ബെംഗളൂരു: പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI ലേക്ക് പരിഷ്കരിച്ച ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർസ്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആൻഡ് ടൂറിങ് സ്പോർട്ട് ബിഎസ്-VI മോഡലുകൾക്ക് 15.36 ലക്ഷം മുതൽ 24.06 ലക്ഷം വരെയായിരിക്കും എക്‌സ്ഷോറൂം വില. നവീകരിച്ചെത്തുന്ന എംപിവി വാഹനത്തിന്റെ ഡെലിവറികൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വിപണിയിൽ എത്തിയതിനുശേഷം തന്രേതായ ഒരിടം നേടാനും ഇക്കാലമത്രയും എംപിവി വിഭാഗത്തിൽ ഒരു പ്രധാന സ്ഥാനം നിലനിർത്താനും ഇന്നോവയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ടൊയോട്ട മോട്ടോർസ് ഇന്ത്യ സെയിൽസ്, സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു. ആഭ്യന്തര വിപണിയിലെ എംപിവി ശ്രേണിയിൽ 40 ശതമാനത്തോളം വിപണി പങ്കാളിത്തവും വാഹനത്തിനുണ്ടാവും. പുതിയ ബിഎസ്-VI ഇന്നോവ ക്രിസ്റ്റയ്ക്ക് ഉയർന്ന ഇന്ധനക്ഷമത ഉണ്ടാകുമെന്നും നവീൻ സോണി വ്യക്തമാക്കി.
വിപണിയിൽ എത്താനിരിക്കുന്ന പുതിയ പതിപ്പിൽ നിരവധി സവിശേഷതകളും സുരക്ഷാ ഉപകരണങ്ങളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-അസിസ്റ്റ് കൺട്രോൾ, എമർജൻസി ബ്രേക്ക് സിഗ്നൽ എന്നിവ എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡായി ഉൾപ്പെടുന്നു.
Read Also: മാന്ദ്യത്തിലും പിടിച്ചുനിന്ന് കാർ വിപണി; ഇതാ 2019 ൽ ഇന്ത്യൻ വിപണിയിലെത്തിയ മികച്ച കാറുകൾ
നിലവിലുള്ള ബിഎസ്-IV എഞ്ചിനുകളുടെ പരിഷ്കരിച്ച അതേ യൂണിറ്റുകളായിരിക്കും ബിഎസ്-VI ടൊയോട്ട ഇന്നോവ ക്രിസ്റ്റയിലുളളത്. ഇതിൽ രണ്ട് ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉൾപ്പെടുന്നു. 2.4 ലിറ്റർ, 2.8 ലിറ്റർ, ഒരു 2.7 ലിറ്റർ പെട്രോൾ യൂണിറ്റ് എന്നിവയാണ് ഇന്നോവയിൽ ഇടംപിടിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം ബിഎസ്-VI ടൊയോട്ട ഇന്നോവ ക്രിസ്റ്റ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കും.
2005 ലാണ് ടൊയോട്ട ഇന്നോവ എംപിവി ആദ്യമായി ഇന്ത്യൻ വിപണിയിൽ എത്തുന്നത്. രണ്ടാംതലമുറ ക്രിസ്റ്റ മോഡൽ 2016 ൽ ടൂറിങ് സ്പോർട്ട് പതിപ്പിനൊപ്പം പുറത്തിറക്കി. 2005 മുതൽ ഒമ്പത് ലക്ഷത്തിലധികം യൂണിറ്റുകളും വിറ്റ രാജ്യത്തെ ഏറ്റവും ജനപ്രിയ എംപിവി ഓഫറുകളിലൊന്നാണ് ഇന്നോവ. പുതുക്കിയ പതിപ്പായ ഇന്നോവ ക്രിസ്റ്റ 2016 മുതൽ 2.70 ലക്ഷം യൂണിറ്റുകളും വിപണിയിൽ വിറ്റഴിച്ചു.