ന്യൂഡൽഹി: ഡിസംബറിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ബഹുദ്ദേശ്യ വാഹനങ്ങളി(എംപിവി)ൽ മുമ്പൻ ജനപ്രിയ വാഹനമായ മാരുതി സുസുക്കി എർട്ടിഗ. 6,650 യൂണിറ്റ് വിൽപ്പനയാണ് ഡിസംബറിൽ എർട്ടിഗ എംപിവി നേടിയത്. എന്നാൽ 2018 ഡിസംബറിൽ വിറ്റ 7,155 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ വിൽപ്പനയിൽ ഏഴ് ശതമാനം ഇടിവ് നേരിട്ടു.
മഹീന്ദ്ര ബൊലേറോയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എംപിവി വാഹനങ്ങളുടെ പട്ടികയിൽ രണ്ടാമത്. 2018 ഡിസംബറിനെ അപേക്ഷിച്ച് വാഹനത്തിന്റെ വിൽപ്പനയിൽ 17 ശതമാനം ഉയർച്ച കൈവരിക്കാനും ഇന്ത്യൻ വാഹന നിർമാതാക്കൾക്ക് സാധിച്ചു. 2018 ൽ 4,832 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഇത്തവണയത് 5,661 യൂണിറ്റായി ഉയർന്നു.
ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ കഷ്ടപ്പെടുന്ന ഫ്രഞ്ച് ബ്രാൻഡായ റെനോയുടെ ഏറ്റവും പുതിയ എംപിവിയായ ട്രൈബർ ആഭ്യന്തര വിപണിയിൽ അത്ഭുതകരമായ വിജയമായി മാറുകയായിരുന്നു. തുടർച്ചയായി രണ്ടാം മാസവും വിൽപ്പനയുടെ കാര്യത്തിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ മൂന്നാം സ്ഥാനത്തെത്തി.
കമ്പനിയിൽ നിന്നുള്ള ബജറ്റ് ഫ്രണ്ട്‌ലി സബ് -4 മീറ്റർ കോംപാക്ട് എംപിവി 2019 ഡിസംബറിൽ 5,631 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഇത് ബൊലേറോയെക്കാൾ 30 യൂണിറ്റിന്റെ കുറവ് മാത്രമാണെന്നത് ശ്രദ്ധേയമാണ്.
എംപിവി വിഭാഗത്തിലെ എക്കാലത്തെയും ജനപ്രിയ മോഡലാണ് ജാപ്പനീസ് നിർമാതാക്കളായ ടെയോട്ടയുടെ ഇന്നോവ. അടുത്തിടെ വിൽപ്പനയിൽ പിന്നോട്ടു പോയെങ്കിലും വിപണിയിലെ സജീവ സാന്നിധ്യമാണ് ഈ പ്രീമിയം മോഡൽ. 2019 ഡിസംബർ മാസത്തിലെ വിൽപ്പനയിൽ നാലാം സ്ഥാനത്തെത്തിയ ഇന്നോവ ക്രിസ്റ്റയ്ക്ക് 3,414 യൂണിറ്റിന്റെ വിൽപ്പനയാണ് നേടാനായത്.
റെനോ ട്രൈബർ വിപണിയിൽ എത്തിയതോടെ ഇന്നോവയുടെ വിൽപ്പനയെ കാര്യമായി ബാധിച്ചു. എങ്കിലും ബിഎസ്-VI മോഡൽ ഉടൻ വിപണിയിൽ അവതരിപ്പിക്കുന്നതോടെ വരും മാസങ്ങളിൽ വിൽപ്പന മെച്ചപ്പെടുത്തുമെന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ.
Read Also: മാന്ദ്യത്തിലും പിടിച്ചുനിന്ന് കാർ വിപണി; ഇതാ 2019 ൽ ഇന്ത്യൻ വിപണിയിലെത്തിയ മികച്ച കാറുകൾ
എർട്ടിഗ എംപിവിയുടെ പ്രീമിയം ക്രോസ്ഓവർ മോഡലായ മാരുതി സുസുക്കി XL6 വിൽപ്പന കണക്കിൽ അഞ്ചാംസ്ഥാനത്തെത്തി. കഴിഞ്ഞ മാസം 2,521 യൂണിറ്റ് വിൽപ്പനയാണ് XL6 നേടിയത്. കമ്പനിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ ഷോറൂമുകൾ വഴിയാണ് വാഹനത്തിന്റെ വിൽപ്പന നടത്തുന്നത്. കൂടാതെ എർട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി അധിക സവിശേഷതകളും ഉപകരണങ്ങളും XL6ൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.
പട്ടികയിലെ അവസാന അഞ്ച് സ്ഥാനങ്ങളിൽ മഹീന്ദ്ര മറാസോ, ടാറ്റ ഹെക്സ, ഹോണ്ട ബിആർ-വി, ഡാറ്റ്സൺ ഗോ പ്ലസ്, മഹീന്ദ്ര സൈലോ എന്നിവ ഉൾപ്പെടുന്നു. 2018ലാണ് മറാസോ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. അവതരിപ്പിച്ചശേഷം മാന്യമായ സംഖ്യകളിൽ വിൽപ്പന നടത്തിയെങ്കിലും പിന്നീട് കാര്യമായ ഇടിവ് സംഭവിക്കുകയായിരുന്നു.
2019 ഡിസംബറിൽ മറാസോ 1,292 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 2018ൽ ഇത് 3,206 യൂണിറ്റായിരുന്നു. അതായത് ഇത്തവണത്തെ വിൽപ്പനയിൽ 60 ശതമാനത്തോളം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
മറ്റ് മോഡലുകളിലേക്ക് നോക്കുമ്പോൾ ടാറ്റ ഹെക്സ 317 യൂണിറ്റും ഹോണ്ട ബിആർ-വി 82 യൂണിറ്റ് വിൽപ്പനയും ഡാറ്റ്സൺ ഗോ പ്ലസ് 67, മഹീന്ദ്ര സൈലോ 41 യൂണിറ്റ് എന്നിങ്ങനെ വിറ്റഴിച്ചു.