scorecardresearch
Latest News

നാടിന്റെ സുരക്ഷിതത്വത്തിലാണ് ഞാനിപ്പോള്‍; ഇത് മറ്റെവിടെ കിട്ടും?

രാധാകൃഷ്ണനെപ്പോലെ നൂറുകണക്കിനുപേരാണു വരുമാനം നിലച്ച്, എന്ന് നാടണയുമെന്ന ആശങ്കയുമായി ബഹ്റൈനില്‍ ജീവിക്കുന്നത്. ഇവര്‍ക്ക് വിവിധ മലയാളി സംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സ്‌നേഹത്തണലാണ് തുണയാകുന്നത്

radhakrishnan, ie malayalam

കോഴിക്കോട്: ഒരു ഭാഗത്ത് കോവിഡ്-19 രോഗികള്‍ വര്‍ധിക്കുന്നതിന്റെ സമ്മര്‍ദം. മറുഭാഗത്ത് ലോക്ക്ഡൗണ്‍ കാരണം മാസങ്ങളായി വരുമാനമില്ലാത്ത അവസ്ഥ. ഇതിനിടെ തുടര്‍ചികിത്സയ്ക്ക് എപ്പോള്‍ നാട്ടിലെത്താനാവുമെന്ന ഉത്തരം കിട്ടാത്ത ചോദ്യം. ഒടുവില്‍ അപ്രതീക്ഷിതമായൊരു ഫോണ്‍ വിളി രാധാകൃഷ്ണനെ തേടി ഇന്ത്യന്‍ എംബസിയില്‍നിന്ന് എത്തുകയായിരുന്നു. ‘ഒരു സീറ്റ് ഒഴിവുണ്ട്, രേഖകള്‍ തയാറാക്കാന്‍ അരമണിക്കൂറിനുള്ളില്‍ വരാമോ’എന്ന ആ ചോദ്യമാണ് അദ്ദേഹത്തെ ബഹ്റൈനില്‍നിന്ന് കേരളമെന്ന സുരക്ഷിത തീരത്ത് എത്തിച്ചത്.

”വിമാനത്തില്‍നിന്നു വൈറസ് പകരുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും വരുന്നതു നാട്ടിലേക്കാണല്ലോ എന്നതായിരുന്നു സമാധാനം. സ്വന്തം നാടിന്റെ സുരക്ഷിതത്വം മറ്റെവിടെയാണ് കിട്ടുക. മാത്രമല്ല, ഇവിടെ മികച്ച ചികിത്സയും പരിചരണവുമുണ്ടല്ലോ,” ബഹ്റൈനില്‍നിന്നുള്ള ആദ്യ പ്രത്യേക വിമാനത്തില്‍ 12നു പുലര്‍ച്ചെ കോഴിക്കോട്ടെത്തിയ നൃത്താധ്യാപകനായ നാഗത്ത് രാധാകൃഷ്ണന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

ആസ്തമരോഗിയായ രാധാകൃഷ്ണന്‍ തുടര്‍ചികിത്സാ ആവശ്യാര്‍ഥം നാട്ടിലെത്താന്‍, നോര്‍ക്ക റജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ എംബസിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആദ്യ യാത്രാസംഘത്തിന്റെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. യാത്രക്കാരിലൊരാള്‍ അവസാനനിമിഷം പിന്മാറിയതോടെയാണു രാധാകൃഷ്ണനെ തേടി എംബസിയില്‍നിന്നു വിളിയെത്തിയത്.

നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തുന്ന സന്തോഷം ഉള്ളിലുണ്ടായിരുന്നെങ്കിലും വിമാനത്തിലെ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ ശരീരഭാഷയില്‍ അതുണ്ടായിരുന്നില്ല. ”സാധാരണ ഗതിയില്‍ നാട്ടിലേക്കു വരുന്നവര്‍ വിമാനത്തിനുള്ളില്‍ പരസ്പരം സംസാരിക്കും. ചിലര്‍ ഹെഡ് സെറ്റ് ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ പാട്ടുകേള്‍ക്കുകയോ സിനിമ ആസ്വദിക്കുകയോ ചെയ്യും. ഇത്തവണ അതൊന്നുമുണ്ടായിരുന്നില്ല. പൂര്‍ണ നിശബ്ദതയായിരുന്നു,”ആശങ്കയുടെ കാലത്തെ വിമാനയാത്രാ അനുഭവം അദ്ദേഹം പങ്കുവച്ചു.

Read Also: കൊറോണക്കാലത്തെ ഇറ്റലി ജീവിതം

ബഹ്റൈനില്‍ ‘ഭരതശ്രീ’ എന്ന നൃത്ത വിദ്യാലയം നടത്തുകയാണു പേരാമ്പ്ര സ്വദേശിയായ രാധാകൃഷ്ണന്‍. ലോക്ക്ഡൗണ്‍ കാരണം മൂന്നു മാസമായി ക്ലാസ് നടത്താന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിനും സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. ഇനിയും കുറച്ചു മാസങ്ങള്‍കൂടി ക്ലാസ് നടത്താന്‍ കഴിയാത്തതിനാല്‍ വരുമാനമുണ്ടാകില്ല. എന്നാല്‍ ഫ്‌ളാറ്റിനു വാടക കൊടുക്കുകയും വേണം. തല്‍ക്കാലം വാടക കൊടുത്തില്ലെങ്കിലും 15 വര്‍ഷമായി താമസിക്കുന്ന ഫ്‌ളാറ്റില്‍നിന്ന് തന്നെ ഉടമ ഇറക്കിവിടില്ലെന്നും കുടിശികയ്ക്ക് അവധി ലഭിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലാണു രാധാകൃഷ്ണന്‍.

രാധാകൃഷ്ണനെപ്പോലെ നൂറുകണക്കിനുപേരാണു വരുമാനം നിലച്ച്, എന്ന് നാടണയുമെന്ന ആശങ്കയുമായി ബഹ്റൈനില്‍ ജീവിക്കുന്നത്. ഇവര്‍ക്ക് വിവിധ മലയാളി സംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സ്‌നേഹത്തണലാണ് തുണയാകുന്നത്. പ്രയാസം നേരിടുന്നവര്‍ക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന ഭക്ഷ്യകിറ്റുകള്‍ സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും എത്തിക്കുന്നു. തനിക്ക് വ്യത്യസ്ത സംഘടനകളില്‍നിന്നായി രണ്ടു കിറ്റ് ലഭിച്ചതായി രാധാകൃഷ്ണന്‍ പറഞ്ഞു.

ബഹ്‌റൈൻ എയർപോർട്ടിലെ ദൃശ്യം

” ജാതി-മത പരിഗണനകളില്ലാതെയാണു വിവിധ സാമൂഹ്യ, സന്നദ്ധ സംഘടനകള്‍ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നത്. കേരളസമാജവും സംസ്‌കൃതിയും കെഎംസിസിയുമൊക്കെ ഇക്കാര്യത്തില്‍ ഒരേപോലെ പ്രവര്‍ത്തിക്കുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷ്യക്കിറ്റില്‍ അരിയും ഗോതമ്പ് പൊടിയും പരിപ്പും ഉപ്പും മുതല്‍ അച്ചാര്‍ വരെയുണ്ട്. അതുപോലെ നോര്‍ക്ക വിവിധ ആളുകളുമായി സഹകരിച്ച് ലേബര്‍ ക്യാമ്പുകളില്‍ ഉള്‍പ്പെടെയുള്ള ആവശ്യക്കാര്‍ക്കു ഭക്ഷണം എത്തിക്കുന്നുമുണ്ട്,” രാധാകൃഷ്ണന്‍ പറഞ്ഞു.

നാട്ടിലേക്കു തിരിക്കുന്നവര്‍ക്കു വിമാനത്താവളത്തില്‍ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നത് സന്നദ്ധപ്രവര്‍ത്തകരാണ്. ലഗേജുകള്‍ എമിഗ്രേഷന്‍ കൗണ്ടര്‍ വരെ എത്തിക്കുന്നതിലും യാത്ര സംബന്ധിച്ച ഫോമുകള്‍ പൂരിപ്പിക്കുന്നതിലും വരെ സഹായം നീളുന്നു. നടക്കാന്‍ പറ്റാത്തവരെ വീല്‍ചെയറില്‍ വിമാനത്താവളത്തിനുള്ളിലേക്ക് അവര്‍ എത്തിച്ചു. യാത്രക്കാര്‍ക്കു മൂന്ന് മാസ്‌ക്, ഒരു ജോഡി ഗ്ലൗ, നോമ്പുതുറ കിറ്റ്, മറ്റൊരു സ്‌നാക്‌സ് കിറ്റ് എന്നിവയും സന്നദ്ധപ്രവര്‍ത്തകര്‍ ലഭ്യമാക്കി.

ബഹ്‌റൈൻ എയർപോർട്ടിലെ ദൃശ്യം

അതേസമയം, ഏറെ പ്രതീക്ഷയോടെ എത്തിയ കരിപ്പൂരില്‍ മോശം അനുഭവമാണു തങ്ങള്‍ക്കുണ്ടായതെന്നും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതുപോലെയാണ് വിമാനത്താവള ഉദ്യോഗസ്ഥരും പൊലീസും പെരുമാറിയതെന്നും രാധാകൃഷ്ണന്‍ പറയുന്നു. അദ്ദേഹം ഉള്‍പ്പെടെ 184 പേരാണു ചൊവ്വാഴ്ച പുലര്‍ച്ചെ 12.40നു കരിപ്പൂരിലെത്തിയത്.

”ബഹ്റൈനില്‍നിന്ന് കണ്ണൊഴികെ ശരീരഭാഗം മുഴുവന്‍ മറച്ച് കരുതലോടെയാണു ഞങ്ങള്‍ എത്തിയത്. എന്നാല്‍ ഷൂവും സോക്‌സും അഴിപ്പിച്ച് പരിശോധിച്ചു. രോഗം കൂടുതലുള്ള സ്ഥലത്തുനിന്ന് നാലര മണിക്കൂര്‍ വിമാനത്തില്‍ സഞ്ചരിച്ച് എത്തിയ ഞങ്ങളെ എത്രയും പെട്ടെന്നു ക്വാറന്റൈനിലാക്കി അണുവിമുക്തമാക്കുകയായിരുന്നു വേണ്ടത്. ഷൂവില്‍ തുപ്പല്‍ ആകാനുള്ള സാധ്യത കൂടുതലാണ്. ബാത്ത് റൂമില്‍ പോയപ്പോള്‍ ഇതേ ഷൂവാണ് ഉപയോഗിച്ചത്. ഇതാണു ഞങ്ങളെ കൊണ്ട് അഴിപ്പിച്ചത്. സോക്‌സ് അഴിപ്പിച്ചത് എന്തിനാണ്? ഞങ്ങള്‍ കള്ളക്കടത്തുകാരൊന്നുമല്ലല്ലോ? എല്ലാ പരിശോധനയും കഴിഞ്ഞ് പ്രത്യേക വിമാനത്തില്‍ വന്നവരല്ലേ? കൈകഴുകാന്‍ വെള്ളമോ സാനിറ്റൈസറോ ലഭിച്ചില്ല. ഇതുവഴി രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മൂന്നുമണിക്കൂറിനുശേഷം ക്വാറന്റൈന്‍ കേന്ദ്രത്തില്‍ എത്തിയശേഷമാണു സോപ്പ് ഉപയോഗിച്ച് കൈകഴുകാനായത്. ഇതൊക്കെ സര്‍ക്കാരിന്റെ പ്രതിരോധ നടപടികള്‍ക്കു വിരുദ്ധമാണ്. ചില ഉദ്യോഗസ്ഥരുടെ ഇത്തരം പെരുമാറ്റം മൂലം സര്‍ക്കാരാണു പഴി കേള്‍ക്കേണ്ടി വരുന്നത്,” രാധാകൃഷ്ണന്‍ പറഞ്ഞു.

ബഹ്റൈനില്‍നിന്ന് എത്തിയ ആദ്യ സംഘത്തില്‍ 24 ഗര്‍ഭിണികളും പത്തുവയസിനു താഴെയുള്ള 35 കുട്ടികളും 65 വയസിനു മുകളിലുള്ള ആറു പേരും ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നാലു പേരും അടിയന്തര ചികിത്സ ആവശ്യമുള്ള 18 പേരുമാണുണ്ടായിരുന്നത്. ഇവരെ വീട്ടുനിരീക്ഷണത്തില്‍ വിട്ടു. ശേഷിക്കുന്നവരില്‍ പ്രകടമായ രോഗലക്ഷണങ്ങളുള്ള നാലുപേര്‍ ഒഴികെയുള്ളവര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.

ഫറോക്കിലെ ഒരു എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തിന്റെ ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയുകയാണു രാധാകൃഷ്ണന്‍. സ്ഥാപനത്തിന്റെ മൂന്ന് ബഹുനില കെട്ടിടങ്ങളിലായി അദ്ദേഹം ഉള്‍പ്പെടെ 34 പേരാണു ക്വാറന്റൈനില്‍ കഴിയുന്നത്. ഓരോരുത്തരും പ്രത്യേകം മുറികളിലാണ്. പുലര്‍ച്ചെ നാലിനുശേഷമാണു രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ക്വാറന്റൈന്‍ കേന്ദ്രത്തില്‍ എത്താന്‍ കഴിഞ്ഞത്.

വിമാനത്താവളത്തിലെ ആരോഗ്യ പരിശോധന, എമിഗ്രേഷന്‍ നടപടി, ബോധവല്‍ക്കരണ ക്ലാസ് എന്നിവ പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു കൊണ്ടുപോകാന്‍ 20 പേരടങ്ങുന്ന സംഘമായാണു കെഎസ്ആര്‍ടിസി ബസില്‍ കയറ്റിയത്. രണ്ടാമത്തെ ബസില്‍ ആളുകള്‍ തികയാതെ യാത്ര പുറപ്പെടില്ലെന്ന് അധികൃതര്‍ നിലപാടെടുത്തതോടെ ആദ്യ ബസിലെ യാത്രക്കാര്‍ ഒന്നേ മുക്കാല്‍ മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു. കടുത്ത ചൂട് സഹിക്കാനാവാതെ പുറത്തിറങ്ങി ചോദ്യം ചെയ്തവരെ പൊലീസ് കേസെടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി രാധാകൃഷ്ണന്‍ ആരോപിച്ചു.

ചാത്തമംഗലത്തെ എന്‍ഐടിയാണു ക്വാറന്റൈന്‍ കേന്ദ്രമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ യാത്രക്കാരെ കൊണ്ടുപോയതു ഫറോക്കിലേക്കായിരുന്നു. ഇവിടെ എത്തുമ്പോള്‍ പല മുറികളും വൃത്തിയാക്കാത്ത നിലയിലായിരുന്നു. ഇവിടെയുള്ളവര്‍ക്കു ബന്ധപ്പെട്ടവരില്‍നിന്ന് യഥാസമയം അറിയിപ്പ് ലഭിക്കാത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും ഇതേച്ചൊല്ലി ശബ്ദമുയര്‍ത്തേണ്ടിവന്നതായും നിലവില്‍ അക്കാര്യങ്ങള്‍ പരിഹരിച്ചതായും രാധാകൃഷ്ണന്‍ പറഞ്ഞു.

വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ കഴിഞ്ഞ് രണ്ടുമണിയോടെയാണു യാത്രക്കാര്‍ക്കു ഭക്ഷണം ലഭിച്ചത്. ”നിലത്തുവച്ച പ്ലാസ്റ്റിക് പാത്രത്തില്‍നിന്ന്, അച്ചടിമഷിയുള്ള പത്രത്തില്‍ പൊതിഞ്ഞ ചപ്പാത്തിയും പ്ലാസ്റ്റിക് കവറില്‍ നിറച്ച കറിയും എടുക്കാന്‍ ഞങ്ങളോട് നിര്‍ദേശിക്കുകയായിരുന്നു. ഇതു കഴിക്കാനുള്ള സൗകര്യമോ കൈകഴുകാന്‍ വെള്ളമോ വിമാനത്താവളത്തില്‍ ലഭ്യമാക്കിയില്ല. ഞങ്ങള്‍ ഭക്ഷണപ്പൊതിയും കയ്യില്‍പിടിച്ച് ബസില്‍ ഒന്നേ മുക്കാല്‍ മണിക്കൂറോളം ഇരിക്കേണ്ടി വന്നു. റൂമില്‍ വെളുപ്പിനാണ് എത്തിയതെന്നതിനാല്‍ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല. നോമ്പുള്ളവര്‍ക്ക് ഇതു കൂടുതല്‍ പ്രയാസകരമായി,” അദ്ദേഹം പറഞ്ഞു.

”ആസൂത്രണത്തിലും ഏകോപനത്തിലും ആദ്യ ഘട്ടത്തില്‍ പിഴവുണ്ടായെങ്കിലും അവ പരിഹരിച്ചു. വോളന്റിയര്‍മാരുടെ പെരുമാറ്റവും പരിചരണവും മികച്ചതാണ്. നല്ല ഭക്ഷണവും ലഭിക്കുന്നുണ്ട്. കലക്ടറേറ്റില്‍നിന്ന് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ആസൂത്രണത്തിലെയും ഏകോപനത്തിലെയും പ്രശ്‌നങ്ങളും ചൊവ്വാഴ്ച രാവിലെ ഉള്‍പ്പെടെ ഭക്ഷണം വൈകിയ കാര്യവും ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. ബുധനാഴ്ച മുതല്‍ നേരത്തെ ഭക്ഷണം ലഭിച്ചു,” രാധാകൃഷ്ണന്‍ പറഞ്ഞു. കമ്യൂണിറ്റി കിച്ചണില്‍നിന്നാണു ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കു ഭക്ഷണം സൗജന്യമായി ലഭ്യമാക്കുന്നത്.

ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്നു ചിലര്‍ ഹോട്ടലിലേക്കു താമസം മാറിയിട്ടുണ്ട്. സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനത്തിലോ ഹോട്ടലിലോ ക്വാറന്റൈനില്‍ പോകാമെന്നാണു വിമാനത്താവളത്തില്‍നിന്ന് അധികൃതര്‍ പറഞ്ഞിരുന്നത്. ഹോട്ടല്‍ മുറി തിരഞ്ഞെടുത്താല്‍ വാടകയും ഭക്ഷണച്ചെലവും സ്വയം വഹിക്കണം. എസി മുറിക്ക് 1000 രൂപയും നോണ്‍ എസിക്ക് 500 രൂപയുമാണു ദിവസ വാടകയെന്നാണു വിമാനത്താവളത്തില്‍നിന്നു പറഞ്ഞിരുന്നത്. ഇതിനു പലരും ഒരുക്കമായിരുന്നുവെന്നും എന്നാല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയശേഷം ഹോട്ടല്‍ താജിലെ 3500 രൂപ വാടകയുള്ള മുറിയാണു തിരഞ്ഞെടുക്കാന്‍ കഴിയുകയെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. വിമാനത്താവളത്തില്‍നിന്നു പറഞ്ഞ കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അത്തരമൊരു വിവരം തങ്ങള്‍ക്കു കിട്ടിയിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാധാകൃഷ്ണൻ ക്വാറന്റൈന്‍ കേന്ദ്രത്തിൽ

ബഹ്‌റൈനില്‍ രോഗം പടരുകയും സാമ്പത്തിക സ്ഥിതി മോശമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്കെത്താനാണു സാധ്യതയെന്നു രാധാകൃഷ്ണന്‍ പറയുന്നു. ” രണ്ട്, മൂന്ന് മാസമായി മിക്കവരും പുറത്തിറങ്ങുന്നില്ല. ജോലി ഉള്‍പ്പെടെയുള്ള അത്യാവശ്യകാര്യങ്ങള്‍ക്കാണു പുറത്തുപോകുന്നത്. സാമൂഹ്യ അകലം പാലിക്കേണ്ടതിനാല്‍ 30-40 ശതമാനം ജീവനക്കാരെ മാത്രമേ ജോലിസ്ഥലങ്ങളില്‍ അനുവദിക്കുന്നുള്ളൂ. ഇതുകാരണം 15 ദിവസം മാത്രമേ ഒരാള്‍ക്കു പണിയുള്ളൂ. പഠനം ഓണ്‍ലൈന്‍ മുഖേനയാക്കിയതിനാല്‍ അധ്യാപകരുടെ തൊഴില്‍ സുരക്ഷയെയും ബാധിച്ചു. ഇതോടെ വരുമാനം കാര്യമായി കുറഞ്ഞു. അതേസമയം, നിർമ്മാണമേഖലയില്‍ പ്രവൃത്തികള്‍ നടക്കുന്നുണ്ട്,” രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

തൊഴില്‍ നഷ്ടപ്പെട്ടവരും ബിസിനസ് തകര്‍ന്നവരും വിസ കാലാവധി കഴിഞ്ഞവരും ഗര്‍ഭിണികളും കാര്യമായ അസുഖമുള്ളവരുമാണു തിരിച്ചുവരുന്നവരില്‍ ഭൂരിഭാഗവും. അരക്ഷിതാവസ്ഥയിലുള്ള ഈ ഓരോ വിഭാഗത്തെയും നാട്ടിലെത്തിക്കാനാണ് എംബസി മുന്‍ഗണ നല്‍കുന്നതെന്നും ഇവരില്‍ 20 ശതമാനത്തോളം മാത്രമേ തിരിച്ചുപോകാന്‍ സാധ്യതയുള്ളൂവെന്നും രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.

നാട്ടിലെത്തിക്കാന്‍ മുന്‍ഗണന നല്‍കേണ്ട ഒരുപാട് പേര്‍ ബഹ്‌റൈനിലുണ്ടെന്നു രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. ”വിസ കാലാധി കഴിഞ്ഞ, വിമാന ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ശേഷിയല്ലാത്ത ഒരുപാട് പേരുണ്ട്. അതുപോലെ ലേബര്‍ ക്യാമ്പുകളിലുള്ളവരെയും താമസിക്കുന്ന സ്ഥലത്തിനു വാടക കൊടുക്കാന്‍ കഴിയാത്തവരെയും. അവരെ പരിഗണിക്കണം. എംബസിയുടെ ജീവകാരുണ്യ ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ചോ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയോ ഇതു സാധ്യമാക്കാവുന്നതേയുള്ളൂ,” രാധാകൃഷ്ണന്‍ പറഞ്ഞു.

കുടുംബമായി താമസിക്കുന്നവരും ജോലിസുരക്ഷയുള്ളവരും ഇപ്പോള്‍ നാട്ടിലേക്കു വരാന്‍ സാധ്യതയില്ലെന്നും അവര്‍ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കുമെന്നും രാധാകൃഷ്ണന്‍ പറയുന്നു. പൊതു സമ്പര്‍ക്കം പരമാവധി ഒഴിവാക്കി ജീവിക്കാനായിരിക്കും ഇവര്‍ ശ്രമിക്കുക. ഓഗസ്റ്റ് വരെ സ്ത്രീകള്‍ക്കു വീട്ടില്‍നിന്നു ജോലി ചെയ്യാനുള്ള അനുമതിയുണ്ടെന്നത് കുടുംബമായി കഴിയുന്നവര്‍ക്കു ഗുണകരമാണ്. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയാണു പഠിക്കുന്നത്. രണ്ടു മാസം കഴിഞ്ഞാല്‍ വേനലവധിയാവും. ആ സമയത്തും കുടുംബങ്ങള്‍ നാട്ടില്‍ വരാനുള്ള സാധ്യത കുറവാണ്. വൈദ്യുത നിരക്ക് മൂന്നു മാസത്തേക്ക് ഒഴിവാക്കിക്കൊടുത്തത് അനുഗ്രഹമാണ്. ഇതു മൂന്നുമാസത്തേക്കു കൂടി നീട്ടാന്‍ സാധ്യതയുണ്ട്,” രാധാകൃഷ്ണന്‍ പറഞ്ഞു.

ഒക്ടോബറോടെ തിരിച്ചുപോകാനാണു രാധാകൃഷ്ണന്റെ ആഗ്രഹം. നേരത്തെ കുടുംബസമേതമാണ് അദ്ദേഹം ബഹ്‌റൈനില്‍ കഴിഞ്ഞിരുന്നത്. ഒരു വര്‍ഷം മുന്‍പ് കോഴിക്കോട് നഗരത്തിനു സമീപം വേങ്ങേരിയില്‍ വീട് നിർമ്മിച്ചതോടെ കുടുംബം ഇങ്ങോട്ടുപോരുകയായിരുന്നു. ബഹ്‌റൈനില്‍നിന്നു കൊണ്ടുവന്ന പുസ്തകങ്ങളും മൊബൈല്‍ ഫോണുമാണു രാധാകൃഷ്ണന്റെ ക്വാറന്റൈന്‍ വിരസതയകറ്റുന്നത്.

Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App.

Web Title: Coronavirus expat indian bahrain evacuation flight quarantine experience

Best of Express