ഭൂരിഭാഗം പേര്‍ക്കും കയ്പുനീരിന്റെ രുചിയുള്ള ജീവിതാവസ്ഥയാണു പ്രവാസം. തനിച്ചാകലിന്റെ വേദനയും കഠിനമായ ജോലിയും കുറഞ്ഞ ശമ്പളവുമടക്കമുള്ള കാര്യങ്ങളോട് പടവെട്ടേണ്ടിവരുന്ന അവസ്ഥ. അതിനിടയിലാണ് അപ്രതീക്ഷിതമായി അസാധാരണമായ സാഹചര്യങ്ങള്‍ കടന്നുരുന്നതും ജീവിതം മൊത്തം തകിടം മറിയുന്നതും.
കോവിഡ്-19 ചൈനയില്‍ പിടിമുറുക്കിയപ്പോള്‍, അത് വാര്‍ത്തകളുടെ കൂട്ടത്തിലെ ഒന്നു മാത്രമായി ലോകത്തിലെ ഭൂരിഭാഗം പേര്‍ക്കും. കേരളത്തില്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴും ഇത്ര കഠിനമായ അവസ്ഥയിലേയ്ക്കു സാഹചര്യങ്ങള്‍ എത്തിപ്പെടുമെന്ന തോന്നലുണ്ടായിരുന്നില്ല. വളരെ പെട്ടന്നാണ് യുഎഇയിലെ സാഹചര്യങ്ങള്‍ മാറിയത്. ഒരോ ദിവസവും വര്‍ധിച്ചുവരുന്ന വൈറസ് ബാധിതരുടെ എണ്ണം രോഗബാധയെന്ന ഭീതി മാത്രമല്ല സൃഷ്ടിക്കുന്നത്, തൊഴില്‍ ഉള്‍പ്പെടെയുള്ള ജീവിതത്തിന്റെ സമസ്ത മേഖലകള്‍ സംബന്ധിച്ച ആശങ്ക കൂടിയാണ്.
യുഎഇയില്‍ 277 പേര്‍ക്കാണ് ഏറ്റവും പുതുതായി രോഗം ബാധിച്ചത്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 2076 ആയി. ഇതുവരെ 11 പേര് മരിച്ചപ്പോള്‍ 176 പേര്‍ക്കു രോഗം ഭേദമായി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ അണുനശീകരണ യജ്ഞം നടക്കുകയാണ്. രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ യാത്രാവിലക്ക് നിലനില്‍ക്കുകയായിരുന്നു. ഇത് ദുബായില്‍ മാത്രം 24 മണിക്കൂര്‍ യാത്രാവിലക്കായി കഴിഞ്ഞദിവസം മാറ്റി. മറ്റ് എമിറേറ്റുകളായ അബുദാബി, ഷാര്‍ജ, അജ്മാന്, ഫുജൈറ, റാസ് അല്‍ ഖൈമ, ഉമും അല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നിലവില്‍ രാത്രി യാത്രാ വിലക്ക് മാത്രമാണുള്ളതെങ്കിലും വരും ദിവസങ്ങളില്‍ സാഹചര്യം മാറാനുള്ള സാധ്യതയുണ്ട്.
കോറോണ വ്യാപനത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ലോക്ക് ഡൗണിന്റെ അനന്തരഫലം സംബന്ധിച്ച ഭയം എല്ലാവരിലുമുണ്ടെന്നാണു മനസിലായത്. സ്വകാര്യ മേഖലയിലെ തൊഴില്‍നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം കനത്ത തിരിച്ചടിയാകുമെന്ന ഭീതിയിലാണു പ്രവാസികള്‍. അധികമായുള്ള ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുകയോ ശമ്പളം കുറയ്ക്കുകയോ ചെയ്യാന്‍ കമ്പനികള്‍ക്ക് അധികാരം നല്കി. ഹ്രസ്വകാലത്തേയ്ക്കോ ദീര്ഘകാലത്തേയ്ക്കോ ശമ്പളത്തോടെയോ അല്ലാതെയോ അവധിയില്‍ പോകാനും ആവശ്യപ്പെടാം.
പല കമ്പനികളും നിലവില്‍ തന്നെ ജീവനക്കാരെ ശമ്പളമില്ലാതെ അവധിയില്‍ വിട്ടിരിക്കുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണു പ്രവാസികള്‍. വിദേശികള്‍ക്കു വാര്‍ഷിക അവധി നേരത്തെ എടുക്കാനുള്ള പദ്ധതിക്കും രാജ്യത്ത് തുടക്കം കുറിച്ചിട്ടുണ്ട്. കോവിഡ് പകര്‍ച്ച തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണ കാലയളവ് ഉപയോഗപ്പെടുത്തി വിദേശികള്‍ക്കു മാതൃരാജ്യത്തേയ്ക്കു മടങ്ങാനുള്ള അവസരം ഒരുക്കുകയാണു ലക്ഷ്യം.
താല്‍ക്കാലിക അവധിയില്‍ പ്രവേശിച്ചിരിക്കുന്ന പലരും കനത്ത ആശങ്ക പങ്കുവച്ചു. അപ്രതീക്ഷിത സാഹചര്യമായിരുന്നതിനാല്‍ യാതൊന്നും കരുതി വച്ചിരുന്നില്ല. അണുനശീകരണ യജ്ഞം തുടങ്ങിയപ്പോള്‍ അത്യാവശ്യ വസ്തുക്കള്‍ വാങ്ങി. രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാം നേരെയാകുമെന്ന പ്രതീക്ഷയായിരുന്നു. അപ്പോഴാണു പുതിയ തൊഴില്‍നിയമം അടക്കമുള്ള കാര്യങ്ങളുണ്ടാകുന്നത്. കുടുംബങ്ങളായി താമസിക്കുന്നവരാണ് ഏറെ ആശങ്ക അനുഭവിക്കുന്നത്. ചെറിയ കുട്ടികളുള്ളവര്‍ പ്രത്യേകിച്ചും.
”കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാനുള്ള നിര്‍ദേശമാണ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നു കിട്ടിയത്. കുട്ടികളിലൊരാള്‍ക്ക് ഇ- ലേണിങ് സംവിധാനത്തിനാവശ്യമായ സൗകര്യം ഒരുക്കി നല്‍കണം. ഫീസ് മുഴുവന്‍ അടക്കാത്തിനാല് ലേണിങ് ക്ലാസില്‍ പങ്കെടുപ്പിക്കുമോ എന്നറിയില്ല,” കണ്ണൂര്‍ സ്വദേശിയുമായ എന്‍ജിനീയര്‍ അരുണ്‍ കുമാര്‍ (യഥാര്‍ഥ പേരല്ല) ആശങ്ക പങ്കുവച്ചു.
ഫീസ് അടക്കാത്ത കുട്ടികളുടെ കാര്യത്തില്‍ സ്കൂളുകള്‍ക്കു തീരുമാനമെടുക്കാനുള്ള അധികാരമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ചില സ്കൂളുകള്‍ ഫീസിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
”ഇക്കാലയളവില്‍ ആദ്യമായാണു മൂന്നു ദിവസം അടുപ്പിച്ച് ജോലിക്കു പോകാതിരിക്കുന്നത്. ആ ഇരുപ്പ് ഒരാഴ്ചയും പിന്നിട്ടിരിക്കുന്നു,”യുഎഇയിലെത്തിയിട്ട് ഇരുപത് വര്‍ഷമായ റഫീഖ് (യഥാര്‍ഥ പേരല്ല) പറയുന്നു.
കുറച്ചേറെ ദിവസങ്ങള്‍ വീട്ടിലിരിക്കേണ്ടി വന്നാലും ജോലി നഷ്ടമാവില്ലെന്ന ഉടമയുടെ ഉറപ്പില്‍ ആശ്വസിച്ചിരിക്കുകയാണു ചെറിയ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ റഫീഖ്.
സമാന സാഹചര്യങ്ങളിലൂടെയാണു മിക്കവരും കടന്നുപോകുന്നത്. ഇതുകാരണം ആരോടും സഹായം ചോദിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. നിലവിലെ സാഹചര്യത്തില്‍, കുടുംബത്തെ നാട്ടില്‍ അയയ്ക്കാന്‍ കഴിയില്ല. യാത്രാവിലക്ക് നീങ്ങിയാലും യാത്ര ചെയ്യുന്നതു സുരക്ഷിതമല്ലെന്ന പേടി പരക്കെ നിലനില്‍ക്കുന്നുണ്ട്. ഒപ്പം മക്കളുടെ പഠനത്തെക്കുറിച്ചുള്ള ആശങ്കയും.
ജോലിയില്ലാതെ വീട്ടിലിരുന്നു ശീലിച്ചവരാകില്ല മിക്കവാറും പ്രവാസികള്‍. ഭൂരിഭാഗവും അവധിയെടുക്കാതെ അധിക സമയം കൂടി ജോലി ചെയ്ത് ജീവിതം കരകയറ്റാന്‍ ശ്രമിക്കുന്നവരാകും. വര്‍ഷത്തിലൊരിക്കലോ രണ്ടു വര്‍ഷം കൂടുമ്പോഴോ ഒക്കെ നാട്ടില്‍പോകാനായി വാര്‍ഷികാവധി മാത്രം ഉപയോഗപ്പെടുത്തുന്നവര്‍. അങ്ങനെയുള്ളവരാണ് ഇപ്പോള്‍ കൂട്ടിലടയ്ക്കെപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്നത്.
ഇറങ്ങിയൊന്നു നടക്കാനൊരു മുറ്റം പോലുമില്ലല്ലോയെന്നു വിഷമിക്കുകയാണു പ്രവാസത്തിലും നാടിനെ നെഞ്ചിലേറ്റുന്ന മലയാളികള്‍. ഫ്ളാറ്റുകളിലെ ജീവിതം ദുസഹമാകുകയാണ്. കുടുംബമായി താമസിക്കുന്നവര്‍ പാചക പരീക്ഷണങ്ങളും വായനയും സിനിമ കാണലുമൊക്കെയായി ദിവസങ്ങള്‍ തള്ളിനീക്കുന്നു. അതേസമയം, അവശ്യ സാധനങ്ങള്‍ ലഭ്യമാകാതെ വരുമോയെന്നും വിലയില്‍ വര്ധയുണ്ടാകുമോയെന്നുമുള്ള ആശങ്ക പാചക പരീക്ഷണങ്ങള്‍ക്കു വിലങ്ങ് തടിയാകുന്നുമുണ്ട്. പുറത്തിറങ്ങാനോ ഒന്ന് ഓടിനടക്കാനോ ഇടമില്ലാത്തതിനാല്‍ കുട്ടികളുടെ കാര്യമാണ് ഏറെ കഷ്ടം.
ദുബായില്‍ ജീവിതം നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി. ആരോഗ്യമേഖലയിലേത് ഉള്‍പ്പെടെയുള്ള അവശ്യ ജോലികള്‍ മാത്രമാണു നടക്കുന്നത്. ഇത്തരം വിഭാഗങ്ങളില്‍പ്പെട്ടവര്‍ അല്ലാത്തവര്‍ പുറത്തിറങ്ങാന്‍ പ്രത്യേക അനുമതി വാങ്ങണം. കര്‍ശനമായ പരിശോധനയും നടക്കുന്നുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒരു വീട്ടില്‍നിന്ന് ഒരാള്‍ മാത്രമേ പുറത്തിറങ്ങാവൂയെന്നാണു നിര്‍ദേശം.
ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വീട്ടിലേക്കെത്തുന്നത് ആശങ്കയോടെയാണ്. മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കാനുള്ള സാഹചര്യമില്ലാത്തവരാണു ഭൂരിഭാഗവും. ഒറ്റമുറി വീടുകളില്‍ കഴിയുന്നവര്‍ എങ്ങോട്ടുമാറി നില്‍ക്കാനാണ്? അതുകാരണം ആത്മവിശ്വാസം കൈമുതലാക്കി പിന്നെയും ജോലിയ്ക്കു പോകുന്നു. കുടുംബം ഒപ്പമില്ലാത്തവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ മറ്റൊന്ന്.
കുടംബമൊത്തല്ലാതെ കൂട്ടമായി താമസിക്കുന്നവര്‍ സാമൂഹിക അകലം, ശുചിത്വം തുടങ്ങിയവ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതിനാല്‍ രോഗം വരുമോയെന്ന ആശങ്കയിലും മാനസിക സമ്മര്‍ദത്തിലുമാണ്. ഒരു മുറിയില്‍ തന്നെ എട്ടും പത്തും പേരാണു താമസിക്കുന്നത്. പലരും പലയിടത്തും ജോലി ചെയ്യുന്നവര്‍. നിലവില്‍ ജോലിയ്ക്കു പോകേണ്ടവരും ജോലിയില്ലാതെ ഇരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ദുബായില്‍ യാത്രാ നിയന്ത്രണം വന്നതോടെ ജോലിക്കു പോകുന്നവരോട് റൂമിലേയ്ക്കു വരേണ്ടെന്നു കൂടെയുള്ളവര്‍ക്കു പറയേണ്ടിവരുന്ന സാഹചര്യം.
ദുബായില്‍ അല്‍റാസ് ഏരിയ നേരത്തെ തന്നെ ലോക്ക് ഡൗണ്‍ ചെയ്തിരുന്നു. ജനസാന്ദ്രത ഏറിയ ഇവിടെ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു തീരുമാനം. തുടര്‍ന്ന് അത് ദുബൈ എമിറേറ്റിലേക്കു മുഴുവന്‍ വ്യാപിപ്പിക്കുകയായിരുന്നു. മറ്റ് എമിറേറ്റുകളില്‍ പകല്‍സമയങ്ങള്‍ ഏറെക്കുറെ സാധാരണ നിലയില്‍ തുടരുകയാണ്. എന്നാല്‍ രാത്രികള്‍ വിജനമാണ്.
ചില എമിറേറ്റുകളില്‍ വൈദ്യുതി, വെള്ളം അടക്കമുള്ള ഫീസുകളില്‍ ഇളവുകള്‍ നല്‍കിയത് ആശ്വാസം നല്കുന്നു. ഇതു മറ്റ് എമിറേറ്റുകളിലും ലഭ്യമാകുമെന്ന പ്രതീക്ഷ പുലര്‍ത്തുന്നു പ്രവാസികള്‍. കൂടുതല്‍ ഇളവുകള്‍ എല്ലാ മേഖകളിലും ലഭിക്കുമെന്നും ഈ കാലവും അതിവേഗം കടന്നുപോകുമെന്നും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണു പ്രവാസികള്‍. ജോലിയില്ലാതെ പട്ടിണിയായവര്ക്കു സഹായമെത്തിക്കാന്‍ ചില സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്തുണ്ട്.
‘പ്രവാസം കഠിനമാണ്, ഇതും അതിലൊരു അധ്യായം. നല്ല നാളേയ്ക്കായി കാത്തിരുന്നേ മതിയാകൂ’വെന്നു പറഞ്ഞ് നനഞ്ഞ കണ്ണുമായി നടന്നുനീങ്ങിയ വയോധികനായ തൊഴിലാളിയുണ്ട് മനസില്‍. ഭാവിയെന്താകുമെന്ന ചോദ്യത്തില്‍നിന്ന് മനസിലേക്കു ഭയം ഇരച്ചുകയറുമ്പോള്‍ പിടിച്ചുനില്ക്കാന് കരുത്തുനല്കുന്നത് ആ രൂപമാണ്, ജീവിതത്തിന്റെ സായന്തനത്തിലും സമ്പാദ്യങ്ങളൊന്നുമില്ലാതെ അധ്വാനിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ കണ്ണുകളിലെ ശുഭാപ്തി വിശ്വാസം കണ്ട് അമ്പരപ്പ് തോന്നിയെങ്കിലും. അതേസമയം, കോവിഡ് കാലം അവസാനിക്കുന്നതോടെ പ്രവാസത്തിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നതു തര്‍ക്കമില്ലാത്ത വസ്തുതയും.