Latest News

കൊറോണ കവർന്ന ചിരികൾ

“അള്ളോ, ഒന്നും പറയണ്ട. ആ മരടിലെ ഫ്ലാറ്റ് പൊളിച്ചപ്പോൾ തന്നെ നല്ല അടിയാണ് കിട്ടിയത്. പിന്നെ റോഡ് പണി നടക്കുമ്പോഴും ആള് കുറഞ്ഞിരുന്നു. ഇപ്പോൾ കൊറോണ കൂടി വന്നപ്പോൾ എല്ലാം തികഞ്ഞു,” ഉടമയായ മുനാസ് നിരാശയോടെ പറഞ്ഞു.

corona, കൊറോണ, corona virus, കൊറോണ വൈറസ്, covide 19, corona effect, iemalayalam, ഐഇ മലയാളം

തിരക്കു പിടിച്ച നഗരത്തിന്റെ ഒഴിഞ്ഞ നിരത്തുകൾ അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചയാണ്. മനുഷ്യരെക്കാളധികം വണ്ടികളുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു നഗരത്തിന്റെ റോഡുകളിൽ ട്രാഫിക് ബ്ലോക്ക് ഇല്ലാതാകുന്ന കാഴ്ച അത്ഭുതപ്പെടുത്തുന്നതാണ്.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തുന്ന ആളുകൾ കയറിയിറങ്ങിക്കൊണ്ടിരുന്ന കൊച്ചിയിലെ ഷോപ്പിങ് മാളുകളിൽ, പ്രളയകാലത്തെയെന്ന പോലെ തിരക്ക് തീരേയില്ല. വഴിയോരത്തെ പതിവ് ലോട്ടറി വിൽപ്പനക്കാരെ കാണുന്നില്ല. രാത്രിയിലും ഉണർന്നിരിക്കുന്ന നഗരത്തിന് പതിവ് ഊർജമില്ല. എല്ലാം മാറിയിരിക്കുന്നു. ഏതാനും ദിവസങ്ങളായി വല്ലാത്തൊരു അപരിചിതത്വമാണ് കൊച്ചി നഗരത്തോട്.  കൃത്യമായി പറഞ്ഞാൽ ‘കേരളത്തിൽ വീണ്ടും കൊറോണ’ എന്ന വാർത്ത വന്നതിന് ശേഷം. കാഴ്ചകൾ മാറുമ്പോൾ ജീവിതം തന്നെ മാറിയെന്ന തോന്നലാണ്.

രാവിലെ ഒമ്പതിന് ഓഫീസിലെത്താൻ 8.30ന്റെ ബസിനാണ് കയറുന്നത്. തൈക്കൂടം  സ്റ്റോപ്പിൽനിന്ന് ബസ് കയറുന്ന യാത്രക്കാരെ സംബന്ധിച്ച് ആ സമയത്ത് ഇരിക്കാൻ സീറ്റ് കിട്ടുക എന്നത് ഒരു സ്വപ്നം മാത്രമാണ്. മണ്ണിട്ടാൽ താഴെ വീഴാത്ത അത്ര തിരക്ക്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പതിവിന് വിപരീതമായി ബസിൽ തിരക്കില്ല, ഇരിക്കാൻ സീറ്റും കിട്ടും. കാരണം മറ്റൊന്നുമല്ല, കൊറോണ തന്നെ.

ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന സർക്കാർ നിർദേശം പുറത്തുവന്നതോടെ ആളുകൾ ഭയന്ന് യാത്ര കുറച്ചെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.

“കേരളത്തിൽ കൊറോണ വൈറസ് വീണ്ടും വന്നു എന്നറിഞ്ഞതോടെ ബസിൽ യാത്രക്കാരുടെ എണ്ണം നന്നായി കുറഞ്ഞിട്ടുണ്ട്. രാവിലെ ഏഴു  മുതൽ പത്ത് മണി വരെയെങ്കിലും സാധാരണ നല്ല തിരക്കുണ്ടാകുന്നതാണ്. പിന്നെ വൈകുന്നേരം മൂന്ന് മണി മുതൽ  7.30-എട്ട് വരെ. ഇപ്പോൾ ഒട്ടും തിരക്കില്ലാത്ത അവസ്ഥയാണ്. കൊറോണ മാത്രമല്ല, എസ്എസ്എൽസി പരീക്ഷ നടക്കുന്നതും ചിലപ്പോൾ കാരണമാകും. കുട്ടികൾ കയറുന്നില്ലല്ലോ. എല്ലാ ബസിലെയും അവസ്ഥ ഇതു തന്നെ,” രാവിലെ ഇരിക്കാൻ സീറ്റ് കിട്ടി കണ്ടക്ടറോട്  കുശലം ചോദിച്ചപ്പോൾ കിട്ടിയ മറുപടി.

ഓഫീസിലേക്ക് നടന്നുവരുന്ന വഴിയിലും ആൾത്തിരക്കില്ല. വളഞ്ഞമ്പലം ക്ഷേത്രത്തിനടുത്തൊന്നും സാധാരണ കാണുന്ന തിരക്കില്ല. എന്നാൽ ചുരുക്കം ചിലരെ മാത്രമേ മാസ്ക് ധരിച്ചു കാണുന്നുള്ളൂ. പലരും തൂവാലകൊണ്ട് മൂക്കും വായും മറച്ചിരിക്കുന്നു.

വൈകുന്നേരം പച്ചക്കറിയും മറ്റും വാങ്ങാനുള്ളതുകൊണ്ട് ബസിന് പകരം ഊബർ വിളിച്ചാണ് പോയത്. സാധാരണ 100നും 150നും ഇടയിലാണ് ചാർജ്. ഇക്കുറി 200 രൂപ.

കൊറോണ ഭീതി ഊബറിനെയും ബാധിച്ചിട്ടുണ്ടോയെന്നു സംശയത്തിൽ കൗതുകത്തിൽ ചോദിച്ചു: “കൊറോണ വന്നപ്പോൾ ട്രിപ്പൊക്കെ കുറഞ്ഞിട്ടുണ്ടോ?”

“ഉണ്ടോ എന്നോ! ട്രിപ്പൊക്കെ നന്നായി കുറഞ്ഞിട്ടുണ്ട്. സാധാരണ ഞാൻ ഒരു ദിവസം 15 മുതൽ 20 വരെ ട്രിപ്പാണ് ഓടാറുള്ളത്. ഇപ്പോൾ പത്തിൽ താഴെ ട്രിപ്പുകളേ കിട്ടുന്നുള്ളൂ. ആരും ബുക്ക് ചെയ്യുന്നില്ല,” ഊബർ ഡ്രൈവർ അസ്ലം പറഞ്ഞു. ടവലുപയോഗിച്ച് മൂക്കും വായും മൂടിയാണ് അസ്ലം വണ്ടിയോടിക്കുന്നത്. ഇതു സംബന്ധിച്ച് തങ്ങൾക്ക് കമ്പനിയിൽ ന്നു നിർദേശങ്ങളുണ്ടെന്നും സ്ഥിരമായി മെസേജ് വരുന്നുണ്ടെന്നും അസ്ലം പറഞ്ഞു.

കൊറോണ, ഐഇ മലയാളം

നേരെ പോയത് മരടിലെ അജ്‌വ ഫ്രെഷ് മാർട്ടിലേക്കാണ്. സ്ഥിരമായി പച്ചക്കറിയും ഫ്രൂട്ട്സും പലചരക്ക് സാധനങ്ങളും വാങ്ങുന്നത് ഇവിടെനിന്നാണ്. മിഡിൽ ക്ലാസിലുള്ള ആളുകളാണ് ആ ഭാഗത്ത് കൂടുതലും താമസിക്കുന്നത്. മിക്കവരും അവശ്യ സാധനങ്ങൾ വാങ്ങുന്നതും ഇവിടെ നിന്നു തന്നെ.

സൂപ്പർമാർക്കറ്റിൽ കയറിയപ്പോൾ ക്യാഷ് കൗണ്ടറിലിരിക്കുന്ന ജീവനക്കാരനായ ലിജോ മാസ്ക് ധരിച്ചിട്ടുണ്ട്. ഷെൽഫുകളിൽ സാധനങ്ങൾ നന്നേ കുറവ്. പ്രത്യേകിച്ച് നൂഡിൽസും ബിസ്കറ്റും അരിയുമെല്ലാം. ആളുകൾ ബൾക്കായി സാധനങ്ങൾ വാങ്ങുന്നുണ്ടെന്നാണ് ലിജോ പറയുന്നത്.

കൊറോണ, ഐഇ മലയാളം

തൊട്ടപ്പുറത്തുള്ള ഫിഷ് സ്റ്റാളിലും വാങ്ങാൻ ആളില്ല. സാധാരണ ആളുകൾ വന്ന് ക്യൂ നിൽക്കുന്ന ഇടമാണ്. മീനിനു പുറമേ ചിക്കനും വിൽക്കുന്നുണ്ട് ഇവിടെ. പക്ഷിപ്പനി കൂടി വന്നതുകൊണ്ട് ചിക്കൻ വിൽപ്പനയും ഇടിഞ്ഞിട്ടുണ്ട്.

എന്നാൽ പച്ചക്കറികളും പഴങ്ങളും വിൽക്കുന്നിടത്ത് പതിവുപോലെ ആളുണ്ട്.

“ആളുകളൊക്കെ പച്ചക്കറിയിലേക്കു മാറിയോ? കച്ചവടമൊക്കെ എങ്ങനുണ്ട്” ഞാൻ ചോദിച്ചു.

“അള്ളോ, ഒന്നും പറയണ്ട. ആ മരടിലെ ഫ്ലാറ്റ് പൊളിച്ചപ്പോൾ തന്നെ നല്ല അടിയാണ് കിട്ടിയത്. പിന്നെ റോഡ് പണി നടക്കുമ്പോഴും ആള് കുറഞ്ഞിരുന്നു. ഇപ്പോൾ കൊറോണ കൂടി വന്നപ്പോൾ എല്ലാം തികഞ്ഞു,” ഉടമയായ മുനാസ് നിരാശയോടെ പറഞ്ഞു.

“പക്ഷേ, പതിവുപോലെ ആളുണ്ടല്ലോ…”ഞാൻ ചോദിച്ചു.

“ഇപ്പോൾ ഒന്ന് ശരിയായി വരുന്നുണ്ട്. ആദ്യത്തെ കുറച്ചുദിവസം തീരെ മോശമായിരുന്നു കച്ചവടം. ഇപ്പോൾ ആളുകൾ വന്ന് കുറേ സാധനങ്ങൾ ഒന്നിച്ച് വാങ്ങുന്നുണ്ട്,” മുനാസ് പറഞ്ഞു

കൊറോണ, ഐഇ മലയാളം

രാത്രി എട്ടോടെ ഒരു ഓട്ടോയിൽ കയറി വൈറ്റില ഹബ്ബിന് പുറകു വശത്തുള്ള അറേബ്യൻ ഫുഡ് കോർട്ടിൽ എത്തി. സാധാരണ പാർക്ക് ചെയ്ത വാഹനങ്ങൾക്കിടയിലൂടെയാണ് അകത്തേയ്ക്കു കയറാറുള്ളത്. എന്നാൽ ഒരൊറ്റ വാഹനം പോലും ഹോട്ടലിന് മുന്നിൽ ഇല്ലായിരുന്നു. ജീവനക്കാരെല്ലാം വർത്തമാനം പറഞ്ഞ് പുറത്തുനിൽക്കുന്നു. ചപ്പാത്തി കഴിച്ചു കൊണ്ടിരിക്കെ രണ്ടു പേർ കൂടി വന്നു. അവിടെനിന്ന് ഞാൻ ഇറങ്ങുന്നതു വരെ മറ്റാരും അങ്ങോട്ട് വരുന്നതായി കണ്ടില്ല. കച്ചവടം കുറവാണെന്ന് തന്നെയായിരുന്നു ഹോട്ടൽ ജീവനക്കാർക്കും പറയാനുണ്ടായിരുന്നത്.

“കൊറോണ ഭീതി ഏറ്റവും കൂടുതൽ ബാധിച്ചത് ഞങ്ങൾ ഹോട്ടലുകാരെ ആണെന്ന് തോന്നുന്നു. കുറേ ദിവസമായി ഇപ്പോൾ ഇതാണ് അവസ്ഥ. ആരും വരുന്നില്ല. അതുകൊണ്ട് മെനുവിലുള്ള മിക്കതും ഞങ്ങൾ വെട്ടിക്കുറച്ചു. വെറുതെ ഭക്ഷണം പാഴാക്കിക്കളയണ്ടല്ലോ. 40 ശതമാനമായാണ് കച്ചവടം കുറഞ്ഞത്. ആദ്യത്തെ തവണ ഇത്രേം പ്രശ്നമില്ലായിരുന്നു. പിന്നേം കൊറോണ വന്നപ്പോൾ ശരിക്കും പണികിട്ടി,” ഉടമകളിൽ ഒരാളായ ത്വൽഹത് പറഞ്ഞു. കച്ചവടം കുറഞ്ഞതിലെ നിരാശ അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമാണ്.

കഴിഞ്ഞ രണ്ടരവർഷത്തിലധികമായുള്ള കൊച്ചി ജീവിതത്തിൽ പരിചിതരായ മുഖങ്ങളാണ് ഇവരുടേതെല്ലാം. മിക്ക ദിവസങ്ങളിലും കാണുന്നവർ. ഓരോ തവണ കാണുമ്പോഴും ചിരിച്ചുകൊണ്ട് പരിചയം പുതുക്കുന്നവർ. കുറച്ചധികം ദിവസം ചെല്ലാതിരുന്നാൽ ‘ഹാ, എവിടായിരുന്നു?’ എന്ന് അന്വേഷിക്കുന്നവർ. ഇവരുടെയൊക്കെ ചിരികൂടിയാണ് ഈ കൊറോണക്കാലം കവർന്നിരിക്കുന്നത്. ഈ സമയവും കടന്നു പോകുമെന്നും ആ ചിരികൾ മടങ്ങിവരുമെന്നും പ്രത്യാശിക്കാം.

Get the latest Malayalam news and Blog news here. You can also read all the Blog news by following us on Twitter, Facebook and Telegram.

Web Title: Corona virus pervading gloom empty streets shopping areas eateries

Next Story
ചെറുതായി കാണാവുന്ന ഒരു താക്കീതല്ല ഇത്Cable TV Network (Regulations) Act, delhi violence, northeast delhi violence, asianet banned for 48 hours, news channels banned for 48 hours, india news, indian express,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express