ഇന്ത്യൻ നിരത്തുകളിലേക്ക് കോംപാക്ട് എസ്‌യുവിയുമായി എത്തുകയാണ് പ്രമുഖ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൺ. ടൈഗൂൺ എന്ന വാഹനവുമായാണ് എസ്‌യുവി ശ്രേണിയിലേക്ക് ഫോക്സ്‌വാഗനുമെത്തുന്നത്. ടൈഗൂണ്‍ എസ്‌യുവിയുടെ കണ്‍സെപ്റ്റ് മോഡല്‍ നിര്‍മാതാക്കള്‍ അവതരിപ്പിച്ചു.ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിലാണ് കമ്പനി വാഹനം അവതരിപ്പിച്ചത്. അടുത്ത വർഷം വാഹനം ഇന്ത്യൻ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൈഗൂണിനൊപ്പം ടി-റോക്ക്, ടിഗുവാൻ, ടിഗുവാൻ ഓൾസ്പേസ് എന്നീ എസ്‌യുവി മോഡലുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്ടിന് കീഴിൽ MQB A0 IN പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ആദ്യ വാഹനമാണ് ടൈഗൂൺ.സ്‌കോഡയുടെ വിഷന്‍ ഇന്‍ കണ്‍സെപ്റ്റ് എസ്‌യുവിയുടെയും അടിസ്ഥാനം ഈ പ്ലാറ്റ്‌ഫോമാണ്.

ഫോക്‌സ്‌വാഗണ്‍ എസ്‌യുവി മോഡലായ ടിഗ്വാനില്‍ നിന്നും ടി-ക്രോസില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയാണ് ടൈഗൂണിലും കമ്പനി സ്വീകരിച്ചരിക്കുന്നത്. ആഗോളതലത്തിൽ പ്രശംസ നേടിയ ഡി‌എസ്‌ജി ഗിയർ‌ബോക്‌സിനൊപ്പം ഫോക്‌സ്‌വാഗന്റെ പ്രശസ്തമായ TSI സാങ്കേതികവിദ്യയാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

മസ്കുലാർ ഘടനയോടെയുള്ള ഡ്വുവൽ ടോൺ ബമ്പറാണ് മുൻവശത്തെ ആകർഷകമാക്കുന്നതെങ്കിൽ പിൻവശത്ത് ഒരു പുതിയ ഡിസൈൻ ഘടനയാണ് നൽകിയിരിക്കുന്നത്. ഇത് ഒരു എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ച് പൂർത്തിയാക്കിയിരിക്കുന്നു.

ഇത് ഫോക്‌സ്‌വാഗന്റെ എൽഇഡി സിഗ്നേച്ചർ ടെയിൽ ലാമ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നത് വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു. മൊത്തത്തിൽ ഒരു സ്‌പോർട്ടി എസ്‌യുവി രൂപകൽപ്പനയാണ് വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook