scorecardresearch
Latest News

കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ

ഭരണകൂട സംവിധാനങ്ങളുടെ പിടിപ്പുകേടുകൾക്ക് എപ്പോഴും വില നൽകേണ്ടി വരുന്നത് പൗരസമൂഹമാണ്. ഫോര്‍ട്ട്‌ കൊച്ചിയില്‍ പുതുവര്‍ഷആഘോഷങ്ങള്‍ക്കിടയില്‍ സംഭവിച്ച പാളിച്ചകള്‍ വിരല്‍ ചൂണ്ടുന്നത്…

new year celebrations, fort kochi, celebrations, crowd,
ഫോട്ടോ. വികാസ് രാംദാസ്

കുറച്ചു വർഷങ്ങളായി നിരവധി ദുരന്തങ്ങളിലൂടെ കടന്നുപോയ കേരളം ഇന്നും അതിൽനിന്നു പൂർണ മുക്തി നേടിയിട്ടില്ല. ഓഖി, നിപ, പ്രളയം, ഉരുൾപൊട്ടൽ, വിമാനാപകടം, ബസ് അപകടങ്ങൾ തുടങ്ങി കോവിഡ് മഹാമാരി വരെ കേരളത്തെ ബാധിച്ചു. ഈ അത്യാഹിതങ്ങളിൽനിന്നൊന്നും കേരളത്തിലെ ഭരണകൂട സംവിധാനങ്ങൾ പാഠമൊന്നും പഠിച്ചില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് 2022 അവസാനിച്ചത്.

ദുരന്തമുണ്ടായാൽ നേരിടാനോ ആഘാതം കുറയ്ക്കാനോ വേണ്ട നടപടികൾക്കു സജ്ജമാകുന്ന ‘മോക്-ഡ്രിൽ’ പോലും ദുരന്തമായതാണു കേരളം കഴിഞ്ഞ വർഷം അവസാനം കണ്ടത്. 2022 അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് ഒരു മനുഷ്യജീവൻ അപഹരിച്ച ദുരന്തം, ദുരന്തനിവാരണ അതോറിറ്റിയുടെ ‘മോക്-ഡ്രില്ലി’ൽ സംഭവിച്ചത്.

പത്തനംതിട്ടയിൽ ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച ‘മോക്-ഡ്രില്ലി’നിടെ കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കൽ കാക്കരക്കുന്നിൽ ബിനു സോമൻ എന്ന യുവാവിന് ജീവൻ നഷ്ടമായതു ഡിസംബർ 29നായിരുന്നു. ബിനു മുങ്ങിരിക്കുകയായിരുന്നു. സംഭവത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലും രക്ഷാപ്രവർത്തനത്തിലും വീഴ്ചയുണ്ടായതായി കലക്ടർ മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഈ സംഭവം നടന്ന രണ്ടു ദിവസത്തിനുശേഷം കേരളം മറ്റൊരു ദുരന്തമുഖത്തുനിന്നു കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കൊച്ചിയായിരുന്നു ഇത്തവണ വലിയൊരു ദുരന്തത്തെ മുഖാമുഖം കണ്ടത്.

ലോക്ക് ഡൗൺ കാലത്ത് കമാൻഡോകളെ ഇറക്കി ജനങ്ങളെ അടിച്ചമർത്തി കോവിഡിനെ തോൽപ്പിക്കാമെന്നു ചിന്തിച്ച ഭരണസംവിധാനങ്ങൾ യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ എങ്ങനെ അമ്പേ പരാജയപ്പെട്ടുന്നതിന്റെ ഏറ്റവും ഭീതിജനകമായ ഉദാഹരണങ്ങളാണു പത്തനംതിട്ടയിലെ മോക്ക് ഡ്രില്ലിലെ മരണവും കൊച്ചിൻ കാർണിവെല്ലിലെ സംഭവങ്ങളും.

പരിപാടികൾ നടക്കുമ്പോൾ ആളുകൾക്ക് എത്തിച്ചേരാനും തിരികെ പോകാനും ഗതാഗത സൗകര്യം ഒരുക്കുക, ആളുകളുടെ സുരക്ഷയ്ക്കായി പൊലീസ്, ആരോഗ്യ സംവിധാനങ്ങൾ ഏർപ്പെടുത്തുക, കാരിയിങ് കപ്പാസിറ്റിക്ക് അനുസരിച്ച് പങ്കാളിത്തം, സ്ഥലം എന്നിവ ശ്രദ്ധിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും കേരളത്തിൽ നടക്കുന്ന പരിപാടികളുടെ കാര്യത്തിലും ഭരണകൂട സംവിധാനങ്ങൾ ശ്രദ്ധിക്കാറില്ല. മറിച്ച്, പൊലീസിനെ ഉപയോഗിച്ച് പരിപാടികളിൽ പങ്കെടുക്കാൻ വരുന്നവരോട് ഏറ്റവും മോശമായി രീതിയിൽ പെരുമാറുന്നതു മാത്രമാണ് എക്കാലവും ഭരണസംവിധാനങ്ങളുടെ നടപടി.

ഓരോയിടത്തും അവിടുത്തെ പ്രധാനികൾക്ക് അത് പൊലീസോ തദ്ദേശ, ജില്ലാ ഭരണ സംവിധാന മേധാവികൾക്കോ തോന്നുന്ന ഉൾവിളികളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നടക്കുക. ഇത് സൃഷ്ടിക്കുന്ന തിക്കും തിരക്കും അപകടങ്ങളുമൊക്കെ കേരള ജനതയുടെ മുന്നിൽ എപ്പോഴും വലിയൊരു ദുരന്ത ഭീഷണിയായി നിലകൊള്ളുന്നുമുണ്ട്. ഇത് കൊച്ചിൻ കാർണവെല്ലിലൊതുങ്ങുന്ന ഒന്നല്ല. ആസൂത്രണം, നടത്തിപ്പ് എന്നീ കാര്യങ്ങൾ ചെയ്യുന്നതിൽ ഭരണകൂട സംവിധാനങ്ങളുടെ പാളിച്ച അത് പഞ്ചായത്ത് റോഡ് ടാറിടുന്നതും തെരുവ് വിളക്ക് ഇടുന്നതും മുതൽ ഇതൊക്കെ കാണാനാകും.

ശബരിമലയിൽ ഇപ്പോഴുള്ള തിരക്ക് സംബന്ധിച്ചും അത് നിയന്ത്രിക്കുന്നതും ഭക്തർക്ക് ദർശന സൗകര്യം ഒരുക്കുന്നതിനും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പോലും അയവ് വരുത്തണമെന്ന നിലപാടാണ് മറ്റ് സംവിധാനങ്ങൾക്ക്. അങ്ങനെ അയവ് വരുത്തണമെങ്കിൽ എന്തൊക്കെ നടപടികൾ സ്വീകരിക്കണം. അവിടെയുള്ള കാരിയിങ് കപ്പാസിറ്റി എന്താണ്. എന്നൊക്കെ പഠിച്ച് അതിനനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാനോ നടപ്പാക്കാനോ ഇതുവരെ എന്തെങ്കിലും നടപടി ഉണ്ടായതായി അറിയില്ല.

അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള ഏകോപനമില്ലായ്മയുടെയും പരസ്പര വിശ്വാസമില്ലായ്മയുടെയും അധികാരത്തർക്കങ്ങളുടെയും അഴിമതിക്കഥകളുടെയും വേദിയാണ് കേരളത്തിലെ ഭരണകൂട സംവിധാനത്തിലെ സമസ്ത മേഖലകളിലും അരങ്ങേറുന്നത്. ജനങ്ങളുടെ ജീവൻ വച്ച് പന്താടുന്ന ഭരണകൂടത്തിന്റെ പിടിപ്പുകേടിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊച്ചിൻ കാർണിവെല്ലിൽ കണ്ടത്.

പുതുവർഷത്തലേന്ന് കേരളം വലിയൊരു ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്, ഭാഗ്യം കൊണ്ടുമാത്രമാണ്. ജില്ലാ ഭരണകൂടം, പൊലീസ്, ഗതാഗതവകുപ്പ് എന്നിവരുടെ കഴിവുകേടിന്റെ ആവർത്തനമായിരുന്നു നാല് ദശകത്തോളമായി കൊച്ചിയുടെ മുഖമായ കാർണവെല്ലിൽ കണ്ടത്.

തിരക്കിൽ ശ്വാസതടസം അനുഭവപ്പെട്ട യുവതിയെ കിടത്താൻ സ്ഥലം ലഭിക്കാത്തതിനാൽ ഓട്ടോയുടെ മുകളിലേക്ക് കിടത്തി കൃത്രിമ ശ്വാസം നൽകുന്നു, ഫൊട്ടോ. വികാസ് രാംദാസ്

പാപ്പാഞ്ഞിയുടെ ചരിത്രം

പപ്പാഞ്ഞിയെ കത്തിക്കുന്ന പതിവ് ഫോർട്ട് കൊച്ചിയിൽ എന്ന് തുടങ്ങി എന്ന ചോദ്യം ചെന്നെത്തുന്നത് ഫോർട്ട് കൊച്ചിക്കുണ്ടായിരുന്ന പോർചുഗീസ് ബന്ധത്തിലാണ്. ‘ഗ്രാൻഡ് ഫാദർ’ എന്ന് അർത്ഥം വരുന്ന പോർച്ചുഗീസ് പദമാണ് പപ്പാഞ്ഞി. പപ്പാഞ്ഞിക്ക് സാന്റാക്ലോസുമായി യാതൊരു ബന്ധവുമില്ല.

1503ൽ പോർച്ചുഗിസുകാർ ഫോർട്ട് കൊച്ചിയിൽ പണികഴിപ്പിച്ച ഫോർട്ട് ഇമ്മാനുവൽ കോട്ടയിൽ നിന്നാണ് ഫോർട്ട് കൊച്ചിയുടെ പോർച്ചുഗീസ് ബന്ധം ആരംഭിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ പള്ളിയാണ് ഫോർട്ട് ഇമ്മാനുവൽ. ഫോർട്ട് ഇമ്മാനുവലിൽ നിന്നാണ് കൊച്ചിക്ക് മുന്നിൽ ഫോർട്ട് എന്ന പദം വരുന്നത്. ഇമ്മാനുവൽ കോട്ടയോട് ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കൻ കോളനി കൊച്ചിയിൽ ഉയർന്നു. ക്രിസ്‌മസ്, ന്യു ഇയർ ആഘോഷങ്ങൾ ഗംഭീരമായി ആഘോഷിക്കുന്നവരായിരുന്നു കത്തോലിക്ക വിശ്വാസികൾ. ഇവരുടെ സ്വാധീനമായിരിക്കാം പപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

എന്താണ് ഫോർട്ട് കൊച്ചിയില്‍ സംഭവിച്ചത്?

കേരളത്തിലെ ഏറ്റവും വലിയ പുതുവർഷ ആഘോഷമാണ് എല്ലാ വർഷവും ഫോർട്ട് കൊച്ചിയിൽ നടക്കുന്ന കൊച്ചിൻ കാർണിവൽ. ക്രിസ്മസും പിന്നാലെയെത്തുന്ന പുതുവർഷവും ഗംഭീരമായി ആഘോഷിക്കുന്നത് ഇവിടെ പതിവാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽനിന്നുള്ളവർക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും പുതുവർഷ വേളയിൽ ഫോർട്ട് കൊച്ചി സന്ദർശിക്കാറുണ്ട്.

കൂറ്റൻ പാപ്പാഞ്ഞിയുടെ രൂപത്തിന് തീകൊളുത്തി പുതിയ വർഷത്തെ വരവേൽക്കുന്നതാണ് ഇവിടുത്തെ പ്രധാന ആഘോഷം. കോവിഡ് മഹാമാരിയുടെ പിടിയിൽനിന്നു മോചനം കിട്ടിയ ഇത്തവണ കാര്യങ്ങൾ മാറിമറിഞ്ഞു. രണ്ടു വർഷത്തിന് ശേഷം നടന്ന പുതുവർഷ ആഘോഷത്തിൽ പങ്കെടുക്കാൻ ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത് വൻ ജനസാഗരമാണ്.

എന്നാൽ ഇത്രയധികം പേരെ ഉൾക്കൊള്ളാൻ ശേഷിയില്ലാത്ത പരേഡ് മൈതാനത്ത് ഇതിനനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളൊന്നും അധികൃതർ ഒരുക്കിയിരുന്നില്ല. പുതുവർഷഘോഷത്തിനിടെ തിക്കിലും തിരക്കും പെട്ട് 130ൽ അധികം ആളുകളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഘോഷങ്ങളിൽ പങ്കെടുക്കാനായി രണ്ടു ലക്ഷത്തിലധികം ആളുകൾ എത്തിയതായി കണക്കാക്കുന്നു.

പാപ്പാഞ്ഞിയെ കത്തിച്ചശേഷം മടങ്ങിയപ്പോഴാണ് ആളുകൾ തിക്കിലും തിരക്കിലും പെട്ടത്. ശാരീരികാ സ്വാസ്ഥ്യം പ്രകടിപ്പിച്ചവരെ ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

ഒഴിവായത് വൻ ദുരന്തം

ഭരണകൂട സംവിധാനത്തിലെ ദീർഘദൃഷ്ടി ഇല്ലായ്മയും പൊലീസ് ഉൾപ്പടെയുള്ള സംവിധാനങ്ങളുടെ ധാർഷ്ട്യവും ക്രൈസിസ് മാനേജ്മെന്റ് പരാജയവും വരാൻ സാധ്യതയുള്ള വിഷമതകളെ മുൻകൂട്ടി കണ്ട് പരിഹാര നടപടികൾ ആസൂത്രണം ചെയ്യാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശേഷിയില്ലായ്മയും പത്തനംതിട്ടയിലെ പോലെ ഫോർട്ട് കൊച്ചിയിലും പ്രതിഫലിച്ചത്.

സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയാണു ഫോർട്ട് കൊച്ചിയിലെ തിക്കിലും തിരക്കിലും കലാശിച്ചതെന്നും പപ്പാഞ്ഞിയെ കത്തിച്ചശേഷമുള്ള പുക ശ്വസിച്ചാണ് ആളുകൾക്കു ശ്വാസതടസം നേരിട്ടതെന്നും പ്രദേശവാസികൾ ആരോപിച്ചു. കാർണിവൽ നടന്ന പരേഡ് ഗ്രൗണ്ടിൽ നാല് ആംബുലൻസുകളാണ് ഉണ്ടായിരുന്നത്. ഇവിടെ ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ചികിത്സ കിട്ടാതെ കുറേപ്പേർ മടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ഓട്ടോറിക്ഷയ്ക്ക് മുകളിൽ കിടത്തി ആശുപത്രിയിൽ എത്തിക്കുന്ന ദൃശ്യങ്ങൾ ടെലിവിഷൻ റിപ്പോർട്ടുകളിൽ കാണാനായി. തിരക്കിൽ ശ്വാസതടസം അനുഭവപ്പെട്ട യുവതിയെ കിടത്താൻ സ്ഥലം ലഭിക്കാത്തതിനാൽ ഓട്ടോയുടെ മുകളിലേക്കു കിടത്തി കൃത്രിമ ശ്വാസം നൽകുന്നതും ദൃശ്യങ്ങളിൽ കാണാം.

ഗതാഗത സംവിധാനം

പുതുവത്സരഘോഷത്തില്‍ ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച കാര്യങ്ങളിലൊന്ന് ഗതാഗത സംവിധാനമില്ലായ്മ ആയിരുന്നു. കാർണിവെൽ കമ്മിറ്റി യോഗത്തിൽ ജനങ്ങൾ മടങ്ങി നഗരത്തിലെത്താൻ ആവശ്യമായ ബസ് സർവീസ് നടത്തുമെന്ന തീരുമാനമെടുത്തിരുന്നു. എന്നാൽ കെ എസ് ആർ ടി സിയോ സ്വകാര്യ ബസുകളോ സർവീസ് നടത്തിയില്ല. രണ്ട് റോ- റോ സർവീസ് നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒരു റോ- റോ മാത്രമാണ് സർവീസ് നടത്തിയിരുന്നത്.

18 കാറുകളും 50 ആളുകളുമാണ് റോ റോയുടെ പരാമവധി ശേഷി. പുതുവർഷാഘോഷത്തിനുശേഷം, ഇരുന്നൂറിലധികം ആളുകളാണ് റോ റോയുടെ ഓരോ സർവീസിലും ഇടിച്ചു കയറിയത്. ആളുകളെ സുരക്ഷിതമായി നിർത്താൻ ഇരുവശങ്ങളിലും സുരക്ഷാവേലികളൊന്നും തന്നെ ഇതിലില്ല.

Fort Kochi Carnival, Fort Kochi new year, Fort Kochi stay, Fort Kochi papanji
റോ-റോയില്‍ തിങ്ങി നില്‍ക്കുന്നവര്‍, ഫൊട്ടോ. വികാസ് രാംദാസ്

പ്രദേശവാസികൾക്ക് പറയാനുള്ളത്

പരേഡ് ഗ്രൗണ്ടിന്റെ സമീപത്തുള്ള വീടുകൾക്കു ചുറ്റുമാണ് ആളുകൾ പുറത്തേക്കു കടക്കാനാകാതെ കുടുങ്ങിപ്പോയത്. പാപ്പാഞ്ഞിയെ കത്തിച്ചപ്പോഴുണ്ടായ പുക ശ്വസിച്ച് അസ്വസ്ഥരായി ഗ്രൗണ്ടിൽ നിന്നു റോഡിലേക്കിറങ്ങി.

റോഡിൽ ആളുകൾ നിറഞ്ഞ് മറ്റുള്ളവർക്കു പോകാൻ കഴിയാത്ത അവസ്ഥയായി. അപ്പോഴാണ് റോഡിൽ നിന്നവർ അടുത്തുള്ള വീടുകളുടെയും ഹോം സ്റ്റേകളുടെയും ഉള്ളിലേക്ക് കയറിയതെന്ന് പ്രദേശവാസിയായ ദേവാനന്ദ് പറഞ്ഞു. പല വീടുകളുടെയും ഹോം സ്റ്റേകളുടെയും മതിലുകൾക്കും പൂന്തോട്ടങ്ങൾക്കും കേടുവന്നതായും ദേവാനന്ദ് പറഞ്ഞു.

ടൂറിസത്തിനും തിരിച്ചടി

പുതുവർഷാഘോഷത്തിലുണ്ടായ സുരക്ഷാവീഴ്ച വിനോദസഞ്ചാരികളെ ഫോർട്ട് കൊച്ചിയിൽനിന്നു അകറ്റുമെന്ന് കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ഫോർട്ട് കൊച്ചി കൺവീനർ ഡേവിഡ് ലോറൻസ് പറഞ്ഞു. കാർണിവലിന് വന്നവർ തിക്കും തിരക്കിലും പരിഭ്രമിച്ച് രക്ഷപ്പെടാനായി ഹോം സ്റ്റേകളിലേക്ക് ഇടിച്ചു കയറുന്നതു വീഡിയോയിൽ കാണാം.

ആളുകൾ ഹോം സ്റ്റേയിലേക്ക് തള്ളിക്കയറുന്നതിന്റെ വീഡിയോ എടുത്തത് ഇവിടെ താമസിച്ചിരുന്ന വിദേശികളാണ്. ഇനി ക്രിസ്മസ്- പുതുവർഷ ആഘോഷത്തിനായി ഫോർട്ട് കൊച്ചിയിലേക്കു വരില്ലെ ന്നാണ് അവർ പറഞ്ഞതെന്ന് ഡേവിഡ് പറഞ്ഞു. ആളുകൾ താമസിക്കുന്ന ഈ പ്രദേശത്ത് ഇത്തരം ആഘോഷങ്ങൾ നടത്തുന്നതിന് അനുയോജ്യമല്ലെന്നും ഡേവിഡ് അഭിപ്രായപ്പെട്ടു.

ഹോം സ്റ്റേയുടെ വാതിലിൽ വന്ന് ഒന്ന് തുറന്നു തരുമോ എന്ന ചോദിച്ച് ആളുകൾ കരയുകയായിരുന്നുവെന്നും വാതിൽ തുറക്കാതിരുന്നെങ്കിൽ ദുരന്തമായി മാറിയേനെയെന്നും ഡേവിഡ് പറഞ്ഞു. മതിലുകൾക്കും അതിനു മുകളിലെ ഗ്രില്ലിനും പൂന്തോട്ടത്തിനും കേടുപാടുകൾ സംഭവിച്ചു. ഇവിടുത്തെ പ്രദേശവാസികൾക്ക് ക്രിസ്മസ് പുതുവൽസര സമയത്ത് ആശുപത്രിയിൽ പോകേണ്ട ആവശ്യം വന്നാൽ പോലും 30-45 മിനിറ്റോളം റോഡിൽ തന്നെ ചെലവഴിക്കേണ്ട അവസ്ഥയാണെന്ന് റസിഡന്റ് അസോസിയേഷൻ ട്രഷറർ കൂടിയായ ഡേവിഡ് പറഞ്ഞു.

ഡിസംബർ 23 മുതൽ തന്നെ ഇവിടെ തിരക്ക് വർധിച്ചിരുന്നു. പാപ്പാഞ്ഞിയെ കത്തിക്കുന്നത് പോലുള്ള ആഘോഷത്തിനുള്ള വേദിയല്ല ഇവിടെയെന്നും കൃത്യമായി പദ്ധതിയില്ലാതെയാണ് ആഘോഷങ്ങൾ നടത്തുന്നതെന്നും സംഭവത്തിൽ ആർ ഡി ഒയ്ക്കും കലക്ടർക്കും പരാതി നൽകുമെന്നും ഡേവിഡ് പറഞ്ഞു.

കോവിഡിൽ അടച്ചിട്ട രണ്ടു വർഷത്തിനു ശേഷം നിയന്ത്രണങ്ങളില്ലാതെയാണ് ഇത്തവണ കൊച്ചിൻ കാർണിവൽ ആഘോഷിച്ചത്. പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകൾ എത്തി. ഡിസംബർ 31ന് ഉച്ച കഴിഞ്ഞ് മൂന്നിനുശേഷം പടിഞ്ഞാറൻ കൊച്ചിയിലേക്കു വാഹനങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പുതുവർഷാഘോഷത്തിനു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നു മടങ്ങുന്നവർക്കായി രാത്രി 12നു ശേഷം പ്രത്യേകം ബസ് സർവീസ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വാഗ്ദാനം നടപ്പായില്ല. ടെലിവിഷൻ ദൃശ്യങ്ങളിൽ നിരവധി ആളുകൾ വാഹനം കിട്ടാതെ പരേഡ് ഗ്രൗണ്ടിലും കടത്തിണ്ണകളിലും തുടങ്ങി ഒഴിഞ്ഞയിടങ്ങളിലെല്ലാം നിലത്തു കിടക്കുന്നത് കാണാമായിരുന്നു.

ഫോർട്ട് കൊച്ചിയിൽനിന്നു നടന്നും ഓട്ടോയിലും ടാക്‌സിയിലും മറ്റുമാണ് പല ആളുകളും വീടുകളിലെത്തിയത്. ആംബുലൻസ്, വൈദ്യ സഹായം, അഗ്നിരക്ഷാ സേനയുടെ സാന്നിധ്യം എന്നിവ ഉറപ്പാക്കുമെന്നും സിറ്റി പൊലീസ് അറിയിച്ചിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. റോ റോ സർവീസ് മാത്രം പുലർച്ചെ മൂന്നു വരെ സർവീസ് നടത്തി. മെട്രോ രാത്രി ഒരു മണി സർവീസ് നടത്തി. എന്നാൽ, ബസ് സർവീസ് ഇല്ലാത്തതു മൂലം മെട്രോ സർവീസിന്റെ ഗുണം ജനങ്ങൾക്ക് പൂർണമായി ലഭിച്ചില്ല.

ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇനി വിദേശികൾ എത്തുമോ?

കൊച്ചി പ്രദേശത്ത് കാർണിവെല്ലമായി ബന്ധപ്പെട്ട ഭരണസംവിധാനത്തിലെ പാളിച്ചകൾ ഏറെ ബാധിക്കുന്നത് കൊച്ചിയിലെ മാത്രമല്ല, കേരളത്തിലെ തന്നെ ടൂറിസം മേഖലയെയാണ്. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകൾ വരുന്ന പ്രധാന സമയങ്ങളിലൊന്നാണ് ഈ മാസങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരം വീഴ്ചകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എത്രത്തോളം നെഗറ്റീവ് പ്രതിച്ഛായയായിരിക്കും കേരളത്തിന് നൽകുക എന്ന് ആലോചിക്കാൻ പോലും ആരും തയ്യാറാകുന്നില്ല എന്ന പരാതി കൊച്ചിയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർക്കുണ്ട്.

ആവശ്യത്തിന് സുരക്ഷയില്ലാതെ നടത്തുന്ന ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കാൻ വിദേശികൾ എത്തുമോ എന്നത് സംശയമാണ്. റോഡുകളിൽ തിങ്ങി നിറഞ്ഞ്, ഗതാഗത സൗകര്യമോ, ഭക്ഷണമോ ലഭിക്കാതെ വന്ന സാഹചര്യങ്ങൾ അനുഭവിച്ചറിഞ്ഞവർ ഇവിടുത്തെ ടൂറിസം സംവിധാനങ്ങളെ കുറിച്ച് എന്തായിരിക്കും പറയുക. കേരളാ ടൂറിസത്തിന്റെ കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള ബ്രാൻഡിങ് എക്സ്സൈസുകൾക്കും പരസ്യചിത്രങ്ങൾക്കും ഈ കറ മായ്ച്ചു കളയാൻ സാധിക്കുമോ?

പുതുവത്സരഘോഷം നടക്കുന്ന ഗ്രൗണ്ടിന്റെ നാല് വശത്തും അടിയന്തര വൈദ്യസഹായത്തിനുള്ള സേവനങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും അവശരായവരെ നോക്കുന്നതിനിടെ ഉണ്ടായിരുന്ന ഒരു ഡോക്ടർക്കും ദേഹാസ്വാസ്ഥ്യം വന്നതായും കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവും ഫോർട്ട് കൊച്ചി കൗൺസിലറുമായ ആന്റണി കുരീത്തറ പറഞ്ഞു. ഉച്ചയ്ക്കു ശേഷം പ്രദേശത്തേക്കു വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ പരിപാടികൾ അവസാനിച്ചശേഷവും വാഹനസൗകര്യം ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് ആന്റണി പറഞ്ഞു.

മറുപടിയില്ലാതെ അധികൃതർ

പരിധിയിൽ കൂടുതൽ ആളുകൾ എത്തിയതാണ് തിരക്കിന് കാരണമെന്നും പദ്ധതിയിൽ പാളിച്ചകൾ വന്നില്ലെന്നുമാണ് അധികൃതരുടെ നിലപാട്. 39 വർഷത്തിന് മേലെയായി നടക്കുന്ന ആഘോഷത്തിൽ ഇത്തരം സംഭവം ആദ്യമാണെന്നും സുരക്ഷാവീഴ്ചയുണ്ടായിട്ടിലെന്നും അധികൃതർ പറയുന്നു.

എന്നാൽ, ഇത്രയും വലിയൊരു കാർണവെൽ നടക്കുമെന്നുള്ള കൊച്ചിയിൽ മാത്രമല്ല, കേരളത്തിലുള്ള ഭരണസംവിധാനത്തിന് അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ നാല് ദശകത്തോളമായി നടക്കുന്ന ഈ പരിപാടിയുടെ സംഘാടനം നടക്കുന്നതിനിടയിലാണ് കാർണിവെൽ കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയായ സബ് കലക്ടറെ സ്ഥലം മാറ്റിയത്.

ഇത്രയും വലിയൊരു പരിപാടി നടക്കുമ്പോൾ ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രം ഉൾപ്പടെ മനസ്സിലാക്കി കാര്യങ്ങൾ നടപ്പാക്കാൻ നേതൃത്വം നൽകാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ആരുമുണ്ടായിരുന്നില്ലെന്ന പരാതിക്ക് അടിസ്ഥാനമായി ഇത്.

ദുരന്തനിവാരണ അതോറിറ്റിയെ കണ്ടവരുണ്ടോ?

കേരള സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് സംവിധാനങ്ങൾക്ക് കേരള സർക്കാർ വൻതുക ചെലവഴിച്ച് സ്ഥാപനം തന്നെ നടത്തുന്നുണ്ട്. പക്ഷേ കേരളത്തിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഈ സംവിധാനം തങ്ങളുടെ പ്രവർത്തന മികവ് കാണിച്ചതായി കാണാൻ കഴിയില്ല.

ഓഖി ആയാലും പ്രളയം ആയാലും വെള്ളം പോയതിന് ശേഷം അണകെട്ടുന്ന പരിപാടിയാണ് ഇവിടുത്തെ ദുരന്തനിവാരണ മാനേജ്മെന്റ് എന്ന പരിഹാസത്തിൽ പതിരില്ലെന്ന് കൊച്ചി അടിവരയിടുന്നു. ഇത്രയധികം ആളുകൾ വരുമ്പോൾ എന്ത് ചെയ്യണം എന്തായിരിക്കണം നടപടികൾ എന്നിവ മുൻകൂട്ടി വിഭാവനം ചെയ്ത് നൽകാനും നടപ്പാക്കാനും ജില്ലാതല ദുരന്ത നിവാരണ സംവിധാനത്തിന് സാധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.

ഭയത്തിൽ ജീവിക്കുന്നവർ

ഭരണകൂട സംവിധാനങ്ങളുടെ പിടിപ്പുകേടുകൾക്ക് എപ്പോഴും വില നൽകേണ്ടി വരുന്നത് പൗരസമൂഹമാണ്. കേരളത്തിൽ, ഒട്ടേറെ സംഘടനകളും പാർട്ടികളുമൊക്കെയുണ്ടെങ്കിലും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഭരണസംവിധാനങ്ങളുടെ പാളിച്ചകൾക്കും പിടിപ്പുകേടുകൾക്കുമെതിരെ വസ്തുനിഷ്ഠമായ വിമർശനങ്ങളോ പ്രതികരണങ്ങളോ ഉയർത്താൻ കഴിഞ്ഞ കുറേക്കാലമായി ആരും തയ്യാറാകുന്നില്ല.

സ്വകാര്യ സംഭാഷണത്തിനപ്പുറം ഭരണകൂടത്തിന്റെ പിടിപ്പുകേടുകൾ തിരുത്താൻ പരസ്യമായോ ഔദ്യോഗികമായ അനൗദ്യോഗിമായോ പറയാൻ പോലും ആരും തയ്യാറല്ല. പൊലീസ് ഉൾപ്പടെയുള്ള ഭരണസംവിധാനങ്ങൾ ഹോം സ്റ്റേകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന ഭയമാണ് ഇതിന് അടിസ്ഥാനം.

Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App.

Web Title: Administrative lapses mar new year celebrations at fort kochi pappanji