വർഷം 2006.
ഞാനന്ന് വാളയാറിലെ റയിൽവേ നിലയത്തിലാണ് ജോലിയെടുത്തിരുന്നത്.
ചായയും ഭക്ഷണവുമൊക്കെ കഴിച്ചിരുന്നത് സ്റ്റേഷനടുത്തുള്ള രണ്ട് ചെറിയ ഹോട്ടലുകളിൽ നിന്നായിരുന്നു.
ഒന്ന് അഷറഫിന്റെയും മറ്റൊന്ന് ഞങ്ങൾ താത്തയെന്ന് വിളിച്ചിരുന്ന, നാൽപ്പതോടടുത്ത ഒരു സ്ത്രീയുടേതുമായിരുന്നു.
താത്തയുടെ കടയിലെ മത്തി വറുത്തതിന് സ്വാദ് കൂടുതലായതിനാൽ ഊണ് അവിടെത്തന്നെ സ്ഥിരമാക്കുകയാണുണ്ടായത്.
താത്തയെ നിക്കാഹ് ചെയ്തയാൾ മരിച്ചുപോയിരുന്നു. രണ്ട് പെൺകുട്ടികളുള്ള താത്ത വീണ്ടുമൊരു നിക്കാഹിന് ഒരുങ്ങാതെ ഹോട്ടലിൽനിന്നുള്ള വരുമാനം കൊണ്ട് കുട്ടികളുമായി ജീവിച്ചുപോരുകയായിരുന്നു.
താത്തയുടെ മൂത്തമകൾ ആരോടും അധികം സംസാരിക്കാത്ത കൂട്ടത്തിലായിരുന്നെങ്കിലും ചെറിയവളായ കുഞ്ഞാത്തോല് ചിലങ്കയണിഞ്ഞ ഒരു കാട്ടരുവിയായിരുന്നു. അന്നവൾ എട്ടിലാണ് പഠിച്ചിരുന്നത്.
ഇവരെക്കൂടാതെ ആ വീട്ടിൽ നാല് ആടുകളും റോസി എന്ന പേരുള്ള ഒരു പട്ടിയുമുണ്ടായിരുന്നു.
പട്ടികളോട് ഏറെ സ്നേഹം തോന്നാറുള്ള എന്നോട് റോസി വേഗം ഇണക്കത്തിലായി.

അവൾ പലപ്പോഴും ഊരുചുറ്റുന്നതിനിടയിൽ കാട്ടിനകത്തുള്ള എൻ്റെ ഓഫിസിൽ വരികയും എനിക്ക് കൂട്ടെന്ന പോലെ പടിയിൽ കിടക്കുകയും ചെയ്യും. ആടിനെ മേയ്ക്കാനായി കാട്ടിനുള്ളിൽ പോയ കുഞ്ഞാത്തോല് വരുവോളം റോസി എൻ്റെ പാട്ടുകളും പ്രഭാഷണങ്ങളും കേട്ട്, അതിനൊക്കെ വാലാട്ടി സമ്മതം മൂളി അവിടെ കിടക്കുമായിരുന്നു.
പിന്നീട്, ആടുകളുടെ കരച്ചിൽ കേൾക്കുമ്പോൾ, എഴുന്നേറ്റ് അവയെ തെളിച്ച് കൊണ്ടുവരുന്ന കുഞ്ഞാത്തോലിനോടൊപ്പം ചേർന്നുരുമ്മി പോകും.
അങ്ങനെയിരിക്കെ റോസി ഗർഭം ധരിച്ചു. ഓണത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ ലീവിന് ശേഷം ജോലിയ്ക്ക് ചേർന്ന ദിവസം ഊണ് കഴിക്കാനായി പോയപ്പോഴാണ് റോസി പ്രസവിച്ച വിവരം കുഞ്ഞാത്തോല് പറഞ്ഞത്.
ഞാൻ റോസിയെയും അവളുടെ മക്കളെയും കാണാനായി വീടിന് പുറകിലുള്ള കോഴിക്കൂടിൻ്റെ അടുത്തേക്ക് പോയി.
റോസി ഒരൽപം രൗദ്രഭാവത്തിലായിരുന്നുവെങ്കിലും കുഞ്ഞാത്തോല് റോസിയെ കയ്യിലെടുത്തു.
ഞാൻ അവളെ ഒന്ന് തലോടിയശേഷം “എന്താടി എന്നെ മറന്നോ നീയ്യ് ” എന്ന് ചോദിച്ചിട്ട് ആ കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോയി.
“രണ്ടു കുട്ടികളെ ബാക്കിയുള്ളു സാറേ… അഞ്ചെണ്ണത്തി മൂന്നെണ്ണം ചത്തുപോയി,” കുഞ്ഞാത്തോല് വ്യസനത്തോടെ പറഞ്ഞു

ആ കുഞ്ഞുങ്ങളിലൊരെണ്ണം തലയുയർത്തി എന്നെ നോക്കി. എൻ്റെ ഷൂസാണ് അതിൻ്റെ ദൃഷ്ടിപഥത്തിൽ ഉടക്കിയത്. പതുക്കെ അടുത്തേക്ക് വന്ന് അതെൻറെ ലേസുകളുടെ അറ്റം നുണയാൻ തുടങ്ങി.
ഞാൻ പട്ടികുഞ്ഞിനെ കുനിഞ്ഞു കൈകളിലെടുത്തു. കുഞ്ഞാത്തോലിൻ്റെ കൈകളിൽ കിടന്ന് റോസി അസ്വസ്ഥയായി. ആ കുഞ്ഞിനെ ഞാൻ എൻ്റെ മുഖത്തോട് ചേർത്ത് പിടിച്ചു.
ആറ് വയസ്സുള്ള എൻ്റെ മകനെ പെട്ടെന്ന് ഞാനോർത്തു. സാഹചര്യങ്ങളുടെ പ്രത്യേകത കൊണ്ട് അവന്റെ അച്ഛന്റെയും അമ്മയുടെയും റോൾ ഏറ്റെടുക്കേണ്ട ഒരു കാലമായിരുന്നു അത്.
ഈ നായക്കുട്ടി അവന് കൊടുക്കാവുന്ന ഏറ്റവും മൂല്യവത്തായ ഒരു സമ്മാനമായിരിക്കുമെന്ന് എനിക്ക് തോന്നി.
“കുഞ്ഞാത്തോലെ … ഇവനെ എനിക്ക് തരുമോ? എൻ്റെ മോന് വേണ്ടീട്ടാ.”
കുഞ്ഞാത്തോലിന്റെ മുഖമൊന്ന് വാടി .
“അയ്യോ…എൻ്റെ സാറെ. ഇത് ആ രാമസാമി ഗൗണ്ടർക്ക് കൊടുക്കാമെന്ന് പറഞ്ഞുപോയല്ലാ…”
“ങാ …എന്നാ വേണ്ട മോളെ. സാരമില്ല,” ഞാൻ അവനെ തിരികെ അവൻ്റെ കൂടപ്പിറപ്പിനോടൊപ്പം കിടത്തി.
കുഞ്ഞാത്തോല് റോസിയെ വിട്ടതും അവൾ കുഞ്ഞുങ്ങളുടെയടുത്തേയ്ക്ക് ഓടിപ്പോയി അവയെ മണക്കുകയും നക്കുകയും ചെയ്തുകൊണ്ടിരുന്നു.

കുഞ്ഞാത്തോല് വിഷണ്ണയായി നിന്നു.
“ഓ…അത് സാരമില്ലെന്നേ … നമുക്ക് വേറെ നായയെ ഒപ്പിക്കാമെന്നേ.”
“കളത്തില് വിടാൻവേണ്ടി രണ്ടിനെയും വേണമെന്ന് അയാൾ ഉമ്മയോട് പറഞ്ഞു.”
വൈകുന്നേരം നാലുമണിയോടെ പോയിന്റ്സ്മാൻ സാംകുട്ടിയുടെ കൂടെയായിരുന്നു കുഞ്ഞാത്തോല് എൻ്റെ ഓഫിസിലേക്ക് വന്നത്.
അവളുടെ കയ്യിൽ എക്സൈഡ് ബാറ്ററിയുടെ ഒരു പെട്ടിയുണ്ടായിരുന്നു.
“സാറേ…മോന് വേണ്ടിയല്ലേ…ഇവനെ സാറ് കൊണ്ടുപോയ്‌ക്കോ. ഗൗണ്ടരോട് ഞങ്ങളെന്തെങ്കിലും പറഞ്ഞോളാം.”
ഞാനൊന്ന് മടിച്ചു .
“സാറെടുക്ക് സാറെ… ഇല്ലെങ്കിപ്പിന്നെ ഇവളിരുന്നിനി കരയും,” സാംകുട്ടിയും നിർബന്ധിച്ചു.
അന്ന് ഡ്യൂട്ടി കഴിഞ്ഞ് മെമുവിന് പാലക്കാട്ടേക്ക് തിരികെ വന്നവൻ പതിമ്മൂന്ന് വർഷം എൻ്റെ രണ്ടാമത്തെ മകനായി ഞങ്ങളുടെ വീട്ടിൽ ജീവിച്ച ശേഷം ഉത്രാടവെളുപ്പിന് ഞങ്ങളെ എന്നെന്നേയ്ക്കുമായി വിട്ടുപോയി.
അവനെ കൊണ്ടുവന്ന അന്ന് രാത്രി പെട്ടിയ്ക്കുള്ളിൽ ഒരു നായക്കുട്ടിയാണെന്ന് പറഞ്ഞപ്പോൾ മോൻ്റെ മുഖത്തുണ്ടായ കലർപ്പില്ലാത്ത അത്യാഹ്ളാദത്തിന്റെ വേലിയേറ്റം ഇനിയും എനിക്ക് മറക്കാനാവുന്നതല്ല.
അതാണ് ഏതൊരു നായയുടെ സത്തയും.
കൂരിരുൾ കടന്നുവരുന്നു എന്ന ഭീതി നമ്മെ തളർത്തിയൊരു മൂലയിൽ ഇരുത്തുമ്പോഴാണ് ഒരു ധിക്കാരിയെപ്പോലെ അവൻ കടന്നുവന്ന് നമ്മുടെ മടിയിൽ കയറി നമ്മുടെ മുഖത്ത് ചുംബനവർഷങ്ങൾ പൊഴിച്ച്, നമ്മെ ജീവിതത്തിന്റെ വെളിച്ചത്തിലേയ്ക്കും ഊഷ്മളതയിലേയ്ക്കും തിരികെ സ്നേഹപൂർവ്വം കൂട്ടിക്കൊണ്ട് പോകുക.
മോനാണ് അവന് റോക്കി എന്ന പേരിട്ടത്.
ജീവിതത്തിൽ വല്ലാതെ വിവശനായ ഒരു കാലമായിരുന്നു അത്. പടുകുഴിയിൽ പെടാതെ മനഃസ്ഥൈര്യം നിലനിർത്തിയത് അക്കാലത്ത് മോനും റോക്കിയും തന്നെയായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞെത്തുമ്പോൾ ഗേറ്റ് തുറന്നതുമുതലുള്ള ആ വരവേൽപ്പ് മാത്രം മതിയായിരുന്നു അവനെ അന്ന് കുഞ്ഞാത്തോലിന്റെ കൈകളിൽ നിന്നും വാങ്ങിയത് എത്ര നന്നായെന്ന് എന്നെ ബോധ്യപ്പെടുത്താൻ.
റോക്കിയുടെ കണ്ണിന്റെ ഒരു മാക്രോ ഷോട്ട് ബുഡാപെസ്റ്റിൽ നിന്നു പ്രസിദ്ധീകരിക്കുന്ന മോണോപിക്സ് എന്ന പ്രശസ്ത കോഫി ടേബിൾ പുസ്തകപ്രസാധകരുടെ മാക്രോ ഫൊട്ടോഗ്രഫിയെക്കുറിച്ചുള്ള പ്രത്യേക പതിപ്പിൽ ഉൾപ്പെടുത്താനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
റോക്കിയ്ക്ക് പത്ത് വയസ്സ് തികഞ്ഞതോടെ എനിക്ക് വേവലാതി കൂടിവന്നു. നായയുടെ ഒരു വയസ്സിന് മനുഷ്യായുസ്സിന്റെ ഏഴുവര്ഷമാണെന്ന് പറയും. അവൻ വാര്ധക്യത്തിലേയ്ക്ക് കടന്നിരുന്നു.
അമ്മയായും ഏറെ ചങ്ങാത്തം അവനുണ്ടായി. മൂന്ന് മാസം മുൻപ് വൃക്കകളുടെ തകരാറ് കൊണ്ട് അമ്മയെ ഒരു മാസത്തോളം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്നിരുന്നു. അമ്മയുടെ തിരോധാനം അവനിൽ ഏറെ ആശയക്കുഴപ്പമുണ്ടാക്കുകയും തരം കിട്ടുമ്പോഴെല്ലാം അമ്മയുടെ മുറിയിൽ കയറി അവിടമാകെ പരിശോധിക്കുകയും ചെയ്തു.
അമ്മയെ തിരികെ വീട്ടിൽ കൊണ്ടുവന്നപ്പോൾ കാണണമെന്ന് നിർബ്ബന്ധം പിടിച്ച അവനെ കട്ടിലിനടുക്കൽ നിർത്തിയതും, വാലാട്ടിക്കൊണ്ട് “പാട്ടി” തിരികെയെത്തിയ ആഹ്ളാദം പ്രകടിപ്പിച്ചു.
വീട്ടിലുണ്ടായിരുന്ന വൃദ്ധരിൽ ഒരാൾ ആരോഗ്യം വീണ്ടെടുത്തപ്പോൾ മറ്റൊരാൾ പതുക്കെ വയ്യായ്കയിലേയ്ക്ക് വഴുതിപ്പോവുകയായിരുന്നു.
റോക്കിയുടെ മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടതും അവനെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോയി.
മരുന്നുകൾ ഫലം കണ്ടില്ല. ഭക്ഷണത്തിനുള്ള താല്പര്യം കുറയുകയും അവൻ്റെ ശരീരം മെലിഞ്ഞുവരികയും ചെയ്തു.
“ഏജിൻ്റെ പ്രശ്നമുണ്ട്. പ്രോസ്ട്രേറ്റ് വല്ലാതെ വീങ്ങിയിട്ടുണ്ട് . സർജറി താങ്ങാനുള്ള ശേഷിയില്ല അവന്. ഈയൊരു കോഴ്സും കൂടി നോക്കിയിട്ട് നിന്നില്ലെങ്കില്‍ ഒന്ന് കൂടി സ്കാൻ ചെയ്തിട്ട് നമുക്ക് സർജറി ചെയ്യാം.”
ഡോ. ജോജിയുടെ സർജറിയ്‌ക്കൊന്നും കാത്തുനിൽക്കാതെ ഉത്രാടവെളുപ്പിന് റോക്കി ഞങ്ങളെ വിട്ടുപോയി. വെളുപ്പിനൊന്നര വരെ മോനും അവൻ്റെ സ്നേഹിതയും ഞാനും അടുത്തിരുന്ന് ശരീരവും മുഖവും തടവിക്കൊണ്ടിരുന്നു.
എല്ലാവരെയും കണ്ട ആഹ്ളാദത്തിമർപ്പിൽ അവൻ എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
പിന്നീട് മയങ്ങിപ്പോയ അവൻ വെളുക്കുമ്പോൾ ഞങ്ങളെ വിട്ടുപോയിരുന്നു.
പറമ്പിൽ തന്നെയാണ് അവനെ അടക്കം ചെയ്തത്.
ഒരു മനുഷ്യന്റെ വാഴ്വിലും അയാളുടെ ചിന്താരീതികളിലും ഒരു നായയ്ക്ക് എന്ത് മാറ്റം വരുത്താനാകും എന്ന് സംശയിക്കുന്നവരോട് വാക്കുകളുടെ വ്യാപ്തിയിലൊതുക്കാവുന്ന ഒരുത്തരം നൽകുക പ്രയാസമാണ്.
അറിഞ്ഞനുഭവിക്കേണ്ട അനേകം പ്രൗഢങ്ങളായ ഉണ്മകളിലൊന്നാണ് നായയും അത് മരിക്കുംവരെ ഉയർത്തിപ്പിടിക്കുന്ന സ്നേഹവും നേരും നെറിയും.
നായയിൽനിന്നു നമുക്ക് അത്രയേറെ പഠിക്കാനാകും.”ഇന”ത്തിൽ പിറന്ന നായയെയൊന്നും തേടിപ്പോകേണ്ടതില്ല ഇതിനൊക്കെ. നമ്മുടെ നാടൻ നായയോളം ഈ ഗുണങ്ങളൊക്കെ പ്രകടിപ്പിക്കുന്ന മറ്റൊരു ജനുസ്സുണ്ടോ എന്ന് സംശയമാണ്.
തോളിൽ ക്യാമറകളടങ്ങുന്ന ബാഗും ട്രൈപ്പോഡും തൂക്കി, രാവിന് ഘനം വയ്ക്കുമ്പോൾ വീടിന് മുൻപിൽ വണ്ടിയിൽനിന്നുമിറങ്ങി ഗേറ്റ് തുറക്കുമ്പോഴുള്ള രണ്ടാമത്തെ മകന്റെ ആ വരവേൽപ്പിനി ഉണ്ടാവുകയില്ല എന്ന തിരിച്ചറിവിന്റെ ഭാരക്കൂടുതൽ എനിക്ക് താങ്ങാവുന്നതിലുമപ്പുറത്താണ്…
മിനിഞ്ഞാന്ന് വെളുപ്പിന് പോയ ഒരച്ഛൻ വന്നെത്തുന്നതും കാത്ത് വിഹ്വലതയോടെ ഇരിക്കുന്ന മക്കൾ നമുക്കുണ്ടാകണമെങ്കിൽ ഒരു നായയെത്തന്നെ നാം വളർത്തണം.
മഹാപ്രസ്ഥാനിക പർവ്വത്തിൽ പത്‌നിയും കൂടപ്പിറപ്പുകളും ഓരോരുത്തരായി പാതയോരത്ത് വീണുപോയപ്പോഴും യുധിഷ്ഠിരന് ലക്ഷ്യസ്ഥാനം വരെയും കൂട്ടിനുണ്ടായിരുന്നത് ഒരു നായയായിരുന്നു.
The “Great” Indian Pariah Dog എന്ന് സായിപ്പന്മാർ കനിഞ്ഞു പേരുനൽകിയിട്ടുള്ള നമ്മുടെ നാടൻ നായ.
ആദിയിൽ, കാട്ടിൽ ഭക്ഷണം വേട്ടയാടിയും സമാഹരിച്ചും ശ്വാസം കിട്ടാതെ വലഞ്ഞ ദുർബലരായ നമ്മുടെ കൂടെ വാലാട്ടി സ്നേഹം പ്രകടിപ്പിച്ച് ഒപ്പം കൂടിയ ആ നായപിതാമഹന്റെയും മാതാവിന്റെയും പിന്തുടർച്ചക്കാരൻ.
ഒപ്പം കൂട്ടിയാൽ ഒരു യാത്രയിലും നമ്മെ കൈവിടാത്ത മക്കളാണ് നായകൾ. അതുകൊണ്ട് തന്നെ, മറ്റനേകം തിരിച്ചറിവില്ലായ്മകളുടെ പട്ടികയിൽ നായകളോടുള്ള വിരോധം കയറ്റിത്തിരുകിയത് മനുഷ്യന് പറ്റിയ വലിയ കയ്യബദ്ധങ്ങളിലൊന്നാണ്.
അതെ…
ഉത്രാടവെളുപ്പിന്, എന്നെന്നേയ്ക്കുമായി യാത്രപറഞ്ഞുപോയത് റോക്കി ഹരിഹരൻ എന്ന ഫെയ്സ്ബുക് അക്കൗണ്ട് പോലുമുള്ള Indian Pariah Dog എൻ്റെ രണ്ടാമത്തെ മകനായിരുന്നു .
റോക്കി, മകനെ …നീ ശാന്തമായി ഉറങ്ങുക.