അവിടമാകെ കാടു പിടിച്ചും പകല്‍ പോലും ഇരുട്ട് കയറിയും കിടന്നു. നിറം മങ്ങിയ ചുവരുകളും പായല്‍ പിടിച്ച ഓടും അടഞ്ഞു കിടന്ന ആ വീടിനെ ഒരു പുരാതന കോട്ട പോലെ തോന്നിപ്പിച്ചു. അതുവഴി പോകുമ്പോഴൊക്കെ ഞാന്‍ ആ വീടിനെ നോക്കി നില്‍ക്കും. പിന്നീട് രാത്രി കിടന്നുറങ്ങുന്നതിന് മുമ്പ് പുതപ്പ് വലിച്ച് തല മൂടിക്കഴിയുമ്പോള്‍ മനഃപൂര്‍വം തന്നെ ആ വീടിനെ കുറിച്ച് ഓര്‍മ്മിക്കും. ഇന്ന് അവിടെ ആ വരാന്തയില്‍ കൂടി ഒരാള്‍ നടന്നില്ലേ? ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ അടഞ്ഞു കിടന്ന ജനല്‍പ്പാളി തുറന്ന് ആരോ നോക്കിയില്ലേ? അതെ, ആ വീടിനുള്ളില്‍ ആരോ ഉണ്ട്. അയാള്‍ എന്നെ കണ്ടിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ മതിലിന് പുറത്ത് നിന്ന് പഴയ വീടിനെ ആകമാനം നോക്കുന്ന കുട്ടിയെ അയാള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
പാതിരാത്രി കഴിയുമ്പോള്‍ നായ്ക്കളുടെ ഓരിയിടല്‍ കേള്‍ക്കാം. നായ്ക്കള്‍ അല്ല അവ ചെന്നായ്ക്കളാണ്. പകല്‍ സമയത്ത് അവ പാവം നായകളായി അഭിനയിക്കു കയാണ്. അവര്‍ക്ക് അയാളെ കാണാന്‍ കഴിയും. അയാള്‍ പതുക്കെ നടന്നു വരും. അയാള്‍ക്ക് മുന്നില്‍ പിടഞ്ഞു വീഴാത്ത ഒരു നായയുമില്ല, പിന്നെയാണോ എന്റെ വീട്ടിലെ റൂബി എന്ന നാടന്‍ നായ. അയാളെ ദുരെ നിന്ന് കാണുമ്പോള്‍ തന്നെ കുരയ്ക്കാനായി ഒന്ന് വായ തുറക്കുമ്പോള്‍ തന്നെ അവന്‍ കുഴഞ്ഞു വീഴും. അയാളുടെ മുന്നില്‍ തുറക്കാത്ത വാതിലുകളില്ല വഴി മാറിപ്പോകാത്ത ഒരു തടസവുമില്ല. അയാള്‍ എന്റെ അടുത്തെത്തും, പുതപ്പ് വലിച്ചു മാറ്റും. പിന്നെ… ഞാന്‍ ഇറുക്കി കണ്ണുകളടയ്ക്കും. ആ പേടിയുടെ ഓര്‍മ്മയില്‍ ഒരു കിടുങ്ങലോടെ കിടന്നുറങ്ങും.
ആരാണ് അയാള്‍? ഡ്രാക്കുള! മറ്റാരാണ്.
എന്റെ പത്താം വയസിലാണ് ഡ്രാക്കുള എന്നെ പിടികൂടുന്നത്. വീട്ടില്‍ ഒരു വലിയ മരപ്പെട്ടി ഉണ്ടായിരുന്നു. അതിന് പൂട്ടില്ല, പക്ഷേ തുറക്കണമെങ്കില്‍ മുതിര്‍ന്നവരുടെ സഹായം വേണം. എന്റെ കഷ്ടകാലത്തിന് ഒരു ദിവസം ഇളയമ്മാവന്‍ ആ പെട്ടി തുറന്നു. ഞാന്‍ ഓടിച്ചെന്നു, അതിനുള്ളില്‍ എന്താണ് എന്നറിയാന്‍. നിറയെ പുസ്തകങ്ങളാണ്. അപ്പൂപ്പന്റെ മരണശേഷമാണ് ആ പെട്ടി തുറക്കുന്നത്. പ്രഭാത് ബുക്ക് ഹൗസില്‍ മാനേജരായിരുന്ന അപ്പൂപ്പന്‍ പല തരത്തിലുള്ള പുസ്തകങ്ങള്‍ അതില്‍ സൂക്ഷിച്ചിരുന്നു. കൂടുതലും സോവിയറ്റ് സാഹിത്യം. പക്ഷേ അവയ്ക്കിടയില്‍ നിന്ന് എന്നെ തന്നെ തേടി വന്നതു പോലെ എന്റെ കൈയില്‍ പെട്ടത് ആരോ വിവര്‍ത്തനം ചെയ്ത് ഇറക്കിയ ഡ്രാക്കുള പുസ്തകം.
ഒരു രസത്തിന് വായിച്ചു തുടങ്ങിയതാണ്. പിന്നെ താഴെ വയ്ക്കാന്‍ പറ്റിയില്ല. പകല്‍ നേരങ്ങളില്‍ ഞാനും അമ്മൂമ്മയും മാത്രം ആ വലിയ വീട്ടില്‍ അവശേഷിക്കും. ഉരല്‍പ്പുരയിലും പിന്നാമ്പുറത്തും ആരും കയറാത്ത തട്ടിന്‍പുറത്തുമെല്ലാം ഡ്രാക്കുള പ്രഭു ഉണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു. ചെറിയ നിഴലാട്ടങ്ങളും കാല്‍പ്പെരുമാറ്റവും എന്നെ ഭയപ്പെടുത്തി.

ലോകത്തിന്റെ ഭൂപടം പോലും നേരെ കണ്ടിട്ടില്ലാത്ത അന്ന് റുമാനിയയും ബുഡാപെസ്റ്റുമെല്ലാം എന്റെ പരിചിത ഇടങ്ങളായി. അന്തിക്ക് വിളക്കു വയ്ക്കുമ്പോള്‍ എവിടെ നിന്നെങ്കിലും ഒരു കുരിശു കൂടി കിട്ടിയെങ്കിലെന്ന് ഞാന്‍ ആശിച്ചു. പകല്‍ പറമ്പില്‍ ചുറ്റിത്തിരിയുമ്പോള്‍ ഒരു സുരക്ഷയ്ക്ക് വേണ്ടി ചുള്ളിക്കമ്പുകള്‍ കൊണ്ട് ഉണ്ടാക്കിയ കുരിശ് ഒരെണ്ണം കൈയില്‍ കരുതി.
അങ്ങനെയിരിക്കെയാണ് എന്റെ വീടില്‍ നിന്നും അധികം അകലെയല്ലാതെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട് ഞാന്‍ കാണുന്നത്. വീട്ടിലുള്ളവരോടെ അത് ആരുടെ വീടാണ് എന്ന് ചോദിച്ചപ്പോള്‍ ജന്മിയുടെ വീട് എന്നാണ് ഉത്തരം കിട്ടിയത്. ജന്മി എന്നാല്‍ പ്രഭു. അപ്പോള്‍ അത് ഡ്രാക്കുള പ്രഭു തന്നെ അല്ലേ? ബ്രാം സ്റ്റോക്കറുടെ എഴുത്ത് അത്രമേല്‍ ഭ്രമിപ്പിച്ചിരുന്നതിനാല്‍ അത് ഡ്രാക്കുള പ്രഭുവിന്റെ വീട് തന്നെയെന്ന് ഉറപ്പിക്കാന്‍ എനിക്ക് എളുപ്പം കഴിഞ്ഞു.
ആ വീടിന് മുന്നിലുടെ പോകുമ്പോള്‍ അവിടെ ഞാന്‍ നോക്കി. പകല്‍ സമയത്ത് പ്രഭു പുറത്തിറങ്ങില്ല. പക്ഷേ അയാള്‍ വാതില്‍പ്പാളിയുടെ വിടവിലൂടെ എന്നെ നോക്കുന്നുണ്ട്. ജൊനാഥനെ പോലെ ഞാന്‍ അവിടേക്ക് കയറി ചെന്നാല്‍? എന്റെ കഴുത്തിന്റെ വലതുഭാഗത്ത് കൂടി ഒരു തണുപ്പ് അരിച്ചിറങ്ങി. രക്തധമനി കടിച്ചു മുറിക്കുന്ന രക്തരക്ഷസ്! ചിന്തിക്കാന്‍ കൂടി വയ്യ.

ജൊനാഥനും ലുസിയും മിനയും ഡോ. സിവാര്‍ഡും വാന്‍ ഹെല്‍സിംഹുമൊക്കെ മനസില്‍ നിറഞ്ഞു നിന്ന കഥാപാത്രങ്ങളാണെങ്കിലും എന്റെ തലച്ചോറില്‍ മുഴുവന്‍ ഡ്രാക്കുള പ്രഭു ആയിരുന്നു. ഓരോ പേജ് വായിക്കുമ്പോഴും അയാള്‍ കൊല്ലപ്പെടരുതേ എന്നാഗ്രഹിച്ചത് സംഭ്രമജനകമായ ആ നോവല്‍ തീരാതിരിക്കാനുള്ള സ്വാര്‍ത്ഥമായ ആഗ്രഹം ഒന്ന് കൊണ്ടു മാത്രമാവണം. പേടിയില്‍ സുഖം കണ്ടെത്തുന്നത് മനുഷ്യമനസിന്റെ ഇനിയും പിടി കിട്ടാത്ത നിഗൂഢതകളിലൊന്നാണ്.
ഒരു ദിവസം അടുക്കളയില്‍ നിന്നും വെളുത്തുള്ളി അല്ലികള്‍ എടുത്ത എന്നെ അമ്മൂമ്മ കൈയോടെ പിടികൂടി. വെളുത്തുള്ളി, രക്തം വാര്‍ന്നു മരിക്കുന്നത് തടയാനുള്ള ഒറ്റമൂലിയാണെന്നും ഇത് തലയണക്കീഴില്‍ വച്ചാല്‍ ഡ്രാക്കുള വരില്ലെന്നും ഞാന്‍ അമ്മൂമ്മയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. കള്ളിയങ്കാട്ട് നീലിക്ക് അപ്പുറം ഒരു യക്ഷിയെ പോലും അറിയാത്ത അമ്മൂമ്മ ഇത് കേട്ട് അന്തം വിട്ടു. വീട്ടില്‍ വരുന്നവരുടെയെല്ലാം കഴുത്തില്‍ നഖപ്പാട് ഉണ്ടോ എന്ന് ശ്രദ്ധിച്ചു നോക്കിക്കോണം എന്ന് കൂടി ഞാന്‍ പറഞ്ഞതിന് തല്ല് കിട്ടിയില്ലെന്നേ ഉള്ളൂ.
പെട്ടെന്ന് ഒരു ദിവസം അടഞ്ഞു കിടന്ന ആ വീട് തുറക്കപ്പെട്ടു. ജന്മിയുടെ കൈയില്‍ നിന്നും ആ വീട് ആരോ വാങ്ങി. ഒരു കത്തോലിക്കാ കുടുംബമാണ് താമസത്തിന് എത്തിയത്. അവരുടെ കൈയില്‍ കുരിശുണ്ട്. യേശുവിന്റെ പടവുമുണ്ട്. അപ്പോള്‍ ഡ്രാക്കുളയുടെ പണി നടക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. അത് വരെ എന്റെ വീടിന് അടുത്തൊന്നും ഒരു കത്തോലിക്കാ കുടുംബം ഇല്ല. മാര്‍ഗം കൂടി പെന്തക്കോസ്ത് ആയവരും ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തില്‍ പെട്ടവരുമാണ് അന്ന് അയല്‍ക്കാരായ ക്രിസ്ത്യാനികളായി ഞങ്ങള്‍ക്കുണ്ടായിരുന്നത്.
ഇവരുടെ വരവ് എനിക്ക് ആകപ്പാടെ ഒരു ഉന്മേഷം തന്നു എന്ന് പറയാതെ വയ്യ. ഒന്നാമത് അവിടെയുണ്ടായിരുന്ന ഡ്രാക്കുളയുടെ ശല്യം ഇല്ലാതായി. രണ്ടാമതായി അന്ന് വരെ അപരിചിതമായിരുന്ന രുചിയും ശീലങ്ങളും ആ വീട്ടില്‍ പിന്നീട് നിത്യസന്ദര്‍ശകനായി തീര്‍ന്ന എനിക്ക് കിട്ടി. അവിടെ നന്നായി വായിക്കുന്ന ഒരു ചേട്ടനുണ്ടായിരുന്നു. അയാളുടെ മേശവലിപ്പ് തുറന്നപ്പോള്‍ പല തരം നോവലുകള്‍ കിട്ടി. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,’ ‘ഖസാക്കിന്റെ ഇതിഹാസം,’ ‘ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു… അതാ അതിനിടയില്‍ പഴമയുടെ മണവും പേറി ഒരു പുസ്തകം. അതേ, ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള!’
- ലോകത്തെമ്പാടും ഭാവനയുടെ രക്തയോട്ടം സൃഷ്ടിച്ച രചനയാണ് ബ്രാം സ്റ്റോക്കാറുടെ ‘ഡ്രാക്കുള.’ ആ പുസ്തകം ലോകത്തു ചിറകു വിരിച്ചു പറക്കാൻ തുടങ്ങിയിട്ട് 125 വർഷം ആകുന്നു. ഡ്രാക്കുളയുടെ വായനയുടെയും സിനിമയുടെയും അനുഭവങ്ങൾ നിങ്ങൾക്കും എഴുതാം. നിങ്ങളുടെ ഡ്രാക്കുള അനുഭവ രചനകൾ iemalayalam@indianexpress.com എന്ന വിലാസത്തിൽ അയക്കുക. സബ്ജക്ട് ലൈനിൽ ‘ഡ്രാക്കുള – ഓർമ്മകൾ’ എന്ന് എഴുതുക