കോംപാക്ട് എസ്‌യുവി ശ്രേണിയിൽ ഫോക്സ്‌വാഗൺ അവതരിപ്പിക്കുന്ന ടി റോക് അടുത്ത മാസം വിപണിയിലെത്തും. മാർച്ച് 18നാണ് പ്രമുഖ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൺ ടി റോക് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് നിർമാതാക്കൾ വാഹനം അവതരിപ്പിച്ചത്.
ടൈഗൂൺ ഓൾസ്‌പെയ്‌സിനും ടൈഗൺ കോംപാക്‌ട് എസ്‌യുവിയിൽ നിന്നും വ്യത്യസ്തമായി പൂർണമായും ബിൽറ്റ് യൂണിറ്റ് (CBU) ആയാകും ഫോക്‌സ്‌വാഗൺ ടി-റോക്ക് ഇന്ത്യൻ വിപണിയിലേക്ക് എത്തുക. അതുകൊണ്ട് തന്നെ ചുരുങ്ങിയ എണ്ണം വാഹനങ്ങൾ മാത്രമായിരിക്കും വിൽപ്പനയ്ക്കുണ്ടാവുക. 20 ലക്ഷം രൂപയ്ക്കടുത്താണ് ടി റോക്കിന് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന എക്സ്‌ഷോറൂം വില.
ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസൺ തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും ഇന്ത്യൻ വിപണിയിൽ ഫോക്സ്‌വാഗൺ ടി റോക്കിന്റെ മത്സരം. 25000 രൂപ നൽകി ഇപ്പോൾ തന്നെ വാഹനം ബുക്ക് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് യൂറോപ്പിൽ എത്തിയ വാഹനം ഇപ്പോഴാണ് ഇന്ത്യയിലേക്കെത്തുന്നത്.
ഇന്ത്യയിൽ ഒരൊറ്റ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ മാത്രമാകും ടി-റോക്ക് എസ്‌യുവി വിൽപ്പനക്കെത്തുക. ഏഴ് സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക. 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന ടി-റോക്കിന് 8.4 സെക്കൻഡിനുള്ളിൽ 205 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.