മട്ടുപ്പാവിൻ്റെ കൈവരിയിൽ പിടിച്ചു നിന്നുകൊണ്ട് ഞാൻ താഴേക്ക് നോക്കി. ഒന്നുരണ്ട് ചെറുവീടുകൾ മാത്രമേ റിസോർട്ടിൻ്റെ ആ ഭാഗത്തുണ്ടായിരുന്നുള്ളു. മൂന്നാംനിലയുടെ ഉയരത്തിൽ നിന്നും അവ്യക്തമായി കാണാവുന്ന ഓടിട്ട ചെറുവീടിൻ്റെ വരാന്തയിൽ ഒരു ചുവന്ന നക്ഷത്രം തിളങ്ങി.

എങ്ങുനിന്നോ പാട്ടകൊണ്ടുള്ള മേളത്തിനൊപ്പം ഒരു കാരൾ ഗാനം തെന്നിത്തെറിച്ചു വന്നു. ആരുടെയോ ചുവന്ന നീളൻ കുപ്പായത്തിന് താഴെ ദേഹത്തോടൊട്ടിക്കിടന്ന അടി പിഞ്ഞിയ ഒരു കുട്ടിനിക്കർ അപ്പോൾ ഓർമയിലേക്കിരച്ചു.

രാവിന് ഒരേ സമയം പ്രശാന്തവും ഭീകരവുമായ മുഖങ്ങളുള്ളതായി എനിക്ക് തോന്നി. തെങ്ങോലകളിൽ നിന്നും വെളിച്ചം ഭൂമിയിലേക്ക് ഇറ്റുവീഴുന്ന കാഴ്ചയിൽ ഉള്ളിലെ കാരണമില്ലാത്ത വിങ്ങലിന് പൊടുന്നനെ ചെറുശമനം കിട്ടിയതു പോലെ.

തീരാറായ സിഗററ്റ് കെടുത്താതെ തന്നെ ഞാൻ താഴേക്ക് വലിച്ചെറിഞ്ഞു. ചിലപ്പോൾ എവിടെങ്കിലും പോയിക്കിടന്ന് അത് കത്തും. മെല്ലെ മെല്ലെ എമ്പാടും തീ പിടിക്കും. ഈ കൈവരിയിൽ കയറി നിന്ന് ആ തീയിലേക്ക് എടുത്തു ചാടണം.

“ആഹാ നീ ഇതുവരെ ഇവിടുന്നനങ്ങിയില്ലേ? വേഗം പോയി കുളിച്ചിട്ട് വാ.”

അവൾ തലയിൽ ചുറ്റിയിരുന്ന ടൗവലഴിച്ച് എനിക്ക് നേരേ നീട്ടി. ഞാനത് ഗൗനിക്കാതിരുന്നപ്പോൾ പിന്നിലൂടെ അതെൻ്റെ കഴുത്തിലേക്ക് ചുറ്റി അവളെന്നെ വലിച്ചടുപ്പിച്ചു. മുടിയിലെ നനവ് കഴുത്തിലേക്ക് വന്നൊട്ടി.

“ഇങ്ങനെ മടി പിടിച്ച് നിൽക്കാതെ റെഡിയാവ്. നമ്മൾ ഇവിടുന്ന് ഫുഡ് കഴിക്കുന്നില്ല. ഇങ്ങോട്ട് വന്നപ്പോ ആ വളവിന് ഒരു തട്ടുകട കണ്ടില്ലേ? അവിടെ വരെ നടക്കാം. രസമായിരിക്കും.”nidheesh g, christmas memories, iemalayalam

മടുപ്പോടെ ഞാനവളെ നോക്കി.

“അതിൻ്റെ ആവശ്യമുണ്ടോ? ഇവിടെ ഫുഡ് ഓർഡർ ചെയ്തിട്ടുള്ളതല്ലേ?”

“അത് കാൻസൽ ചെയ്യാലോ?”

വിരലുകൾ കൊണ്ട് മുടി വേർപെടുത്തുന്നതിനൊപ്പം ഒരു കൈ കൊണ്ട് അവൾ എന്നെ ബാത്റൂമിലേക്ക് തള്ളി.

ടൗണിൽ നിന്നും വളരെ ഉള്ളിലായി ഒറ്റപ്പെട്ട ഒരു റിസോർട്ടായിരുന്നു അത്. യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരിടം. ഞങ്ങളെ കൂടാതെ, മൂന്നു കുട്ടികളടങ്ങുന്ന ഒരു ഫാമിലി മാത്രമായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്. അവരാകട്ടെ താഴെയുള്ള ഒരു സിമൻ്റ് ടേബിളിന് ചുറ്റുമായി കസേരകളിട്ടിരുന്ന് ക്രിസ്തുമസ് ആഘോഷിക്കാനുള്ള വട്ടം കൂട്ടലിലായിരുന്നു. ലോണിലൂടെ നടന്നിറങ്ങുമ്പോൾ അവരുടെ ടേബിളിലിരുന്ന വോഡ്കയുടെ കുപ്പിയിൽ എൻ്റെ കണ്ണുകളുടക്കി. ഒരു പെഗ് കിട്ടിയിരുന്നെങ്കിലെന്ന് അകം അതിഭീകരമായി ദാഹിച്ചു.

“ഈ സമയത്ത് ഇത്ര ദൂരം നടക്കണോ? കാറെടുത്ത് പോയാൽപ്പോരേ,” അവസാനത്തെ ഒഴിവുകഴിവെന്ന മട്ടിൽ ഞാനവളോട് ചോദിച്ചു. അവൾ മുഖം കറുപ്പിച്ചു.

“ഒരു മാറ്റവുമില്ലല്ലോ നിനക്ക്. എന്താടാ ഇങ്ങനെ? ഈ രാത്രിയിൽ ഇങ്ങനെ ഒരുമിച്ച് നടന്നു പോകുന്നതിൻ്റെ സുഖം മറ്റെന്തിന് കിട്ടും? നിന്നേപ്പോലെ ഒരരസികൻ ഭൂമിയിൽ വേറെ ഉണ്ടാവില്ല!”

ഞാൻ വിളറിയ മട്ടിൽ ചിരിച്ചുകൊണ്ട് പോക്കറ്റിൽ നിന്നും സിഗററ്റ് പാക്കറ്റ് എടുത്തു. അവൾ പൊടുന്നെ അത് തട്ടിപ്പറിച്ച് അടുത്തുള്ള പൊന്തയിലേക്ക് വലിച്ചെറിഞ്ഞു. അന്ധാളിപ്പോടെ ഞാൻ ഇരുട്ടിലേക്ക് നോക്കി. അതിൽ മൂന്നെണ്ണം ബാക്കിയുണ്ടായിരുന്നു. ഇന്നിനി എന്തു ചെയ്യും? നീരസത്തോടെ ഞാൻ അവളെ നോക്കി. എൻ്റെ ഭാവം കണ്ട് അവൾ ഒരു പൊട്ടിച്ചിരിയോടെ ചേർന്നുവന്ന് കെട്ടിപ്പിടിച്ചു. കവിളിൽ തെരുതെരെ ഉമ്മ വെച്ചു.

“ഇന്നെത്രെണ്ണമായി. ഇനിയിത് വലിച്ചു കേറ്റണ്ട.”

ഞാനവളെ തള്ളിമാറ്റി.

“ഇത് പബ്ലിക് റോഡാണ് പെണ്ണേ. നിനക്ക് ഷോ കാണിക്കാനുള്ള സ്ഥലമല്ല.”

nidheesh g, christmas memories, iemalayalam

“പിന്നേ ഒരു പബ്ലിക്! ഇവിടെങ്ങും ഒരു മാനും മനുഷ്യനുമില്ല. ഒണ്ടേൽ തന്നെയെന്താ, നമ്മൾ ഭാര്യാഭർത്താക്കന്മാരല്ലേ?”

“ആര്? നമ്മളോ? ബെസ്റ്റ്!”

ഞാൻ വേഗത്തിൽ മുന്നോട്ട് നടന്നു. അവൾ കൈകൾ വിരിച്ചുപിടിച്ച് പിന്നാലെ ഓടി വന്നു. അവളെ തോൽപ്പിക്കാനായി ഞാൻ കാലുകൾ നീട്ടിയിട്ടു.

തട്ടുകടയിൽ, കഴിക്കാനുള്ളവരായി ആരുമുണ്ടായിരുന്നില്ല. മെലിഞ്ഞ് കുറുകിയ ഒരു മനുഷ്യനും അയാളുടെ മകനെന്ന് തോന്നിക്കുന്ന ഒരു പയ്യനുമുണ്ട്. അവൻ നിലത്തിരുന്ന് പാത്രങ്ങൾ കഴുകിയടുക്കുന്നു. ചെന്നപാടെ ഞാൻ സിഗററ്റ് ചോദിച്ചു. അയാൾ കൈമലർത്തുന്നത് കണ്ട് എനിക്ക് ദേഷ്യവും സങ്കടവും നിരാശയും ഒരുപോലെ വന്നു. കലിയോടെ ഞാനവളെ നോക്കി. അവൾ കുടഞ്ഞിട്ടു ചിരിച്ചു.

അവിടെ രണ്ട് ബെഞ്ചുകളുണ്ടായിരുന്നെങ്കിലും നിന്നുകൊണ്ടാണ് ഞങ്ങൾ കഴിച്ചത്. ഒട്ടും രുചിയില്ലാത്ത ദോശ അവൾ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. അവൾ അടുത്തേക്ക് വന്ന് എൻ്റെ ചെവിയിൽ പറഞ്ഞു:

“ഇതുപോലെ ഒരു ക്രിസ്മസ് രാവിലാണ് നമ്മൾ പിരിഞ്ഞത് അല്ലേ? മലബാർ ഹോട്ടലിലെ ആ ഫാമിലി റൂം നീ ഓർക്കുന്നോ?”

ഞാൻ മിണ്ടിയില്ല. അവളത് മറന്നിട്ടുണ്ടാവുമെന്നാണ് ഞാൻ കരുതിയത്. എന്നോട് യാത്ര പറയാൻ അവൾക്കൊരിടം വേണമായിരുന്നു. അവൾ പറഞ്ഞ സ്ഥലത്തേക്ക് ഞാൻ ചെന്നതാണ്. അവസാനമായി തൊടുമ്പോൾ കിട്ടിയ ഉള്ളംകൈയ്യിലെ ചൂട് എന്നിലിപ്പോഴും ബാക്കിയുണ്ട്.

കുട്ടികളുടെ ഒരു കാരൾസംഘം തട്ടുകടയ്ക്കരികിലേക്ക് വന്നു. പാട്ട കൊണ്ടുള്ള ഡ്രമ്മിൻ്റെ ചെകിടു തുളയ്ക്കുന്ന നാദം. പാത്രം കഴുകിക്കൊണ്ടിരുന്ന പയ്യൻ എഴുന്നേറ്റു നിന്ന് അനുമതി കിട്ടാനെന്നവണ്ണം അപ്പനെ നോക്കി. അയാൾ തല കൊണ്ട് ഒരു സംജ്ഞ കൊടുത്തപ്പോൾ പയ്യൻ ഓടിപ്പോയി സംഘത്തിൽ ചേർന്നു. അവർ ഒരുമിച്ച് പാടിക്കൊണ്ട് ഞങ്ങൾ നടന്നുവന്ന വഴിയിലേക്ക് കയറി.

“എടാ, ഞാനായിട്ട് നഷ്ടപ്പെടുത്തിയതെല്ലാം എനിക്ക് അതേപടി തിരിച്ചുവേണം. ഒട്ടും കുറയാതെ. ഒരുപക്ഷെ അതിനേക്കാൾ കൂടുതൽ.”

തിരികെ റൂമിലേക്ക് കാലെടുത്ത് വെച്ചപാടെ ഡോർ കുറ്റിയിട്ട് അവൾ എന്നെ ഇറുകെ പുണർന്നു. എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. വാക്കുകൾ തൊണ്ടക്കുഴിയിൽ വന്ന് തിക്കുമുട്ടി. അവളുടെ കൈകൾ വിടുവിച്ച് ഞാൻ വീണ്ടും മട്ടുപ്പാവിലേക്കിറങ്ങി. ചുവന്ന നക്ഷത്രം തൂക്കിയ വീടിന് മുന്നിലായി ഇപ്പോൾ കുട്ടികളുടെ കാരൾ നടക്കുന്നുണ്ട്. അവരിലേക്ക് ഞാൻ കണ്ണുകൾ തറപ്പിച്ചു. ഉയരത്തിലായിട്ടും എനിക്കവരെ തൊട്ടടുത്ത പോലെ കാണാമായിരുന്നു. അവൾ പിന്നിൽ ചേർന്നുനിന്ന് എന്നിലേക്ക് മുഖമമർത്തി.nidheesh g, christmas memories, iemalayalam

അയഞ്ഞുതൂങ്ങിയ ചുവന്ന കുപ്പായത്തിനുള്ളിൽ മെലിഞ്ഞ സാന്താക്ലോസ് ഉറഞ്ഞു തുള്ളി. ബലൂണുകൾ എമ്പാടും പറത്തി വിട്ടു. ഡ്രമ്മിൻ്റെ താളത്തെ മറികടന്ന് നൃത്തം ഉച്ചസ്ഥായിയിലായി. അടിവയറ്റിൽ നിന്നും വിശപ്പ് മുകളിലേക്കിരച്ചു. താളം മുറുകിമുറുകി പൊടുന്നനെ സാന്താക്ലോസ് മണ്ണിലേക്ക് കുഴഞ്ഞു വീണു. പാട്ടകളുപേക്ഷിച്ച് കൂട്ടുകാർ ഓടിവന്ന് അവനെ താങ്ങി. അതുകണ്ട് എൻ്റെ ശരീരമാസകലം തെരുതെരെ വിറച്ചു.

“വാ നമുക്ക് പോകാം…” പറയുമ്പോൾ എന്നിലെ വിറയൽ അവസാനിച്ചിരുന്നില്ല.

“ഇപ്പഴോ? എന്താ നീയീ പറയുന്നത്? ഇത്രയും കൊല്ലങ്ങൾക്ക് ശേഷം നമുക്ക് ഇങ്ങനൊരു ദിവസം കിട്ടിയിട്ട്…. സത്യത്തിൽ നിനക്ക് വട്ടാണോ?”

അവൾക്ക് ദേഷ്യം പിടിച്ചു തുടങ്ങിയിരുന്നു.

“എനിക്ക് പോണം. അല്ലാതെ പറ്റില്ല”

ഇപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് എനിക്ക് കാണാം. ബാഗെടുത്ത്, അഴിച്ചിട്ട തുണികൾ അതിൽ വാരിനിറച്ചുകൊണ്ട് ഞാൻ ടേബിളിൽ വെച്ചിരുന്ന കാറിൻ്റെ കീ എടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook