറ്റ്ഫോം എന്നത് ലക്ഷ്യമിട്ട് 100 സർവകലാശാലകളിൽ ഓൺലൈൻ ക്ലാസ് സൗകര്യം സ്ഥാപിക്കാനും ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

പകർച്ചവ്യാധി, പാരിസ്ഥിതിക ആപത്തുകൾ, മറ്റ് ദുരന്തങ്ങൾ എന്നിവ പൊട്ടിപ്പുറപ്പെടുന്നതിലൂടെ പഠനത്തെ ബാധിക്കാതെ വിദ്യാർഥികളെ പരിപാലിക്കാനും അവരുടെ പ്രശ്നപരിഹാരത്തിനുള്ള ലഘൂകരണ തന്ത്രം തയാറാക്കുകയും അതേസമയം, വഴക്കമുള്ളതും പൊതുവായതുമായ ഒരു പഠന സംവിധാനം നൽകാനും വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ നയം ഉണ്ടാകുമെന്ന് പ്രതീഷിക്കാം.

ഐ.ഐഐ.ടി.എം.-കെ. പ്രൊഫസറാണു ലേഖിക

Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App.

Web Title: Covid 19 e learning challenges and opportunities