1947ലാണ് ആൽബേർ കാമുവിന്റെ പ്ലേഗ് എന്ന വിഖ്യാത നോവൽ പുറത്തുവരുന്നത്. ഒറാൻ എന്ന അൾജീരിയൻ നഗരത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗിന്റെ പശ്ചാത്തലത്തിലാണ് ആ നോവൽ രചിച്ചത്. നഗരത്തിലെ പലരും പ്ലേഗ് എന്ന മാരകരോഗം അതിവേഗം അപ്രത്യക്ഷമാകുമെന്നും അവരുടെ കുടുംബങ്ങൾ രോഗപ്പകർച്ചയിൽനിന്ന് ഒഴിവാക്കപ്പെടുമെന്നും പ്രതീക്ഷിച്ചു. അതുകൊണ്ടുതന്നെ അതുവരെയുണ്ടായിരുന്ന ജീവിതവ്യവഹാരങ്ങളെ ഉപേക്ഷിക്കാൻ അവർ തയാറായതുമില്ല. വന്നതുപോലെത്തന്നെ അപ്രതീക്ഷിതമായി ആ ക്ഷണിക്കപ്പെടാത്ത അതിഥി തിരോധാനം ചെയ്യുമെന്ന് അവർ വിശ്വസിച്ചു. മാരകമായ വിപത്തുകൾ വരുമ്പോൾ നമ്മുടെയൊക്കെ ബോധനിലയും ഇതുതന്നെയാണ്. റോഡിലൂടെ ചീറിപ്പാഞ്ഞുപോകുന്ന കാർ തന്നെ മാത്രം ഇടിച്ചുതെറിപ്പിക്കില്ലെന്ന് ഓരോരുത്തരും വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിച്ചുനടക്കുന്ന നമ്മളിൽ ഒരാളെയാണ് കാർ ഇടിക്കുന്നത്. ദുരന്തങ്ങൾ സംഭവിക്കുക മറ്റുള്ളവർക്കാണെന്ന വ്യാജബോധമാണ് നമ്മെ നയിക്കുന്നത്.

ലോകത്ത് കൊറോണ പടരുന്ന സാഹചര്യത്തിലും ഈ ചിന്ത പ്രസക്തമാണ്. ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെടുന്ന സമയത്ത് ഈ വൈറസിന് ഇത്രവേഗം ലോകത്ത് പടരാനാകുമെന്നും ഇത്രയേറെ മനുഷ്യരെ ചുരുങ്ങിയ സമയത്തിനകത്ത് കൊന്നൊടുക്കാൻ സാധിക്കുമെന്നും നമ്മൾ കരുതിയില്ല. പലപ്പോഴായി പ്രത്യക്ഷപ്പെട്ടിട്ടുള്ള വൈറസുകൾ എങ്ങനെയാണോ വന്ന വേഗത്തിൽ വിട്ടുപോയത് അതുപോലെ കോവിഡ് 19ഉം നിഷ്ക്രമിക്കുമെന്ന് നമ്മളും കരുതി. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അതിന്റെ സാധ്യത തള്ളിക്കളയുന്നില്ല. എന്നാൽ അതിനു മുമ്പ് ഈ പകർച്ചവ്യാധി എത്ര മനുഷ്യരെ തുടച്ചുനീക്കുമെന്നതാണ് ആശങ്ക. രോഗം പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈനീസ് സർക്കാർ കാണിച്ച അലംഭാവമാണ് പ്രധാനമായും ഈ രോഗം ലോകം മുഴുവൻ പടരാൻ ഇടയാക്കിയത്. അതുപോലെ എടുത്തുപറയേണ്ടതാണ് പിന്നീട് ചൈനീസ് സർക്കാർ എടുത്ത കർശന നടപടികളിലൂടെ രോഗവ്യാപനവും മരണനിരക്കും കുറച്ചുകൊണ്ടുവരാൻ സാധിച്ചുവെന്നത്.

Read Also: കൊറോണക്കാലത്തെ ഇറ്റലി ജീവിതം

ഇന്ന് ഇറ്റലിയാണ് പൊള്ളുന്നത്. ആ പൊള്ളൽ യൂറോപ്പ് ആകമാനം വ്യാപിക്കുന്നു. രോഗത്തെ ഒന്നാം ഘട്ടത്തിൽ അവഗണിച്ചതിന്റെ ഫലം. ആഗോളവൽകൃതകാലത്ത് ചൈനയുമായുള്ള ലോകബന്ധങ്ങൾ കോവിഡ് 19 എന്ന രോഗത്തെയും ആഗോളവൽക്കരിച്ചുവെന്നുപറയാം. ചൈനയും പശ്ചിമേഷ്യയും യൂറോപ്പും തമ്മിൽ ഇപ്പോൾ അതിവേഗ വാണിജ്യബന്ധങ്ങളാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ രോഗവ്യാപനം പ്രതീക്ഷക്കും അപ്പുറമായിരുന്നു. മാർച്ച് രണ്ടിനാണ് സൗദി അറേബ്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച വാർത്ത പുറത്തുവരുന്നത്. അതിന്റെ സ്രോതസ് ഇറാനായിരുന്നു താനും.

ഇറാനുമായി കൂടുതൽ അടുത്ത സാംസ്കാരിക-വൈയക്തിക ബന്ധമുള്ള ജനത താമസിക്കുന്ന ഖത്തീഫിലാണ് ആദ്യരോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് വിശുദ്ധനഗരമായ മക്കയിലും രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഏറെയും സ്വദേശികളും ഈജിപ്ഷ്യൻ പൗരന്മാരുമാണ്. ഇത് എഴുതുന്ന സമയം വരെയും രോഗം സ്ഥിരീകരിച്ച 274 പേരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടിട്ടില്ലെന്നാണ് അറിവ്. അതോടൊപ്പം തന്നെ ഇതിനിടയിൽ ആറു പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതുവരെ മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്.

സൗദി അറേബ്യ പൊതുവെ ശക്തമായ പ്രതിരോധസംവിധാനമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ആദ്യഘട്ടമായി ചെയ്ത കാര്യം ഉംറ നിർത്തിവയ്ക്കലായിരുന്നു. മക്കയുടെ അഭിജ്ഞചരിത്രത്തിൽ ഇങ്ങനെയൊരു സാഹചര്യമുണ്ടായിട്ടില്ല. വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശുദ്ധമായ സംസം വെള്ളം വിതരണം ചെയ്യൽ തൽക്കാലത്തേക്ക് അവസാനിപ്പിച്ചിരിക്കുന്നു.

സിനിമാശാലകളും സ്കൂളുകളും മറ്റു വിദ്യാഭ്യാസ-കലാലയങ്ങളും നേരത്തെ അടച്ചിരുന്നു. മാളുകളും വിനോദകേന്ദ്രങ്ങളും അടച്ചുകഴിഞ്ഞു. ആളുകൾ കൂടുന്ന പരിപാടികളെല്ലാം അവസാനിപ്പിച്ചു. ചില വിനോദകേന്ദ്രങ്ങളിൽ തുടർന്നിരുന്ന റിയാദ് സീസൺ കല-വിനോദപരിപാടികൾക്കെല്ലാം പൂർണമായ വിരാമമായി. ഗൗരവമുള്ള രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും ജീവിതശൈലീ രോഗങ്ങൾ ബാധിച്ച് പ്രതിരോധശക്തി നഷ്ടമായവർക്കും ഗർഭിണികൾക്കുമെല്ലാം 14 ദിവസം ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് സ്വകാര്യമേഖലയ്ക്കുവരെ നിർദേശം നൽകിക്കഴിഞ്ഞു. വിദേശത്തുനിന്ന് വരുന്നവർ 14 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്ന നിഷ്കർഷയും നിലനിൽക്കുന്നു.

ആരോഗ്യപ്രവർത്തകർക്കും വാണിജ്യവസ്തുക്കൾക്കുമൊഴികെ അന്താരാഷ്ട്ര വിമാനസേവനങ്ങളൊക്കെ സൗദി അറേബ്യ നിർത്തിവച്ചുകഴിഞ്ഞു. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ. മിക്കവാറും സ്ഥാപനങ്ങൾ ജീവനക്കാരോട് അവധിയെടുക്കാനോ, താമസസ്ഥലങ്ങളിൽ ഇരുന്ന് തൊഴിൽചെയ്യാനോ ആവശ്യപ്പെട്ടിട്ടുണ്ട്. ചില സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണത്തെ വിഭജിച്ച് തൊഴിൽ ഇടവിട്ട ദിവസങ്ങളിലാക്കി ക്രമപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാങ്കേതിക ഉപാധികൾ അധികാരികൾ സജ്ജീകരിച്ചുകഴിഞ്ഞു.

Read Also: കൊറോണയെപ്പറ്റി ഗള്‍ഫില്‍നിന്ന് എഴുതുമ്പോള്‍

അടുത്ത കാലത്താണ് സൗദി അറേബ്യ സന്ദർശകവിസ അനുവദിക്കുന്നതിൽ ഉദാരമായ നിലപാടെടുത്തത്. അതോടെ നിരവധിപേരാണ് സ്വന്തം കുടുംബത്തെ മൂന്നുമാസത്തേക്കോ, ആറുമാസത്തേക്കോ ആയി കൊണ്ടുവന്നത്. അങ്ങനെ വന്ന് വിസയുടെ കാലാവധി തീരാറായവർ അടുത്ത ദിവസം വരെ ആശങ്കയിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സൗദി സർക്കാർ പുറപ്പെടുവിച്ച പൊതു അറിയിപ്പിൽ അത്തരം വിസകൾ ഓൺലൈനിൽ തന്നെ പുതുക്കി കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല പുതുക്കേണ്ടതിനായി സന്ദർശകർ രാജ്യത്തിന് പുറത്തുപോകേണ്ടതില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

സൗദി അറേബ്യയിൽ പ്രധാനമായും രോഗം കണ്ടെത്തിയിട്ടുള്ളത് മക്കയിലും ഖത്തീഫിലുമാണ്. ഈ രണ്ടു പ്രദേശങ്ങളും മറ്റിടങ്ങളിൽനിന്ന് ഐസൊലേറ്റ് ചെയ്തുകഴിഞ്ഞു. അതുകൊണ്ടുതന്നെ രോഗത്തിന്റെ പ്രാദേശികവ്യാപനം തടയാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. രോഗം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. തെറ്റായ വാർത്തകൾ പരത്തുന്നവർക്കെതിരെ കർശനമായ നിയമനടപടി എടുക്കുമെന്ന് പറഞ്ഞിട്ടും വ്യാജവാർത്തകൾ പരത്തുന്നതിൽ ചിലർ ആനന്ദം കണ്ടെത്തുന്നുണ്ട്. അതിലൊന്നാണ് , ‘രോഗം തടയുന്നതിന്റെ ഭാഗമായി വായുസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് റിയാദിൽ അണുനാശിനി പ്രയോഗിക്കും’ എന്നത്. ആ വാർത്ത തന്നെ ജോർദാനിലെ അമ്മാനിൽ നിന്നിറങ്ങുന്ന ‘അൽ ഗദ്’ എന്ന പത്രത്തിൽ വന്നതാണെന്നാണ് പറയുന്നത്. എന്നാൽ ഇതേ വാർത്ത കുവൈറ്റിലും പ്രചരിച്ചതായി കാണാം.

കോവിഡ് 19ന്റെ ഭീഷണമായ സാഹചര്യത്തിൽ പൊതുജീവിതം ഏറെക്കുറെ നിശ്ചലമായിരിക്കുകയാണ്. രണ്ടുതരം ആളുകളെ പൊതുസ്ഥലങ്ങളിൽ കാണാം. കരുതലോടെ മാസ്ക് ധരിച്ച്, മറ്റുള്ളവരിൽനിന്ന് അകലം പാലിച്ചു നടക്കുന്നവർ. മറ്റൊരു കൂട്ടർ രോഗഭീഷണിയെപ്പറ്റി അറിയാത്തതുകൊണ്ടോ, അറിഞ്ഞിട്ടും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന വ്യാജബോധം കൊണ്ടോ കൂസലില്ലാതെ നടക്കുന്നവരാണ്. രണ്ടാമത്തെ കൂട്ടരാണ് സമൂഹത്തിന് വിനാശകരമാകുക. ഏറിയ വിധിവിശ്വാസവും നമുക്ക് അപകടകരമാണ്. ലോകത്തെല്ലായിടത്തും എല്ലാ സമൂഹങ്ങളിലും ഇത്തരക്കാരുണ്ടെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

മത-ആത്മീയ വിശ്വാസിയായിരിക്കുമ്പോഴും മാനുഷികമായ ഉത്തരവാദിത്വവും സാമൂഹികമായ പ്രായോഗികതയും പ്രകടിപ്പിക്കുക എന്നതാണ് ആധുനികസമൂഹവും ഭരണകൂടവും ചെയ്യേണ്ടത്. അത്തരം നീക്കങ്ങളാണ് സൗദി അറേബ്യൻ സർക്കാരിൽനിന്ന് ഉണ്ടാകുന്നത്. ഉംറയുടെ കാര്യം മാത്രമല്ല, പള്ളികളിലെ കൂട്ടമായ നമസ്കാരത്തിലും നിയന്ത്രണങ്ങൾ വന്നു കഴിഞ്ഞു. കുവൈറ്റ് ഇതിനകം വെള്ളിയാഴ്ചയിലെ ജുമു‌അ നിർത്തിവച്ചിട്ടുണ്ട്. കൂടുതൽ നിയന്ത്രങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി സൗദി അറേബ്യയും ഇതേ തീരുമാനം കൈക്കൊള്ളാൻ സാധ്യതയുണ്ട്. ഇത്തരം നിഷ്കർഷകളും നിയന്ത്രണങ്ങളും മതവിധിയായ ശരീഅത്തിന്റെ തന്നെ ഭാഗമാണെന്ന് സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തി പറഞ്ഞുകഴിഞ്ഞു.

മനുഷ്യൻ എത്ര സുന്ദരമായാണ് അവസരത്തിനൊന്ന് ഉയരുന്നതെന്ന് ഇത്തരം കാര്യങ്ങൾ വ്യക്തമാക്കുന്നു. ഒരു മഹാദുരന്തത്തെ മറികടക്കാനായി നമ്മൾ എടുക്കുന്ന നടപടികൾ പലതരത്തിലാണ് നമ്മുടെ നിത്യജീവിതത്തിൽ പ്രതിഫലിക്കുന്നത്. സൗദി അറേബ്യയിലെ എല്ലാ വിദ്യാലയങ്ങളും അടച്ചതിന്റെ ഭാഗമായി ഇന്ത്യൻ സ്കൂളുകളും അടച്ചു. എല്ലാ ഇന്ത്യൻ സ്കൂളുകളും പിന്തുടരുന്നത് സിബിഎസ്ഇ പാഠ്യപദ്ധതിയാണ്. ചുരുക്കം ചില സ്കൂളുകളിൽ സമാന്തരമായി വിദേശപാഠ്യപദ്ധതി വിഭാഗവുമുണ്ട്. അടുത്ത അക്കാദമിക് വർഷത്തെ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും സ്കൂളുകൾ ആരംഭിച്ച നേരത്താണ് രോഗഭീഷണിയെത്തുന്നത് അതോടെ പല സ്കൂളുകളും കമ്പ്യൂട്ടർ ആപ്പുകൾ ഉപയോഗിച്ചുകൊണ്ട് ഓൺലൈൻ ക്ലാസുകളിലേക്ക് ബോധന-പഠനപ്രക്രിയ മാറ്റി. ലഭ്യമായ പല ആപ്പുകളും ലാപ്ടോപിലും മൊബൈലിലുമാക്കി അദ്ധ്യാപകർ സ്കൂളുകളിൽനിന്ന് ക്ലാസെടുത്തു തുടങ്ങിയിരുന്നു.

Read Also: ഹാൻഡ് സാനിറ്റൈസർ വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിയന്ത്രണങ്ങൾ കർശനമായതോടെ ഓൺലൈൻ ക്ലാസുകൾ അധ്യാപകരുടെ താമസസ്ഥലത്തേക്ക് മാറുകയാണ്.  പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷകൾ മാറ്റിവച്ചു. പത്താം ക്ലാസിൽ മാർച്ച് 18ന് നടക്കേണ്ടിയിരുന്ന സോഷ്യൽ സയൻസ് മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ പന്ത്രണ്ടാം ക്ലാസിൽ മാർച്ച് 30 വരെ നടക്കേണ്ട വിവിധ പരീക്ഷകളുണ്ട്. വിദ്യാർഥികളെയും മാതാപിതാക്കളെയും ഇത് നിരാശയിലാക്കിയിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് ഒന്നോ, രണ്ടോ ആഴ്ചകൊണ്ട് സീനിയർ സെക്കൻഡറി ക്ലാസുകൾ തുടങ്ങാറുണ്ട്. പരീക്ഷാഫലം വരാത്തതുകൊണ്ട് സോപാധികപ്രവേശനമാണ് നൽകാറ്. കൊറോണ വൈറസ് ഭീഷണിയുടെ സാഹചര്യത്തിൽ പല സ്കൂളുകളും പ്ലസ് ടു ക്ലാസുകൾ ഓൺലൈനിൽ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. അഡ്മിഷൻ നഷ്ടപ്പെടാതിരിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.

പത്താം ക്ലാസിയോ, പന്ത്രണ്ടാം ക്ലാസിലേയോ പരീക്ഷ കഴിഞ്ഞ് നാട്ടിൽ ഉപരിപഠനം നടത്താൻ ഉദ്ദേശിച്ചിരുന്നവരെ പുതിയ സാഹചര്യം സങ്കടത്തിലാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ ഭീമമായ ലെവി സംഖ്യ ഒഴിവായിക്കിട്ടാൻ മക്കളെ നാട്ടിലെ സ്കൂളിൽ ചേർക്കാൻ പദ്ധതിയിട്ടിരുന്നവരും ആശയക്കുഴപ്പത്തിലാണ്.

വൈകാതെ സാഹചര്യങ്ങൾ നിയന്ത്രണത്തിൽ വരുന്നില്ലെങ്കിൽ ഇതെല്ലാം രൂക്ഷമാകും. നിശ്ചയിച്ചുവച്ച വിവാഹം കഴിക്കാൻ നാട്ടിൽ പോകാൻ സാധിക്കാത്തവർ, രോഗശയ്യയിൽ കിടക്കുന്ന മാതാപിതാക്കളെ കാണാൻ കാത്തിരുന്നവർ, കുടുംബത്തിന് സന്ദർശക വിസ എടുത്തിട്ടും അവരെ കൊണ്ടുവരാൻ പറ്റാത്തവർ, അങ്ങനെ നിരവധി പേരാണ് ഈ സാഹചര്യത്തിൽ കുഴങ്ങുന്നത്. ഇത് സാമ്പത്തികമായി പെട്ടെന്ന് ബാധിക്കുന്നത് ട്രാവൽ ഏജൻസികളെയാണ്.

Read Also: ഇന്ത്യയില്‍ കോവിഡ്-19 പകരുന്ന നിരക്ക് മറ്റു രാജ്യങ്ങളേക്കാൾ കുറവ്‌; കണക്കുകൾ ഇങ്ങനെ

പൊതുവെ കോവിഡ് 19 ഉയർത്തിയ ഭീമമായ സാമ്പത്തിക പ്രതിസന്ധി സൗദി അറേബ്യയെയും ബാധിക്കും. ഉംറ, ഹജ്ജ്, അടുത്തകാലത്ത് വിപുലപ്പെടുത്തിയ ടൂറിസം, അതുമായി ബന്ധപ്പെട്ട് രൂപകൽപ്പന ചെയ്ത സാംസ്കാരിക-വിനോദ പരിപാടികൾ എന്നിവയുടെ പ്രവർത്തനങ്ങളെല്ലാം നിശ്ചലമായിരിക്കുന്നു. രോഗഭീഷണിയിൽനിന്ന് മുക്തിനേടിയാലും കാത്തിരിക്കുന്നത് വലിയ സാമ്പത്തികപ്രതിസന്ധിയാണെന്നു പറയാം. ഏപ്രിലിൽ റിയാദിൽ നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര പുസ്തകോത്സവം അനിശ്ചിതത്വത്തിലായി. ആദ്യമായി മലയാളത്തിൽനിന്ന് വിപുലമായ പങ്കാളിത്തം പ്രതീക്ഷിച്ച പുസ്തകോത്സവ വർഷമായിരുന്നു ഇത്. അതിന്റെ ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.

വാരാന്ത്യങ്ങളിലെ സാംസ്കാരികവും രാഷ്ട്രീയവുമായ കൂട്ടായ്മകളാണ് പ്രവാസികളുടെ ജീവിതത്തെ സജീവമാക്കുന്ന ഒരു ഘടകം. ഈ സാഹചര്യത്തിൽ അതെല്ലാം മുടങ്ങുകയാണ്. പ്രവാസജീവിതത്തിന്റെ ഒറ്റപ്പെടലിനെയും പിരിമുറുക്കത്തെയും ലഘൂകരിക്കുന്നതും മാനസികമായി ഊർജസ്വലമാക്കുന്നതും വ്യാഴരാത്രികളും വെള്ളിയാഴ്ചകളുമാണ്. നാട്ടിലെ പ്രദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള സംഘടനകൾ മുതൽ രാഷ്ട്രീയ പാർട്ടികളുടെ പോഷകസംഘടനകൾ വരെ ഇതിൽ പെടും.

ലേബർ ക്യാമ്പുകളിൽനിന്ന് പൊതുവെ പുറത്തേക്കുള്ള സാംസ്കാരികവും സാമൂഹികവുമായ ഇടപെടലുകളും വാരാന്ത്യങ്ങളിലാണ് നടക്കുന്നത്. അത്തരം ഇടങ്ങളിലെ തൊഴിലാളികൾ ഇപ്പോൾ ക്യാമ്പുകളിൽ തന്നെയാണ്. വിനോദസൗകര്യങ്ങൾ സ്വന്തം സെൽ ഫോണുകളിൽ ലഭ്യമാകുമെന്നിരിക്കെ തൽക്കാലം അതിൽ വലിയ പ്രശ്നമുണ്ടാകില്ല. എന്നാൽ ദീർഘകാലം ഇത്തരം ഒറ്റപ്പെടൽ ജീവിതം ദുസാധ്യമായിരിക്കും. അപ്പോഴും അതിനേക്കാൾ ഭീകരമായി നമ്മെ തുറിച്ചുനോക്കുന്ന കോവിഡ് 19 തന്നെയാണ് ശത്രു.

ടെലിവിഷൻ ചാനലുകളാണ് പൊതുവെ എല്ലാവരുടെയും വിനോദ-വിവരവിതരണ മാധ്യമം. കുടുംബങ്ങളെയായാലും വ്യക്തികളെയായാലും ടിവി ചാനലുകൾ ഒരുവിധം സംതൃപ്തരാക്കുന്നുണ്ട്. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ മലയാളികളുടെ വായനാ വേദികളുണ്ട്. റിയാദിലെ ചില്ല ആ കൂട്ടത്തിൽ വളരെ സജീവമാണ്. പ്രതിമാസ വായനാനുഭവങ്ങളും തുടർചർച്ചകളും അത് സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രതിമാസ വായന സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ചില്ല പ്രവർത്തകർ. സമാന്തരമായി ഓൺലൈൻ സാഹിത്യപ്രശ്നോത്തരിയും നടക്കുന്നുണ്ട്. സൗകര്യമുള്ളവർ കിൻഡിലിലും ടാബുകളിലും പുസ്തകങ്ങൾ വായിക്കുകയും അത് സാമൂഹ്യമാധ്യ മങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നു.

ഇതോടൊപ്പം തന്നെ ‘വർക് ഫ്രം ഹോം’ തൊഴിൽ സംവിധാനത്തിന്റെ ഭാഗമായി നിരവധി മലയാളി പ്രവാസികൾ വീട്ടിലിരുന്ന് ഓൺലൈൻ വഴി ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വാസ്തവത്തിൽ കുടുംബങ്ങൾ താമസിക്കുന്ന വീടുകൾ വലിയ സാമൂഹ്യവ്യവഹാര കേന്ദ്രമായി മാറിയിട്ടുണ്ട്. പഠിപ്പിക്കുന്ന അധ്യാപകർ, അവരുടെ പഠിക്കുന്ന മക്കൾ, സ്ഥാപനത്തിനുവേണ്ടി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന മാതാപിതാക്കൾ അങ്ങനെ വീട്ടകം സജീവമാണ്.

വിവിധ ക്ലാസുകളിൽ പഠിക്കുന്ന രണ്ടോ, അതിലധികമോ മക്കളുണ്ടെങ്കിൽ, പല ഓൺലൈൻ ക്ലാസുകളാണ് അവരുടെ വീടുകളിൽ ലഭ്യമാകുക. ഇത് മാതാപിതാക്കളെ സംബന്ധിച്ചും വളരെ പ്രയാസകരമാണ്. ഒരേസമയം മക്കൾക്കുവേണ്ട വെവ്വേറേ സാങ്കേതിക സജ്ജീകരണങ്ങൾ ഒരുക്കേണ്ട ബാധ്യതയും പ്രയാസവും അവർക്കുണ്ട്. ഈ സാഹചര്യം മക്കൾക്ക് മാതാപിതാക്കളെയും തിരിച്ചും മനസിലാക്കാനുള്ള ശരിയായ അവസരം കൂടിയാണ്. അതോടൊപ്പം വളരെ ഉദാരമായി ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവസരവും ഇത് നൽകുന്നുണ്ട്.

Read Also: നഞ്ചിയമ്മയുടെ കിടിലൻ പാട്ടും പൊലീസുകാരുടെ ബോധവത്കരണ ഡാൻസും; വീഡിയോ

ഇപ്പോൾ കുടുംബങ്ങൾക്കിടയിലുള്ള സൗഹൃദസന്ദർശനങ്ങൾ ഇല്ലാതായിരിക്കുന്നു. ഒരേ ഫ്ലാറ്റിൽ താമസിക്കുന്നവർ തന്നെ പുറത്തുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വരെ സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. റിയാദിലെ ബത്ത പോലെ സദാ ജനനിബിഢമായ ഇടങ്ങൾ വിജനമായിരിക്കുന്നു. കൂട്ടമായി നടക്കുന്നവരെ അകന്നു നടക്കാനും അവരവരുടെ താമസസ്ഥലങ്ങളിലേക്ക് പോകാനും നിർദേശിക്കാനായി വഴിയോരങ്ങളിൽ പൊലീസുണ്ട്.

ഷോപ്പിങ് മാളുകളിലെ ഹൈപർ മാർക്കറ്റുകളിലും സൂപർ മാർക്കറ്റുകളിലും അത്യാവശ്യം തിരക്കുണ്ട്. എന്നാൽ കുടുംബങ്ങൾ കൂട്ടമായി വരുന്നില്ല. പകരം കുടുംബത്തിലെ പുരുഷനാണ് പ്രധാനമായും പുറത്തുപോകുന്നത്. പ്രധാന ഹൈപർമാർക്കറ്റുകളിൽ സാനിറ്റൈസറുകൾ സ്ഥാപിക്കുക മാത്രമല്ല, ഓരോ ഉപയോഗത്തിനും ശേഷം ട്രോളികൾ അണുവിമുക്തമാക്കാൻ ജീവനക്കാരെ നിയോഗിച്ചിട്ടുമുണ്ട്.

ക്ലിനിക്കുകളിൽ ആൾത്തിരക്ക് കുറവാണ്. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രമാണ് ആളുകൾ അവിടേയ്ക്ക് പോകുന്നത്. ക്ലിനിക്കുകളിൽനിന്ന് രോഗം പിടികൂടുമെന്ന് ആളുകൾ ഭയപ്പെടുന്നുണ്ട്. സാനിറ്റൈസറിന്റെ വില ഇരട്ടിയിലും അധികമായി. മാസ്കുകളോ പലയിടത്തും ലഭ്യമല്ലാതാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം വസ്തുക്കൾ ആവശ്യത്തിന് കമ്പോളത്തിലെത്തിക്കുന്നതിൽ അടുത്ത ദിവസങ്ങളിൽ സൗദി അറേബ്യൻ അധികൃതർ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ ഗൾഫ് മേഖലയിലയിൽ ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള അവശ്യസാധനങ്ങളുടെ ഏറ്റവും ശക്തമായ ബഫർ സ്റ്റോക്കുള്ള രാജ്യമാണ് സൗദി അറേബ്യ.

സൗദി അറേബ്യയിൽ ഇപ്പോൾ നഗരങ്ങളുടെ പേരുകളേ മാറുന്നുള്ളൂ. കാഴ്ചകൾ മാറുന്നില്ല. ഒരേ വിജനത, ഒരേ ആശങ്ക, ഒപ്പം ഒരേ കരുതൽ, ഒരേ പ്രതിരോധം. അതാണ് സൗദി അറേബ്യൻ നഗരങ്ങളുടെ പൊതുകാഴ്ച. റിയാദിലായാലും ദമാമിലായാലും ജിദ്ദയിലായാലും കാഴ്ചകൾക്ക് മാറ്റമില്ല. ജിദ്ദയിലെ മലയാളി കേന്ദ്രമായ ഷറഫിയയും റിയാദിലെ മലയാളിത്താവളമായ ബത്തയും ദമാമിലെ ഇന്ത്യൻ സമൂഹത്തിന്റെ തന്നെ ഒത്തുചേരൽ കേന്ദ്രമായ സീക്കോ സിറ്റി സെന്ററും ഏതാണ്ട് വിജനതയിൽ മുങ്ങിനിൽക്കുകയാണ്. ഷൂസെ സരമാഗോയുടെ ബ്ലൈൻഡ്നെസിൽ പകർച്ചവ്യാധിയായി പടർന്നുപിടിച്ച അന്ധതയുടെ ഇരകളുടെ മുന്നിൽ അദൃശ്യമായി പോകുന്ന നഗരമുണ്ട്. ഇവിടെ നിശ്ചലമായി പോകുന്ന നഗരങ്ങളാണ്. അത് സൗദി അറേബ്യൻ നഗരങ്ങളുടെ മാത്രം കാഴ്ചയല്ല. ലോകഭൂപടത്തിലെ കാഴ്ചയാണ്.

Read Also: തേച്ചില്ലേ നിങ്ങൾ? തേച്ചില്ലേ നിങ്ങൾ? കോവിഡിനെ ‘തേയ്ക്കാനു’ള്ള എളുപ്പവഴി; വീഡിയോ

ലോകചരിത്രത്തിൽ ഒരു രോഗം ലോകത്തെ മുഴുവൻ ഇങ്ങനെ പിടിച്ചുലയ് ക്കുന്നത് ആദ്യമായിട്ടാകും. അതുകൊണ്ടുതന്നെ ഇതിനെ അതിജീവിക്കുകയെന്നത് ലോകത്തിന്റെ ഒരുമയിലൂടെ മാത്രമേ സാധിക്കൂ. വൈറസുകളുടെ ഒരു പൊതുസ്വഭാവം പഠിക്കുന്നതിൽനിന്ന് ഇത് ക്രമേണ നിഷ്ക്രമിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ അതിനുമുമ്പ് കുറേ മനുഷ്യർ അതിന്റെ ഇരകളാകും. സ്വയം വൃത്തിയായിരിക്കുന്നതിലും തന്റെ ചുറ്റുപാടുകൾ വൃത്തിയാക്കി വയ്ക്കുന്നതിലും ദത്തശ്രദ്ധയുള്ള ജനതയ്ക്ക് ഈ മഹാമരിയെ തോൽപ്പിക്കാനാകും. അത് സാധ്യമാകും എന്നുതന്നെ പ്രതീക്ഷിക്കാം. ഒപ്പം ഈ അനുഭവം ഭാവിയെപ്പറ്റി ചിന്തിക്കാൻ മനുഷ്യരാശിക്ക് ഒരു പാഠമാകുകയും ചെയ്യും.

ലോകത്തെയും മനുഷ്യരെയും അവരുടെ ഭാവിയെയും പുതുക്കിപ്പണിയുന്ന ഒരു സാമൂഹ്യാരോഗ്യ വീക്ഷണം പുതിയ സാഹചര്യം രൂപപ്പെടുത്തിയേക്കാം. അതിരുകൾ വരയ്ക്കുന്ന മനുഷ്യനിലേക്ക് അതിരുകൾ ഗൗനിക്കാത്ത മഹാമാരികൾ കടന്നുവരുന്നത് കാമു തന്റെ നോവലിൽ ആവിഷ്കരിച്ച ജീവിതത്തിന്റെ നിരർഥകതയായിട്ടല്ല കാണേണ്ടത്; പുതുപാഠങ്ങളിൽനിന്ന് ഉയരുന്ന പ്രതീക്ഷയായിട്ടാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook