ചൈനയ്ക്കുപിന്നാലെ ഇറ്റലിയിലും അതിശക്തമായ നാശം വിതച്ചുകൊണ്ടിരിക്കുകയാണു കോവിഡ്-19. ഇറ്റലിയില്‍ രോഗം പൊട്ടിപ്പുറപ്പെട്ടതോടെ, സമീപ രാജ്യങ്ങളും രോഗഭീഷണിയുടെ മുള്‍മുനയിലായി.യൂറോപ്യൻ യൂണിയനിൽ തന്നെ ഉള്ള ഒരു രാജ്യമാണ് ഇറ്റലി എന്നുള്ളതു കൊണ്ട്, വിവിധോദ്ദേശ്യങ്ങൾക്കായി, നിരവധിയാളുകൾ, അയർലണ്ടിൽ നിന്നും, ഇവിടേയ്ക്ക്, ദിനംപ്രതി യാത്ര ചെയ്യുന്നുണ്ട്. ഇതുകാരണം, രോഗബാധ അതിവേഗം പടരാന്‍ സാധ്യതയുള്ള കാര്യം അയര്‍ലന്‍ഡ് തിരിച്ചറിഞ്ഞു.

നിയന്ത്രണകാലത്തെ സാമൂഹ്യജീവിതം

മാര്‍ച്ച് 12നു വൈകുന്നേരം മുതല്‍ സ്‌കൂളുകളും കോളേജുകളും ശിശു സംരക്ഷണ സൗകര്യങ്ങളും അടച്ചു. കോളേജുകള്‍ പരീക്ഷകളുടെ കാര്യത്തിലെല്ലാം തീരുമാനങ്ങള്‍ തുടക്കത്തിലേ കൈക്കൊണ്ടു. നൂറോ അതില്‍ കൂടുതലോ ആളുകള്‍ പങ്കെടുക്കുന്ന ഇന്‍ഡോര്‍ സമ്മേളനങ്ങളും അഞ്ഞൂറിലധികം ആളുകളുടെ ഔട്ട് ഡോര്‍ ആയിട്ടുള്ള സമ്മേളനങ്ങളും റദ്ദാക്കണമെന്ന് തുടക്കം മുതലേ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. സര്‍ക്കാര്‍ നടത്തുന്ന എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളും അടച്ചു. എല്ലാ പബ്ബുകളും അടയ്ക്കാന്‍ നിര്‍ദേശം പുറപ്പെടുവിച്ചു. 2019ല്‍ പബ്ബുകളില്‍നിന്ന് ഒരു ബില്യണ്‍ യൂറോ വരുമാനം വരെ ലഭിച്ചുവെന്നിരിക്കെയാണ് ഈ നടപടി.

സാമൂഹിക സ്വാതന്ത്ര്യം പൊതുവെ വിലപ്പെട്ടതായി കണക്കാക്കുന്ന രാജ്യമാണ് അയര്‍ലന്‍ഡ്. അത്തരമൊരു രാജ്യത്ത് വീട്ടില്‍ പാര്‍ട്ടികള്‍ നടത്തരുതെന്നു ജനങ്ങളോട് ആവശ്യപ്പെടേണ്ട അവസ്ഥ സര്‍ക്കാരില്‍നിന്ന് ഉണ്ടായതില്‍നിന്നു മാത്രം മനസിലാക്കാം കോവിഡ് ബാധയെ എത്ര ഗുരുതരമായി കണക്കാക്കുന്നുവെന്നത്.

സര്‍ക്കാര്‍ നിര്‍ദേശം ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കിയെന്ന് മനസിലായത്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കണമെന്ന പ്രഖ്യാപനമുണ്ടായ ശേഷമുള്ള രണ്ടു മൂന്ന് ദിവസങ്ങളിലാണ്. രാജ്യം ലോക്ക് ഡൗണിലേയ്ക്ക് പോകുന്നുവെന്ന തരത്തിലുള്ള ചില വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചതും ഇതിന് ആക്കം കൂട്ടി. അവശ്യ സാധനങ്ങളും ഭക്ഷണസാധനങ്ങളും മുതല്‍ ടോയ്‌ലറ്ററീസ് വരെ കടകളില്‍നിന്ന് ആളുകള്‍ തൂത്തുവാരി. നിലവില്‍ മിക്കയിടത്തും കടകളില്‍ സാധാരണ രീതിയില്‍ സ്റ്റോക്കുണ്ട്.സാമൂഹ്യ അകലം പാലിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ തയാറാകയും കടയുടമകള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് സമൂഹമാധ്യമങ്ങളിലെയും പത്രങ്ങളിലെയും ഫോട്ടോകള്‍ വ്യക്തമാക്കന്നു.

പാരസെറ്റമോള്‍ പോലെയുള്ള അവശ്യ മരുന്നുകള്‍ വാങ്ങുന്നത് ഒരാള്‍ക്ക് ഒരു പാക്കറ്റ് എന്ന രീതിയില്‍ തുടക്കം മുതല്‍ നിജപ്പെടുത്തിയിരുന്നു. പല ഓഫീസുകളും ‘വര്‍ക്ക് ഫ്രം ഹോം’ ആണ്.  IKEA  പോലെയുള്ള വലിയ ഷോപ്പിങ് സെന്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. വീടുകളുടെ വാടക, മോര്‍ട്ടേജ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും തിരിച്ചടയ്ക്കാന്‍ സാവകാശം അനുവദിക്കുകയും ചെയ്യുന്നു. ജോലി നഷ്ടപ്പെട്ടവര്‍ക്കുള്ള ചില ആശ്വാസ നടപടികളും സര്‍ക്കാരില്‍നിന്നുണ്ടായി.

മാര്‍ച്ച് 17 നു നടക്കേണ്ടിയിരുന്ന സെ. പാട്രിക് പരേഡ്, റദ്ദാക്കിയതായി അതിനും കുറച്ചുദിവസം മുന്‍പ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്, രോഗസംക്രമണം തടയുക യെന്നതാണ് ആഘോഷങ്ങളേക്കാള്‍ പ്രധാനമെന്ന വസ്തുതയിലേയ്ക്ക് ജനങ്ങളുടെ ശ്രദ്ധയെത്തിക്കാന്‍ കാരണമായി. സെ.പാട്രിക്കിനെ അനുസ്മരിക്കുന്ന ഈ ദിവസം, അയര്‍ലണ്ടിലെ ആബാലവൃദ്ധം ജനങ്ങളും ആവേശത്തോടെ കാത്തിക്കുന്ന ഒന്നാണ്.

പൊതു ഗതാഗത സംവിധാനങ്ങള്‍

ലോകാരോഗ്യ സംഘടന കോവിഡ്-19 മഹാമാരിയായി പ്രഖ്യാപിച്ച അവസരത്തില്‍, മാര്‍ച്ച് 17 ന് യൂറോപ്യന്‍ യൂണിയനിലെ കുറഞ്ഞത് 26 അംഗ രാജ്യങ്ങളെങ്കിലും 30 ദിവസത്തേക്കു അടച്ചിടുന്നതായി പ്രഖ്യാപിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍, സ്ഥിരതാമസക്കാര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, ശാസ്ത്രജ്ഞര്‍ എന്നിവരെ യാത്രാവിലക്കുകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓരോ രാജ്യത്തിനും ഇതില്‍ അതിന്റേതായ ഭേദഗതി വരുത്തുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ബ്രിട്ടനുമായി പാസ്പോര്‍ട്ട് രഹിത കരാറുള്ളതു കാരണം അതിര്‍ത്തി അടയ്ക്കല്‍ പരിധിയില്‍ വരാത്ത യൂറോപ്യന്‍ യൂണിയനിലെ ഏക അംഗമാണ് അയര്‍ലന്‍ഡ്.

അയര്‍ലന്‍ഡിലേക്കുള്ള യാത്രകളില്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയം കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല. മറ്റേതെങ്കിലും രാജ്യത്തുനിന്ന് അയര്‍ലന്‍ഡിലേക്കു മടങ്ങുകയാണെങ്കില്‍ 14 ദിവസത്തെ ക്വാറന്റീന്‍ പാലിക്കാന്‍ വിദേശകാര്യ വാണിജ്യ വകുപ്പ് നിര്‍ദേശിക്കുന്നു.

അതേസമയം, രാജ്യത്തിന്റെ വാതിലുകള്‍ പുറം ലോകവുമായി കൊട്ടി അടക്കപ്പെട്ടാല്‍ ആന്തരികമായുണ്ടാകാവുന്ന പ്രകമ്പനങ്ങള്‍ അനവധിയാണ്. ഉദാഹരണമായി, വടക്കേ അയര്‍ലന്‍ഡ് റോഡ് മാര്‍ഗം അയര്‍ലന്‍ഡുമായി ബന്ധപ്പെട്ടു കിടക്കുന്ന ബ്രിട്ടന്റെ ഒരു ഭാഗം ആണ്. ബ്രെക്‌സിറ്റ് സംഭവിക്കുന്നതു വരെയും ഐറിഷ്-ബ്രിട്ടീഷ് പൗരന്മാര്‍ക്ക് (ചെറിയ ഭേദഗതികളോടെ) തുല്യമായ പരസ്പര അവകാശങ്ങള്‍ നല്‍കുകയും അയര്‍ലന്‍ണ്ട്, യുണൈറ്റഡ് കിങ്ഡം, ക്രൗണ്‍ ഡിപന്‍ഡന്‍സികള്‍ എന്നിവയ്ക്കിടയില്‍ പൊതു യാത്രാപ്രദേശം നിലനില്‍ക്കുകയും ചെയ്തിരുന്നു. അതില്‍ പൊതു യാത്രാ പ്രദേശം ബ്രെക്‌സിറ്റിനു ശേഷവും നിലനില്‍ക്കുന്നു.

മാര്‍ച്ച് 29 വരെ അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ഐറിഷ് ഒഴിവാക്കാന്‍ വിദേശകാര്യ വാണിജ്യ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ ഗ്രേറ്റ് ബ്രിട്ടനും ഉള്‍പ്പെടുന്നു. ക്രൂയിസ് കപ്പലിലൂടെയുള്ള എല്ലാ യാത്രകളും ഇതില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. പക്ഷേ വടക്കന്‍ അയര്‍ലണ്ടിന് ഇതു ബാധകമല്ല.

വടക്കന്‍ അയര്‍ലന്‍ഡുമായി യാത്രാ നിബന്ധനകള്‍ (കയറ്റുമതി, ഇറക്കുമതി ഉള്‍പ്പെടെ) എല്ലാ രീതിയിലും വന്നാല്‍ അയര്‍ലണ്ടിന്റെ  വാണിജ്യ ഇറക്കുമതിയും-കയറ്റുമതിയും സാരമായി  ബാധിക്കപ്പെട്ടേക്കാം. യുകെയുടെ എല്ലാ കയറ്റുമതി കണക്കുകളും എടുത്താല്‍ അതില്‍ 5.5 ശതമാനം അയര്‍ലന്‍ഡിലേക്കാണെന്നാണു ജനുവരി 14 നു ബ്രെക്‌സിറ്റിനു മുന്നോടിയായി യുകെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച യുകെ ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി രേഖകളില്‍ പറയുന്നത്.

അയര്‍ലന്‍ഡിലെ ബസ്-ട്രെയിന്‍ ക്രമീകരണങ്ങള്‍ പൊതുജനാരോഗ്യ വിദഗ്ധര്‍ മുന്നോട്ടുവച്ച ‘സാമൂഹിക അകലം പാലിക്കല്‍’ നിര്‍ദേശങ്ങളുമായി പൊരുത്തപ്പെട്ടിരുന്നില്ല. ബസില്‍ യാത്രക്കാര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടാകുവാനുള്ള സാദ്ധ്യതകള്‍ വളരെക്കൂടുതലായിരുന്നു. ശിപാര്‍ശകള്‍ക്ക് അനുസൃതമായി ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യാന്‍ അനുവദിച്ച സംഖ്യകളില്‍ വലിയ തോതില്‍ മാറ്റം വരുത്തണമെന്ന്, സ്‌കൂളുകളും കോളേജുകളും അടക്കാന്‍  പ്രധാനമന്ത്രി ലിയോ വരേദ്കര്‍ നിഷ്‌കര്‍ച്ചിച്ച ദിവസം തന്നെ ദേശീയ ബസ് ആന്‍ഡ് റെയില്‍ യൂണിയന്‍ (എന്‍ബിആര്‍യു) അഭിപ്രായപ്പെട്ടിരുന്നു.

ഡബിള്‍ ഡെക്കര്‍ ബസിലെ ശരാശരി യാത്രക്കാരുടെ എണ്ണം എഴുപത്തി അഞ്ചില്‍നിന്ന് സാമൂഹിക അകലം പാലിക്കല്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി നാല്‍പ്പത്തി അഞ്ചായി കുറയ്ക്കണമെന്നാണ് എന്‍ബിആര്‍യു ജനറല്‍ സെക്രട്ടറി ഡെര്‍മോട്ട് ഓ ലിയറി ആദ്യം മുന്നോട്ടുവച്ച നിര്‍ദേശം. എല്ലാ ബസ്, ട്രെയിന്‍ എന്‍ട്രി പോയിന്റുകളിലും ഹാന്‍ഡ് സാനിറ്റൈസര്‍ സ്ഥാപിക്കണമെന്നും യാത്രക്കാരുമായി ഇടപഴകുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈയുറകള്‍ വിതരണം ചെയ്യണമെന്നും എന്‍ബിആര്‍യു നിര്‍ദേശിച്ചു.

യാത്രാനിരക്ക് പണമായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സികളായ ഡബ്ലിന്‍ ബസ്, ബസ് ഐറാന്‍, ഐറിഷ് റെയില്‍ എന്നിവയ്ക്കു നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് എല്ലാ ഡ്രൈവര്‍മാര്‍ക്കും ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കുമെന്നും എല്ലാ വാഹനങ്ങളെയും ഉപഭോക്തൃ ടച്ച് പോയിന്റുകളെയും ടാര്‍ഗറ്റ് ചെയ്യുന്നതിനു മെച്ചപ്പെട്ട ക്ലീനിങ് സേവനം ഏര്‍പ്പെടുത്തുമെന്നും ബസ് ഐറാന്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ കെന്റ് വ്യക്തമാക്കി. ഡ്രൈവര്‍ ക്യാബിനും യാത്രക്കാര്‍ ഇടയ്ക്കിടെ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള ബസിനകത്തെ സ്ഥലങ്ങള്‍ക്കും പ്രത്യേക ഊന്നല്‍  നല്‍കി കാര്യക്ഷമമായി വൃത്തിയാക്കാന്‍ 100 അധിക കരാറുകാരെ ഡബ്ലിന്‍ ബസ് ഏര്‍പ്പെടുത്തി.

സാധ്യമായ ഇടങ്ങളില്‍ പണേതതര ചാനലുകള്‍ അല്ലെങ്കില്‍ ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ ഉപയോഗിക്കാന്‍ യാത്രക്കാരോട് ഐറിഷ് റെയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ജിം മീഡെ അഭ്യര്‍ഥിച്ചു. ഐറിഷ് സ്‌കൂള്‍ ഗതാഗത പദ്ധതി പ്രകാരമുള്ള സ്‌കൂളുകളിലേക്കുള്ള സേവനങ്ങള്‍ ബസ് ഐറാന്‍ 29 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ജനങ്ങളും പൊതു ഗതാഗത സേവനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിത്തുടങ്ങി. ദേശീയ ഗതാഗത അതോറിറ്റി (എന്‍ടിഎ) പറയുന്നത്, സബ്സിഡിയുള്ള പൊതുഗതാഗത സേവനങ്ങളിലെ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞുവെന്നാണ്. എന്‍ടിഎ തയാറാക്കിയ പ്രാഥമിക കണക്കുകള്‍ പ്രകാരം, പൊതുഗതാഗതത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 2019ലെ തുല്യ നിലവാരത്തിന്റെ 25 മുതല്‍ 30 ശതമാനം വരെ  കുറഞ്ഞു. ഇതേത്തുടര്‍ന്ന് പല ബസ് ഏജന്‍സികളും സര്‍വീസുകള്‍ താല്‍ക്കാലികമായോ ഭാഗികമായോ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഒരു പരിപൂര്‍ണ ‘ഷട്ട് ഡൗണ്‍’ ഉണ്ടായാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വിനോദസഞ്ചാരികളെയും വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ആയിരിക്കും. അയര്‍ലന്‍ഡില്‍ അകപ്പെട്ട കോവിഡ് രോഗബാധിതനായ വിനോദ സഞ്ചാരിക്ക് സെല്‍ഫ് ഐസൊലേഷന്‍ എന്നത് ഒരു ലോജിസ്റ്റിക് വെല്ലുവിളിയാണെന്ന് തെളിഞ്ഞേക്കാം. എന്നാല്‍ ടൂറിസ്റ്റുകളുടെ സെല്‍ഫ് ഐസൊലേഷന്‍നു വേണ്ട പ്രാഥമിക സഹായങ്ങള്‍ക്കു സര്‍ക്കാര്‍ ഹെല്‍പ്പ്‌ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ദേശിച്ച തീയതികളില്‍ സഞ്ചാരികള്‍ക്ക് അയര്‍ലന്‍ഡിന് വെളിയില്‍ പോകാന്‍ ആവില്ലെന്ന് നിലവിലെ സാഹചര്യങ്ങളില്‍ വ്യക്തമാണ്.

വിദ്യാഭ്യാസ രംഗം

കോവിഡ് ഭീതികള്‍ നിലനില്‍ക്കുമ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമെ ന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യത്തെ തീരുമാനം. പക്ഷേ ആരോഗ്യ വകുപ്പ് കൊടുത്ത ഡേറ്റ സിമുലേഷന്‍ പ്രകാരം മാര്‍ച്ച് 12 മുതല്‍ തീരുമാനം മാറ്റേണ്ടി വന്നു.

സ്‌കൂളുകളിലും സര്‍വകലാശാലകളിലും ക്ലാസുകള്‍ നടക്കില്ല. എന്നാല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ബിസിനസ് കണ്ടിന്യൂറ്റി പദ്ധതികള്‍ക്കും കണ്ടിജന്‍സി പ്ലാനിങ്ങുകള്‍ക്കും അനുസൃതമായി അധ്യാപനത്തിനും പഠനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിയും.

വിദ്യാഭ്യാസ വകുപ്പ് നടത്തിയ അടിയന്തര പത്രസമ്മേളനത്തില്‍ കോവിഡ്-19 ന്റെ വ്യാപനം ഒഴിവാക്കാന്‍ സഹായിക്കാന്‍ പ്രീ-സ്‌കൂള്‍ മുതല്‍ മൂന്നാം ലെവല്‍ വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളോടും സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശിച്ചു. സാമൂഹിക സമ്പര്‍ക്കം കുറയ്ക്കുക, കണ്ടുമുട്ടുന്നത് ഒഴിവാക്കുക, ശാരീരിക അകലം നിലനിര്‍ത്തുക എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഈ സമീപനം നിലനിര്‍ത്താന്‍ കുട്ടികളെ സഹായിക്കാന്‍ മാതാപിതാക്കളോടും രക്ഷിതാക്കളോടും വിദ്യാഭ്യാസ വകുപ്പ് അഭ്യര്‍ഥിക്കുകയുണ്ടായി.

ഷട്ട് ഡൗണ്‍ സാഹചര്യത്തിലെ അധ്യാപനത്തിലും പഠനത്തിലുമുള്ള ആഘാതം കുറയ്ക്കാന്‍ എല്ലാ സ്‌കൂളുകളും പാഠങ്ങള്‍ ആസൂത്രണം ചെയ്യുന്നത് തുടരാനും സാധ്യമാകുന്നിടത്ത് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ മെറ്റീരിയലുകളും ക്ലാസുകളും  നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും സ്‌കൂളുകളോട് നിഷ്‌കര്‍ഷിച്ചിരുന്നു.

19 മുതല്‍ ഏപ്രില്‍ മൂന്നു വരെ നടക്കാനിരുന്ന വാചാ-പ്രായോഗിക വിലയിരുത്തല്‍ പരീക്ഷകള്‍ റദ്ദാക്കുന്നതായി വിദ്യാഭ്യാസമന്ത്രി ജോ മക്ഹ്യു പ്രഖ്യാപിച്ചു. പരീക്ഷയുടെ ഈ ഭാഗത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കും. 2020 ല്‍ 126,000 കുട്ടികളാണു സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷ എഴുതേണ്ടിയിരുന്നത്. ഇതില്‍ ജൂനിയര്‍ സര്‍ടിഫിക്കറ് പരീക്ഷയില്‍ 65,190 കുട്ടികളും ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ 61,053 കുട്ടികളുമാണുള്ളത്.

വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍, എല്ലാ വിദ്യാര്‍ഥികളുടെയും ക്ഷേമത്തിനാണു മുന്‍ഗണനയെന്ന് 22നു നടത്തിയ പത്രമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിരുന്നു.

മാര്‍ച്ച് 20 നും മേയ് 20 നും ഇടയില്‍ കാലഹരണപ്പെടുന്ന ഇമിഗ്രേഷന്‍ അനുമതിയുള്ള എല്ലാവരും രണ്ട് മാസത്തേക്ക് സ്വപ്രേരിതമായി പുതുക്കുതന്നതായി ഐറിഷ് നീതി-സമത്വ വകുപ്പ് അടുത്തിടെ സ്ഥിരീകരിച്ചു. പുതുക്കല്‍ നിലവിലുള്ള അനുമതികളുടെ അതേ അടിസ്ഥാനത്തിലാണ്. അതേ നിബന്ധനകള്‍ തുടര്‍ന്നും ബാധകമാകും.

2013നും 2017നും ഇടയില്‍  അയര്‍ലന്‍ഡില്‍ പഠിക്കുന്ന അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു.  ഏതാണ്ട്  45 ശതമാനം വര്‍ധനയാണ് ഈ കാലത്ത് രേഖപെടുതിയത്. യൂറോപ്പിലെ അയര്‍ലന്‍ഡിന്റെ  സ്ഥാനം, മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ട്യൂഷന്‍ ഫീസ്, അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള എളുപ്പം എന്നിവ അയര്‍ലന്‍ഡിന് നേട്ടങ്ങള്‍ നല്‍കുന്ന ഘടകങ്ങളായി. ബ്രെക്‌സിറ്റ് ഉണ്ടാക്കിയ ആശങ്കകളും അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  വരുത്തിയ പല നടപടികളും അടുത്തിടെ വിദേശ വിദ്യാര്‍ഥിള്‍ക്ക് അയര്‍ലന്‍ഡിനോടുള്ള താല്‍പ്പര്യം വര്‍ധിക്കാന്‍ കാരണമായി. ഇമിഗ്രേഷന്‍ റജിസ്‌ട്രേഷനുള്ള കാലതാമസവും താമസസൗകര്യങ്ങളുടെ ലഭ്യതയും ഒരു പരിധി വരെ വിദേശ വിദ്യാര്‍ഥികള്‍ക്ക് അയര്‍ലന്‍ഡില്‍ വരുന്നതിനു വിലങ്ങു തടിയായിട്ടുണ്ടെന്നുള്ളതും വസ്തുതയാണ്.

അയര്‍ലന്‍ഡിലെ അന്തര്‍ദേശീയ വിദ്യാര്‍ഥികളില്‍  പകുതിയിലധികം നോണ്‍-ഇയു (യൂറോപ്യന്‍ പൗരത്വം ഇല്ലാത്ത) വിദ്യാര്‍ഥികളാണ്. ഐറിഷ്, യൂറോപ്യന്‍  രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുമായി  താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന ഫീസ് നല്‍കുന്നതുകൊണ്ട് സര്‍വകലാശാലകളുടെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളുടെയും (ഐ.ഒ.ടി) സാമ്പത്തിക ആരോഗ്യത്തിന്റെ നട്ടെല്ല് വിദേശ വിദ്യാര്‍ഥികളാണെന്ന് പറയാം. കോവിഡ് 19 ഉളവാക്കിയ ഇപ്പോളത്തെ സാഹചര്യം വിദേശ വിദ്യാര്‍ഥികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

ഐറിഷ് യൂണിവേഴ്‌സിറ്റി അസോസിയേഷന്‍ (ഐ.യു.എ) മാര്‍ച്ച് 11നു നടത്തിയ പ്രസ്താവന അനുസരിച്ച് സര്‍വകലാശാലകള്‍ സ്ഥിതിഗതികള്‍ വികസിക്കുന്നതിനനുസരിച്ച് വിശദമായ നടപടികള്‍ കൈക്കൊള്ളും എന്നാണു അറിയുന്നത്. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവിധ ഭാഷകളിലുള്ള സന്ദേശങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് ഇതിനു തുടക്കമിട്ടത്. ഈ നടപടികള്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കായിട്ടുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളുകയും വിവിധ ക്യാമ്പസുകളിലെ ഇരുപതിനായിത്തോളം വരുന്ന വിദേശ വിദ്യാര്‍ഥികളുടെ  കായിക, വിനോദ, സാംസ്‌കാരിക ആവശ്യങ്ങള്‍ മുടങ്ങാതിരിക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുമെന്നും അറിയിച്ചിരുന്നു. അതിനായി മുടങ്ങാതെ ഐയുഎ മാനേജുമെന്റുകളെ ബന്ധപ്പെട്ടുകൊണ്ടിരിക്കും.

കോവിഡ്-19 സംബന്ധിച്ച് രൂപം നല്‍കിയ മന്ത്രിസഭാ സമിതി ദേശീയ-കര്‍മപദ്ധതിക്ക് അംഗീകാരം നല്‍കി. ഈ കര്‍മപദ്ധതി പ്രകാരം മൂന്നാം ലെവല്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍ (യൂണിവേഴ്‌സിറ്റികള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍, കോളേജുകള്‍) അടച്ചാലുണ്ടാകുന്ന ആഘാതങ്ങള്‍ വിലയിരുത്താന്‍ തീരുമാനമായിരുന്നു. ഇതില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളും കോണ്‍ഫറന്‍സ്, വര്‍ക്ക് ഷോപ് മുതലായവ നിര്‍ത്തുന്നതുകൊണ്ട് വിദ്യാഭ്യാസമേഖലയ്ക്കുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്താനും തീരുമാനിച്ചു.

അയര്‍ലന്‍ഡിലെ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു വിദ്യാഭ്യാസ മേഖലയില്‍നിന്നാണെന്നതു യാദൃശ്ചികമാണ്. ഫെബ്രുവരി അവസാനത്തോടെ വൈറസിനെതിരായ പ്രവര്‍ത്തനങ്ങള്‍  നിയന്ത്രണഘട്ടത്തിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി മൂന്നു ദിവസത്തിന് ശേഷം, ഫെബ്രുവരി 29ന് ആണ് വടക്കന്‍ ഇറ്റലിയില്‍നിന്ന് രാജ്യത്തിന്റെ കിഴക്ക് ഭാഗത്തെത്തിയ വിദ്യാര്‍ഥിക്കു ആദ്യ കേസ് സ്ഥിരീകരിക്കുന്നത്. മുന്‍കരുതല്‍ നടപടിയായി ഗ്ലാസ്നെവിനിലെ ഒരു സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ രണ്ടാഴ്ചത്തേക്ക് അടച്ചു.

നിലവിലത്തെ കണക്കു പ്രകാരം, ഡബ്ലിനിലെ  ട്രിനിറ്റി കോളേജില്‍ മാത്രം പത്ത് വിദ്യാര്‍ഥികള്‍ക്കു കോവിഡ്-19 പോസിറ്റീവ് ഫലങ്ങള്‍ കാണിക്കയുണ്ടായി. അയര്‍ലണ്ടിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കും ഭാവി നടപടികള്‍ക്കും ഉണ്ടായേക്കാവുന്ന ഭേദഗതികള്‍ കാത്തിരുന്നു കാണേണ്ടി വരും.

രോഗവിവരക്കണക്കുകള്‍

രോഗം സ്ഥിരീകരിച്ച ഡബ്ലിനിലെ സ്‌കൂള്‍ വിദ്യാര്‍ഥി ഇറ്റലിയിലെ രോഗബാധിത പ്രദേശത്തുനിന്നു യാത്രകഴിഞ്ഞു വന്നതാണെന്ന വിവരത്തെത്തുടര്‍ന്ന് അതിവേഗം ക്വാറന്റൈന്‍, കോണ്‍ടാക്ട് ട്രേസിങ് നടപടികളിലേയ്ക്ക് നയിച്ചു. സ്‌കൂള്‍ പതിനാല് ദിവസത്തേയ്ക്ക് അടയ്ക്കുകയും കുട്ടിയെ ഡബ്ലിനിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സാമൂഹ്യവ്യാപനം ഉണ്ടാകാതെയിരിക്കാന്‍ യാത്രകളിലും മറ്റും ശ്രദ്ധിക്കണമെന്ന് ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പും നല്‍കി.

ആദ്യ കേസില്‍നിന്ന് ഒരു തരത്തിലും ബന്ധം പുലര്‍ത്താതിരുന്ന രണ്ടാമത്തെ കേസ് മാര്‍ച്ച് മൂന്നിനാണു സ്ഥിരീകരിച്ചത്. അതും ഇറ്റലിയില്‍നിന്ന് തിരിച്ചുവന്ന ഒരാളായിരുന്നു. ഇതോടെ, ഇറ്റലിയുടെ നാല് പ്രവിശ്യകളിലേയ്ക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് പൊതുജനങ്ങള്‍ക്കു സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നു പോകുന്ന ഒരു സ്ഥലമായിരിക്കണം  ഇറ്റലി. ഇറ്റലിയിലെ എയര്‍പോര്‍ട്ടുകളിലേയ്ക്ക് വിവിധ എയര്‍ലൈനുകള്‍, ദിനംപ്രതി നിരവധി തവണ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍നിന്നു പുറപ്പെടുകയും തിരിച്ചുവരികയും ചെയ്യുന്നുണ്ട്. അതായത് നിരവധി ആളുകള്‍ ഒരു ദിവസം തന്നെ വരികയും പോകുകയും ചെയ്യുന്നു. ഈയൊരന്തരീക്ഷം, തുടക്കം മുതലേ, കോവിഡ്-19 ബാധിതരായേക്കാവുന്ന ആളുകളുടെ എണ്ണം വളരെയധികം ആയിട്ടുണ്ടെന്ന ഒരവസ്ഥയിലേയ്ക്കാണ് അയര്‍ലന്‍ഡിനെ എത്തിച്ചതെന്നു വേണം കരുതാന്‍.

മാര്‍ച്ച് നാലിന് ഒരു കുടുംബത്തിലെ നാലുപേര്‍ ഒരുമിച്ച് പോസിറ്റീവ് ആയത് ആദ്യത്തെ ക്ലസ്റ്റര്‍ ആയി സ്ഥിരീകരിക്കപ്പെട്ടു. ഈയൊരവസരത്തില്‍, ഒരു വലിയ ഔട്ട് ബ്രേക്ക് അയര്‍ലന്‍ഡിലുണ്ടാകുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടി.
രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ തിരിച്ചറിയാനും രോഗലക്ഷണങ്ങളുള്ളവരെ ആവശ്യമെങ്കില്‍ ക്വാറന്റൈന്‍ ചെയ്യാനുള്ള നടപടികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എടുത്തു തുടങ്ങുമ്പോഴാണ് അഞ്ചിനു പോസിറ്റീവായ ഏഴ് കേസുകളില്‍, ഒന്ന് സാമൂഹ്യവ്യാപനമാണെന്ന് തിരിച്ചറിയുന്നത്. വളരെയധികം ആളുകള്‍ കോവിഡ്-19 ബാധിതരായിട്ടുണ്ടെന്നതിന്റെ സൂചനയായിരുന്നു അത്. രാജ്യത്തിന്റെ വിവിധ കൗണ്ടികളില്‍നിന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും വ്യാപനം ശക്തമായിട്ടുണ്ടെന്നു മനസിലാക്കാവുന്ന അവസ്ഥയിലെത്തി. തുടര്‍ന്ന് ആശുപത്രികള്‍ സന്ദര്‍ശകര്‍ക്കുള്ള നിയന്ത്രണങ്ങള്‍, ഭാഗികമായും പൂര്‍ണമായും നടപ്പിലാക്കാന്‍ തുടങ്ങി.

കൂടുതല്‍ കേസുകള്‍, റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ, 19 ലക്ഷം പേര്‍ കോറോണ വൈറസുമായി സമ്പര്‍ക്കത്തില്‍ വന്നതിന്റെ പരിണിത ഫലമായി രോഗികളായേക്കാമെന്നു എച്ച്എസ്ഇ (ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യുട്ടീവ്) മേധാവി അഭിപ്രായപ്പെട്ടു. ഇതു പറഞ്ഞ മാര്‍ച്ച് എട്ടിനു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 21 മാത്രം. മാര്‍ച്ച് 19 നു രോഗികളുടെ എണ്ണ 191 എന്ന നിലയിലെത്തി.

വിഷയത്തെ പല രാജ്യങ്ങളും അലംഭാവത്തോടെയാണു കാണുന്നതെന്നു പരാമര്‍ശിച്ചു കൊണ്ട്, ലോകാരോഗ്യ സംഘടന ഈ രോഗത്തെ ഒരു മഹാമാരിയായി പ്രഖ്യാപിച്ച മാര്‍ച്ച് 11 നാണ്, അയര്‍ലന്‍ഡിലെ ആദ്യ കോവിഡ് മരണം നടക്കുന്നത്. മറ്റ് അനുബന്ധ അസുഖങ്ങളുമായി ചികിത്സയിലായിരുന്ന ഒരു സ്ത്രീയാണു മരിച്ചത്.

സ്‌പെയിനില്‍ നില കൂടുതല്‍ വഷളായി തുടങ്ങിയതോടെ, അവിടേയ്ക്കുമുള്ള യാത്രാ നിയന്ത്രണങ്ങള്‍ ശക്തമാക്കി. മാര്‍ച്ച് 12 ന് രാജ്യത്തുള്ള എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചു. ആളുകള്‍ കൂടുന്ന നിരവധി പരിപാടികള്‍ റദ്ദ് ചെയ്യപ്പെട്ടു. ആരാധാലയങ്ങള്‍ക്കും നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും നല്‍കി. എച്ച്എസ്്ഇയെ സഹായിക്കാന്‍ പ്രതിരോധ സേനയുടെ 330 ട്രൂപ്പുകള്‍ സന്നദ്ധമായി. 325 കൂടുതല്‍ പോലീസ് അംഗങ്ങള്‍ സേനയിലേയ്ക്ക് ചേര്‍ക്കപ്പെട്ടു.

പബുകള്‍ താത്കാലികമായി അടച്ചു. കൊറോണ വൈറസ് കാരണം, ആളുകള്‍ക്കുണ്ടായേക്കാവുന്ന മാനസിക സംഘര്‍ഷങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍, വിവിധ സംവിധാനങ്ങളുണ്ടാകുമെന്നും പ്രസ്താവനയുണ്ടായി. സ്‌കൂള്‍ മീല്‍ പദ്ധതികള്‍ രണ്ടര ലക്ഷം കുട്ടികള്‍ക്ക് സഹായകരമാകും.

അതിനിടെ, കോവിഡ്-19 പ്രതിസന്ധി സാമ്പത്തിക മേഖലകളിലും ഓഹരി വിപണികളിലും ബാധിക്കുന്നുവെന്ന് വെളിവാകാന്‍ തുടങ്ങി. പല വിമാനക്കമ്പനികളും ഇറ്റലിയിലേക്കും തിരിച്ചുമുള്ള ഫ്‌ളൈറ്റുകള്‍ നിര്‍ത്തിവച്ചു. കോവിഡ്-19 പ്രതിസന്ധിയെ നേരിടാനായി മാര്‍ച്ച് ഒന്‍പതിനാണു മൂന്ന് കോടി യൂറോയുടെ പാക്കേജ് പ്രധാനമന്ത്രി ലിയോ വരാദ്കര്‍ പ്രഖ്യാപിക്കുന്നത്.

അധികാരികളും വാര്‍ത്താ മാധ്യമങ്ങളും

പ്രധാനമന്ത്രി നിരന്തരമായി ജനങ്ങളെ അഭിസംബോധന ചെയ്തു. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. വിവിധ മേഖലകളില്‍നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തോടൊപ്പം വാര്‍ത്താ സമ്മേളനങ്ങള്‍ നല്‍കി. ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധര്‍ ജനങ്ങളോട് ദിവസവുമെന്ന രീതിയില്‍ മാധ്യമങ്ങളിലൂടെ സമ്പര്‍ക്കം പുലര്‍ത്തുന്നു. ദേശീയ വാര്‍ത്താ ടെലിവിഷന്‍ ചാനലുകളും സോഷ്യല്‍ മീഡിയയും ഇത് ലൈവായി ജനങ്ങള്‍ക്ക് എത്തിക്കുന്നു.

നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും

എച്ച്എസ്ഇ പ്രത്യേകമായി ബുള്ളറ്റിനുകളിലൂടെ ജനങ്ങളുടെ സംശയങ്ങള്‍ക്കുള്ള നിവാരണം, നിര്‍ദേശങ്ങള്‍ തുടങ്ങിയവ നല്‍കുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന്റെ ഭാഗമായി ഇപ്പോള്‍ വില്‍ച്വല്‍ പത്രസമ്മേളനങ്ങളാണു എച്ച്എസ്ഇ നടത്തുന്നത്.്. ആരോഗ്യമേഖലയിലെ വിശദമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്, മിക്കപ്പോഴും മൂന്നു വരുന്ന വിദഗ്ദരാണ്.

ആരോഗ്യമേഖലയിലെ തയാറെടുപ്പുകളും മുന്‍ കരുതലുകളും

ഇപ്പോഴത്തെ ഏറ്റവും വലിയ പ്രവര്‍ത്തനങ്ങളിലൊന്ന് പോസിറ്റാവുന്ന കേസുകളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നവരെയും അടുത്ത നിരയിലുള്ളവരെയും കണ്ടെത്തുക, ആവശ്യമെങ്കില്‍ ടെസ്റ്റ് ചെയ്യുക, ഐസൊലേറ്റ് ചെയ്യുക എന്നതാണ്. പതിനായിരക്കണക്കിന് ആളുകളെ കണ്ടെത്തേണ്ടി വരുന്നതും ടെസ്റ്റ് ചെയ്യേണ്ടി വരുന്നതും  ദുഷ്‌കരമായ അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പതിനായിരത്തോളം ആളുകളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്റ്റ് ചെയ്തത്. ടെസ്റ്റ് കിറ്റുകളുടെ ലഭ്യത വരും ആഴ്ചകളില്‍ അമ്പതിനായിരത്തോളം ഉറപ്പുവരുത്തുന്ന ശ്രമങ്ങള്‍ നടത്തുന്നു എന്ന് അധികൃതര്‍ പറയുന്നു.

പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണു ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹുലഹാന്റെ അഭിപ്രായം. സാമൂഹ്യ അകലം പാലിക്കല്‍, കൈകള്‍ ശുചിയാക്കല്‍ പോലെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ വിജയിക്കുമോയെന്ന് വരും ആഴ്ചകളില്‍ അറിയാനാകും.ഹോസ്പിറ്റല്‍ ബെഡുകള്‍, ഐ.സി.യുകള്‍, വെന്റിലേറ്ററുകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ വ്യക്തിഗത സുരക്ഷയ്ക്കുള്ള ഉപകരണങ്ങള്‍ എന്നിവ സ്വരൂപിക്കാനുള്ള  പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്.

2243 കിടക്കള്‍ വിവിധ ആശുപത്രികളിലായി തയാറാണെന്നാണ് എച്ച്എസ്ഇ 22ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. അധിക ഉപയോഗത്തിനായി നൂറു കണക്കിന് വെന്റിലേറ്ററുകള്‍ ആവശ്യമാണ് അതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നു. നിലവില്‍ 170 ഓളം ഐസിയു ബെഡുകള്‍ ഒഴിഞ്ഞുകിടക്കുന്നു. വരും ആഴ്ചകളിലെ രോഗവ്യാപന സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ എണ്ണത്തിനു ശ്രമിക്കും.

അധിക ജോലിഭാരം കുറയ്ക്കാനായും ജീവനക്കാരുടെ കുറവ് പരിഹരിക്കാനുമായി ആരോഗ്യ വകുപ്പിന്റെ വിവിധ മേഖലകളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് കാംപെയിനുകള്‍ നടത്തുന്നു.അറുപതിനായിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
വിരമിച്ചവരും പാര്‍ട്ടം ടൈമുകാരും തിരിച്ചുവരുന്നത് വരാനിരിക്കുന്ന പ്രതിസന്ധിയെ നേരിടാന്‍ സഹായിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.

രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ വരും ആഴ്ചകളില്‍ വിപുലമായ നീക്കം നടത്തും. ഇതിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിനിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കും.  അയര്‍ലന്‍ഡില്‍ ഇപ്പോള്‍ 35 ടെസ്റ്റിങ് സെന്ററുകളാണുള്ളത്. ഇത് 41 ആക്കും. ദിവസേനെ രണ്ടായിരത്തോളം ആളുകളെയാണു കഴിഞ്ഞ ഒരാഴ്ച കൊണ്ട് ടെസ്റ്റ് ചെയ്തത് (മൊത്തം 15,000 ത്തോളം ആളുകളെ കമ്യൂണിറ്റിയില്‍ ടെസ്റ്റ് ചെയ്തു. ആശുപത്രികളിലെ ലാബുകള്‍ക്ക് പുറമെ ആണിത്. 4500 പേരെ അടുത്ത ആഴ്ച മുതല്‍ ഓരോ ദിവസവും ടെസ്റ്റ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനുള്ള കിറ്റുകള്‍ വലിയ തോതില്‍ ലഭ്യമാക്കും. നാല്‍പ്പതിനായിരത്തോളം ആളുകള്‍ ഇപ്പോഴും ടെസ്റ്റിന് വേണ്ടി കാത്തിരിക്കുന്നു. ടെസ്റ്റുകള്‍ നടത്താന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കേര്‍സിനു പ്രാമുഖ്യം നല്‍കുമെന്നു ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ആളുകളുടെ മാനസികാരോഗ്യത്തിനായി പുതിയ വെബ് സൈറ്റുകള്‍ ആരംഭിക്കുകയും വിളിക്കാനുള്ള നമ്പറുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍

രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സ്വയം സംരക്ഷിക്കാന്‍ ധരിക്കേണ്ട അവശ്യ ഉപകരണങ്ങളാണു പിപിഇ. ചൈനയില്‍ കൊറോണ ക്രമാതീതമായി പടര്‍ന്നു തുടങ്ങിയപ്പോള്‍ മുതല്‍ ആരോഗ്യമേഖലയിലുള്ളവരും അതില്‍നിന്ന് ഒഴിവാക്കപ്പെട്ടില്ല. കമ്യൂണിറ്റിയില്‍നിന്ന് മറ്റുള്ളവര്‍ക്ക് രോഗം കിട്ടിയതുപോലെയോ ആശുപത്രിയില്‍ നിന്നൊക്കെ ഒത്തിരി പ്രവര്‍ത്തകര്‍ രോഗബാധിതരായി. ഇറ്റലിയിലും യുകെയിലും അമേരിക്കയിലും അയര്‍ലന്‍ഡിലും രോഗബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം നല്ലൊരു ശതമാനത്തില്‍ എത്തിനില്‍ക്കുന്നു.

പിപിഇയുടെ ലഭ്യതക്കുറവ് തുടങ്ങിയ കാര്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നത്തിന്റെ ഗൗരവം, ബന്ധപ്പെട്ടവര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 220 മില്യണ്‍ യൂറോ ഇതിലേയ്ക്കായി നീക്കിവച്ചിരിക്കുന്നു. ചൈനയില്‍ നിന്നാണ് പ്രധാനമായും ഇവ വരുന്നത്.   മാര്‍ച്ച്‌ അവസാനം മുതല്‍ അഞ്ചു ബാഞ്ചുകളായി പിപിഇകള്‍ വിമാനത്തില്‍ കൊണ്ടുവരുമെന്നാണ് അധികൃതര്‍ പറഞ്ഞത്.

മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈയ്യടിച്ച് മാര്‍ച്ച്‌ 26നു രാത്രി എട്ടിനു രാജ്യം മുഴുവനും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡബ്ലിനിലെ പല ആശുപത്രികളിലും വിവിധ ടേക്ക് എവേകളും മറ്റ് ചില റസ്റ്ററന്റുകളും ഭക്ഷണമെത്തിച്ച് ആരോഗ്യ പ്രവര്‍ത്തകരോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ, ചില ഒറ്റപ്പെട്ട മോശം സംഭവങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

നഴ്‌സിങ് ഹോമുകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ ഇപ്പോഴത്തെ ആരോഗ്യനില, പ്രായം, ഇമ്യൂണിറ്റി എല്ലാം കണക്കിലെടുത്ത്, കോവിഡ് ബാധയുണ്ടായാല്‍ എങ്ങിനെ മുന്‍ഗണ നല്‍കണ നല്‍കണമെന്നു തീരുമാനിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നു കരുതുന്നു. ഇതേ പോലെ തന്നെ, സഞ്ചാരികള്‍, ഭവനരഹിതര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളെക്കുറിച്ചും കൊറോണ പ്രതിരോധ -ചികിത്സ പരിപാടികളില്‍ പ്രത്യേക ശ്രദ്ധയോടെ കാണുന്നുവെന്നും എച്ച്എസ്ഇ അഭിപ്രായപ്പെട്ടു.

രോഗബാധയുണ്ടെന്നു കണ്ടാല്‍ എത്രയും പെട്ടെന്ന് സെല്‍ഫ് ഐസൊലേഷനില്‍ പോകാനാണ് എച്ച്എസ്ഇ നിര്‍ദേശിക്കുന്നത്. കോവിഡ് പരിശോധനയ്ക്കായി അഭ്യര്‍ഥിക്കുക. ഹെല്‍പ്പ് ലൈനുകള്‍, ജിപി തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കുക. ഇപ്പോള്‍ വളരെയധികം ഫോണ്‍ വിളികള്‍ വരുന്നു എന്നും, അതിനോടെല്ലാം പരമാവധി പ്രതികരിക്കാന്‍ ശ്രമിക്കുന്നുവെന്നും എച്ച്എസ്ഇ വ്യക്തമാക്കി. ഇതില്‍ മൂന്നിലൊന്നു വിളികളും ടെസ്റ്റ് അഭ്യര്‍ഥനയ്ക്കും മൂന്നിലൊന്ന് പരിശോധനാ ഫലങ്ങള്‍ക്കുമായും ബാക്കി രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ടുമാണ്. ലക്ഷണങ്ങളെക്കുറിച്ചും മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചും അറിയാന്‍ വെബ് സൈറ്റുകള്‍ ഉപയോഗിക്കണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

ആശുപത്രിയിലേക്കു നേരിട്ട് വരാതിരിക്കാനുള്ള സാഹചര്യമാണുള്ളതെങ്കില്‍, ആ യാത്ര ഒഴിവാക്കാന്‍ ശ്രമിക്കുക. ഗുരുതര രോഗങ്ങളില്ലാത്തവര്‍ക്കുള്ള സേവനം അവിടെനിന്നു തന്നെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വരും ആഴ്ചകളില്‍ നാല്‍പ്പതോളം ക്ലിനിക്ക് അസസ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കും.  വീട്ടില്‍ ഐസൊലേഷന്‍ പറ്റാത്തവര്‍ക്കായി ഇന്റര്‍മീഡിയേറ്റ് കെയര്‍ ഫെസിലിറ്റികള്‍ ഉണ്ടാകും. അഞ്ച് സെന്ററുകളും 500 – 700 ബെഡ് കപ്പാസിറ്റിയുമാണു ലക്ഷ്യം.

അയര്‍ലന്‍ഡില്‍ വലിയൊരു ശതമാനം ആളുകള്‍ രോഗബാധിതരാകുമെന്നാണു കണക്കാക്കപ്പെടുന്നത്. കൂടുതല്‍ ആളുകള്‍ ഗൗരവതരമായ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുമെന്നും കണക്കാക്കുന്നു. ഈ സാഹചര്യത്തെ വലിയ സന്നാഹത്തോടെ നേരിടാനൊരുങ്ങുക എന്നത് മാത്രമാണ് ഇപ്പോള്‍ ചെയ്യാനാകുന്നത്. ഈ തയ്യാറെടുപ്പുകള്‍ എങ്ങനെ പ്രയോജനപ്രദമാകുമെന്നത്, അടുത്ത ദിവസങ്ങളില്‍ മാത്രമേ പറയാനാവൂ. ലോകാരോഗ്യ സംഘടന, യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയവയില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട് പിന്തുടരുന്നത്. പ്രധാനമന്ത്രിയാണ്, ആത്യന്തികമായി എല്ലാ പ്രവര്‍ത്തനങ്ങളുടെയും മേധാവി. സര്‍ക്കാരിന്റെ വിവിധ മേഖലകള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വലിയ പദ്ധതിയാണ് ആസൂത്രണം ചെയ്ത് വരുന്നത്.

 

  • എച്ച്എസ്ഇയുടെ പത്രസമ്മേളനങ്ങളില്‍നിന്നുള്ള വിവരങ്ങള്‍, അറിയിപ്പുകള്‍, ദേശീയ  റ്റിവീ ചാനലുകളിലെ വാര്‍ത്തകള്‍, ആര്‍ടിഇ ലൈവ്, മറ്റ് ചര്‍ച്ചകള്‍, ലോകാരോഗ്യസംഘടനയുടെ വെബ്‌സൈറ്റ് തുടങ്ങിയ സോഴ്‌സുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളാണു നല്‍കിയിരിക്കുന്നത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook