scorecardresearch
Latest News

ചിത്രാപൗർണമിയിൽ കണ്ണകിയെ തേടി

തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയുടെ പേരിലാണ് മംഗളാദേവി ക്ഷേത്രം അറിയപ്പെടുന്നത്

ചിത്രാപൗർണമിയിൽ കണ്ണകിയെ തേടി

നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പുരാതന ക്ഷേത്രം, അതും കടുവ സങ്കേതത്തിലെ കൊടുംകാട്ടിനുള്ളിൽ. വർഷത്തിലൊരിക്കൽ ചിത്രാപൗർണ്ണമി നാളിലെ ഒരു ദിവസ ഉത്സവത്തിന് മാത്രം ഭക്തർക്ക് പ്രവേശനമുളള ഇടം. കേൾക്കുമ്പോൾ തന്നെ ഒരാകാംക്ഷ തോന്നുന്നില്ലേ? ആ ആകാംക്ഷയാണ് കിലോമീറ്ററുകൾ വനത്തിലൂടെ താണ്ടി മംഗളാദേവി ക്ഷേത്രത്തിലെത്താൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്. ഇക്കൊല്ലത്തെ ചിത്രാപൗർണമി ഏപ്രിൽ 19 ന് ആണ്.

തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. സംഘകാലത്തിൽ രചിക്കപ്പെട്ട ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലാണ് ദേവി പരിവേഷമുള്ള കണ്ണകിയെക്കുറിച്ചും അവളുടെ ഭർത്താവായ കോവലനെക്കുറിച്ചും പറയുന്നത്. ഒരു സാധാരണ സ്ത്രീയുടെ പ്രതികാരം ഒരു നഗരത്തെ ചാമ്പലാക്കിയ കഥ, ഒരു സ്ത്രി ദേവിയായ കഥ.

Read: മംഗളാദേവി ചൈത്രപൗർണമി ഉത്സവം, വിശ്വാസത്തിന്റെ നിറവിൽ ഭക്തജനങ്ങൾ

നർത്തകിയായ കണ്ണകിയുടെ ചിലമ്പ് വിൽക്കാൻ മധുരയിലെത്തിയ കോവലനെ മധുര ഭരിച്ചിരുന്ന പാണ്ഡ്യരാജാവിന്റെ ഭടന്മാർ രാജ്ഞിയുടെ നഷ്ടപ്പെട്ട ചിലമ്പെന്ന് കരുതി പിടികൂടി രാജസന്നിധിയിലെത്തിച്ച് വിചാരണ ചെയ്ത് തൂക്കിലേറ്റി. ഇതറിഞ്ഞ കണ്ണകി മുടിയഴിച്ച് മധുരാനഗരിയിലെത്തുകയും കയ്യിലുള്ള മറുചിലമ്പ് തറയിലെറിഞ്ഞുടയ്ക്കുകയും ചെയ്തു. തന്റെ തെറ്റ് പാണ്ഡ്യരാജാവിന് മനസ്സിലായി മാപ്പ് പറത്തെങ്കിലും കണ്ണകിയുടെ കോപത്തെ ശമിപ്പിക്കാൻ കഴിഞ്ഞില്ല. കോപാകുലയായ കണ്ണകി ഇടത്തേ മുലപറിച്ചെറിഞ്ഞ് മധുരാനഗരം ചാമ്പലാക്കിയെന്നാണ് കഥ. അതിന് ശേഷം അവർ എത്തിയത് പെരിയാറിന് തീരത്തുള്ള ഈ കുന്നിലാണെന്നും ഇവിടെ വച്ച് സ്വർഗാരോഹണം ചെയ്തു എന്നാണ് ഐതിഹ്യം. ഇവിടെ പിന്നീട് ക്ഷേത്രം പണിതത് ചേരരാജാവായ ചേരൻ ചെങ്കുട്ടുവൻ ആണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

കേരളത്തിൽ കണ്ണകി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് മംഗളാദേവി. തമിഴ്നാട്ടിൽ കരൂരിൽ ആണ് പിന്നെ കണ്ണകി ക്ഷേത്രമുള്ളത്. ചിത്രാപൗർണമി നാളിൽ സൂര്യോദയം മുതൽ അസ്തമനം വരെയുള്ള ഉത്സവത്തിന് കാതങ്ങൾ താണ്ടി കാടകങ്ങളിലേക്ക് എത്തുന്നത് പതിനായിരങ്ങളാണ്. കൊടുംകാട്ടിനുളളിൽ സുരുളികുന്നിൽ കുടിയിരിക്കുന്ന മംഗളാദേവിയെ (കണ്ണകിയെ) കാണാൻ.

സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളത്തിന്റെ ഭാഗത്ത് വന്ന് ചേർന്ന മംഗളാദേവി ക്ഷേത്രത്തിൽ എൺപതുകളിൽ തമിഴ്നാട് അവകാശവാദം ഉന്നയിച്ചതോടെ ഇതൊരു തർക്ക വിഷയമായി. അങ്ങനെയാണ് മുൻപ് ഉണ്ടാകാതിരുന്ന നിരോധനം വന്നത്, കൂടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കടുവ സംരക്ഷണ മേഖലയിലായതും നിരോധനം നിലനിൽക്കാൻ കാരണമായി. ഇപ്പോൾ വർഷത്തിൽ ഒരിക്കൽ ചിത്രാപൗർണമി നാളിലെ ഉത്സവത്തിന് മാത്രമാണ് പ്രവേശനമുള്ളത്. ഉത്സവം നടക്കുന്നത് ഇടുക്കി -തേനി കലക്ടർമാരുടെ മേൽനോട്ടത്തിലാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും പൂജാരിമാർ സംയുക്തമായിട്ടാണ് ക്ഷേത്രത്തിലെ പൂജകൾ ചെയ്യുന്നത്.

തേക്കടിയിൽ നിന്ന് 15 കിലോ മീറ്ററും തേനി ജില്ലയിലെ പഴയം കുടിയിൽ നിന്ന് 7 കിലോ മിറ്ററും ആണ് മംഗളാദേവി ക്ഷേത്രത്തിലേക്ക് ഉള്ളത്. അതിൽ റോഡ് മാർഗം പോകാൻ കഴിയുന്നത് തേക്കടി വഴി മാത്രമാണ്. തേക്കടി വഴി പോകണമെങ്കിൽ കേരള വനംവകുപ്പിന്റെ പാസ് കിട്ടിയ വാഹനങ്ങൾ ആയിരിക്കണം. അതുകൊണ്ട് തന്നെ ഉത്സവത്തിന്റെ തലേന്ന് രാത്രി തന്നെ കുമളി ടൗൺ ജനതിരക്കേറും.

വരുന്ന ജനങ്ങളിൽ ഭൂരിഭാഗവും തമിഴരാണ്. സ്ത്രീകളും കുട്ടികളും മുതിർന്നവരുമായ തമിഴ് വിശ്വാസികൾ കണ്ണകി ദേവിയെ കണ്ട് തൊഴാൻ വരും. കണ്ണകി ദേവിയെ തൊഴുന്നതിനൊപ്പം കാനനപാതയിലെ സാഹസിക യാത്ര അനുഭവിക്കാൻ വേണ്ടിയാണ് വർഷത്തിൽ ഒരിക്കൽ തുറക്കുന്ന ഇവിടേക്ക് മലയാളികൾ വരുന്നത്. തിരക്കിനിടയിൽ മെയ് വഴക്കത്തോടെ സർക്കസ് കാണിച്ച് പാസ് വാങ്ങിയാൽ മാത്രം പോര അതേ മെയ്‌വഴക്കം ജീപ്പിൽ കയറാൻ കൂടി വേണം.

ജീപ്പുകൾ കാട്ടിലേക്ക് കയറുന്ന കവാടത്തിനരികിൽ ചെക്കിങ് ഉണ്ട്. മദ്യമോ, പ്ലാസ്റ്റിക്കോ ഒന്നും കടത്തിവിടുകയില്ല. കാട്ടുവഴിയിലൂടെ പൊടിപറത്തി നിരനിരയായി നീങ്ങുന്ന ജിപ്പുകൾ അടുത്ത ചെക്പോസ്റ്റിൽ എത്തുമ്പോൾ ദേഹപരിശോധനയ്ക് വേണ്ടി എല്ലാവരെയും പുറത്തിറക്കും. ചുറ്റും ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ. ഉരുളൻ കല്ലുകളും പൊടിമണ്ണും നിറഞ്ഞ കാട്ട് വഴിയിലൂടെ ജീപ്പുകൾ ഇരമ്പിപ്പായുകയാണ്. ആളുകളെ മുകളിലെത്തിച്ച് അടുത്ത ട്രിപ്പ് പിടിക്കാൻ ഉള്ള നെട്ടോട്ടം. ഇതിനിടയിൽ 15 കി.മി നടന്ന് കയറുന്നവരുണ്ട്. ഒരുപക്ഷേ മുകളിലെത്തുമ്പോൾ അവർ പൊടിമണ്ണിൽ കുളിച്ചിട്ടുണ്ടാകും. ചിലയിടങ്ങളിൽ തിരികെ വരുന്ന ജീപ്പുകൾക്ക് സൈഡ് കൊടുക്കാൻ കൂടിയുള്ള ഇടംപോലും റോഡിലില്ല.

ഈ ദിവസം മലമുകളിൽ നല്ല തിരക്കാണ്. കേരള-തമിഴ്നാട് പൊലീസുകാരാണ് തിരക്ക് നിയന്ത്രിക്കുന്നത്. കരിങ്കൽ തൂണുകൾ അടുക്കി നിർമ്മിച്ചിരുന്ന ക്ഷേത്രം നാശത്തിന്റെ വക്കിലാണ്. വശങ്ങളിൽ കരിങ്കല്ലുകൊണ്ട് നിർമ്മിച്ച മതിൽ കെട്ടിനുള്ളിൽ രണ്ട് അമ്പലങ്ങൾ, കറുപ്പുസ്വാമി, ഗണപതി പ്രതിഷ്ഠകൾ. ക്ഷേത്രത്തിന് അകത്തേക്ക് കയറി തൊഴാൻ നീണ്ട ക്യൂ ആണ്. ആ മലമുകളിൽ നിന്ന് ചുറ്റും നോക്കിയാൽ പച്ച പുതച്ച് നിൽക്കുന്ന തേക്കടി കാടുകൾ. കടുവയും മാനും കരടിയും മറ്റും വാഴുന്ന കാട്. ഈ ഒരു ദിവസത്തെ ഉത്സവം കഴിഞ്ഞാൽ അവരുടെ വിഹാര കേന്ദ്രമാകും ഇവിടം.

താഴ്‌വാരത്തിൽ നിന്നും തേനി വഴി നടന്ന് കയറി വരുന്നവരുടെ വിദൂര ദൃശ്യം കാണാം. ക്ഷേത്രത്തിനോട് ചേർന്ന് വനം വകുപ്പിന്റെ ഒരു വാച്ച് ടവർ ഉണ്ട്. കാലപ്പഴക്കത്തിന്റെ ദൈന്യതകൾ അതിനുണ്ട്. നിറയെ കൊത്തുപണികൾ ഉള്ള കല്ലുകളിൽ ചേരശിൽപ കലയുടെ ഭംഗിയുണ്ട്. ക്ഷേത്രത്തിന് പുറത്ത് ആൾ തിരക്കുള്ളിടത്ത് തമിഴ് ഭക്തർ വലിയ കൂട്ടകങ്ങളിൽ തക്കാളി സാദം നേർച്ചയായി കൊടുക്കുന്നു.

തിരക്ക് കൂടി കൊണ്ടേയിരിക്കുന്നതിനിടയിൽ ആളുകളെ ഇറക്കി താഴേക്ക് പോകുന്ന ജീപ്പുകളിൽ കയറിപ്പറ്റാനും മെയ് വഴക്കം വേണം. തിരികെ ഇറങ്ങുമ്പോൾ ശ്വാസം വലിച്ചുകൊണ്ട് കയറി വരുന്ന ജീപ്പൂകളും പൊടിയിൽ കുളിച്ച് നടന്ന് വരുന്ന ആളുകളെയും കാണാം.

ഇത്രയൊക്കെ സാഹസികമാണെങ്കിലും മനസ് നിറയ്ക്കുന്ന കാഴ്ചകൾ തന്നാണ് മംഗളാദേവി ഓരോരുത്തരെയും യാത്രയാക്കുന്നത്.

Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App.

Web Title: Chitra pournami mangaladevi temple idukki