സ്‌പൈഡർമാൻ, ഹൾക്ക്, തോർ എന്നിങ്ങനെ ഹോളിവുഡിലെ ഇതിഹാസ കഥാപാത്രങ്ങളെകുറിച്ച് കുറേ കേട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു മാർവൽ ചിത്രവും കാണാൻ സാധിച്ചിട്ടില്ല. എന്നാൽ ആ കോമിക് കഥാപാത്രങ്ങൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് താനും. ഹോസ്റ്റൽ ജീവിതത്തിലെ അന്തിചർച്ചകളും ഡിസി ആരാധകരും മാർവൽ ആരാധകരും തമ്മിലുള്ള അടിയിലേക്ക് വരെ നീണ്ടിട്ടുള്ള തർക്കങ്ങളുമാണ് ആ പരിചയത്തിനും സ്വാധീനത്തിനുമുള്ള പ്രധാന കാരണം. ഈ കഥാപാത്രങ്ങളെ അടുത്തറിയാൻ തീരുമാനിച്ചാണ് അവഞ്ചേഴ്സ് സീരിസിലെ അവസാന ചിത്രമായ ‘അവഞ്ചേഴ്സ് – എൻഡ്ഗെയിം’ കാണാൻ തീരുമാനിച്ചത്.

‘എൻഡ് ഗെയിമി’ൽ തുടങ്ങമെന്ന തീരുമാനത്തിന് കാരണവും ഈ ചിത്രത്തെ കുറിച്ച് അടുത്ത നാളുകളിൽ അറിഞ്ഞ വാർത്തകളും കൂട്ടുകാരുടെ തള്ളലുമാണ്. ആ തീരുമാനത്തിൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ നിമിഷങ്ങൾക്കകം മാർവൽ ഫാൻസ് എല്ലാ ടിക്കറ്റും സ്വന്തമാക്കി കഴിഞ്ഞിരുന്നു. കേരളത്തിലെ പല തിയേറ്ററുകളിലും അതിരാവിലെയായിരുന്നു ഷോ. ചങ്ങനാശേരി അപ്സരയിൽ വെളുപ്പിനെ മൂന്നരമണിയ്ക്കാണ് ഷോ. എറണാകുളത്ത് ആദ്യ ഷോ 6.30നായിരുന്നു.

അതിരാവിലെ എത്തിയാൽ തിയറ്ററിൽ നിന്ന് ടിക്കറ്റ് എടുക്കാമെന്ന പ്രതീക്ഷയിൽ നേരെ എറണാകുളം വനിത തിയേറ്ററിൽ എത്തി. പുലർച്ചെ ആറ് മണിയ്ക്ക് മുന്നെ അവിടെയെത്തിയ ഞാൻ കണ്ടത്, എന്നേക്കാൾ മുൻപെ ഗേറ്റിന് മുന്നിൽ കാത്തുനിൽക്കുന്ന മാർവൽ ആരാധകരെയാണ്. യുവാക്കൾ തന്നെയാണ് സിനിമയുടെ മുഖ്യ ആരാധകരെങ്കിലും കുടുംബമായി എത്തിയവരുമുണ്ടായിരുന്നു കൂട്ടത്തിൽ.

അവഞ്ചേഴ്സ് എന്നും ക്യാപ്റ്റൻ മാർവലെന്നുമൊക്കെ എഴുതിയ ടീഷർട്ട് അണിഞ്ഞ അവഞ്ചേഴ്സ് ആരാധകരായ ആൺകുട്ടികളും പെൺകുട്ടികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. താനോസിനെ സൂപ്പർ താരങ്ങൾ എങ്ങനെയാണ് നേരിടുന്നതെന്നും അവരുടെ പോരാട്ടം എത്തരത്തിലായിരിക്കുമെന്നും അറിയാൻ ഓരോ മാർവൽ ആരാധകരും എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് അവരുടെ മുഖങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ബാക്കിയുണ്ടായിരുന്നു ഏതാനും ടിക്കറ്റുകൾ നിമിഷങ്ങൾക്കുള്ളിൽ വിറ്റ് തീർന്നതിന്റെ കാരണവും അതേ ആഗ്രഹം തന്നെയാണ്. അതുകൊണ്ടു തന്നെ ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടി വന്നു.

കേരളത്തിൽ സൂപ്പർസ്റ്റാർ പടങ്ങൾക്കു പോലും കിട്ടിയിട്ടില്ലാത്ത ഓപ്പണിംഗാണ് അവഞ്ചേഴ്സ് സീരിസിന് ലഭിക്കുന്നത്. ആരാധകർ ആഘോഷമാക്കാറുള്ള സൂപ്പർ സ്റ്റാർ ചിത്രങ്ങളുമായി വെച്ചുനോക്കുമ്പോൾ അവഞ്ചേഴ്സ് സീരിസ് മാർവൽ ആരാധകരുടെ ആഗ്രഹത്തിന്റെയും കാത്തിരിപ്പിന്റെയും അവസാനമാണ്. എന്നാൽ എനിക്കത് അവഞ്ചേഴ്സ് സിനിമാറ്റിക് ലോകത്തേക്ക് പ്രവേശിക്കാനുള്ള ആഗ്രഹം വർധിപ്പിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook