കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്ക് ശേഷം വാഹന വിപണിയും സജീവമാവുകയാണ്. അതിവേഗം കുതിക്കുന്ന ഇന്ത്യൻ നിരത്തുകളിലേക്ക് പ്രമുഖ വാഹന നിർമാതാക്കളെല്ലാം അവരുടെ ഏറ്റവും പുതിയ മോഡലുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ്. പുതുവർഷത്തിൽ വലിയ പ്രതീക്ഷകളാണ് ഓരോ കമ്പനിയ്ക്കുമുള്ളത്. ടാറ്റയുടെ സഫാരി ഈ ഗണത്തിൽ മുൻനിരയിലുണ്ട്.
ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് പുതുവർഷം വിപണിയിലെത്തിക്കുന്ന പ്രധാനപ്പെട്ട മോഡലുകളിൽ ഒന്നാണ് ടാറ്റ സഫാരി. വർഷങ്ങളോളം ഇന്ത്യൻ നിരത്തുകളിൽ എസ്‌യുവിയുടെ അവസാന വാക്കായിരുന്ന സഫാരി രണ്ടാം വരവാണിത്. പുത്തൻ മോഡലുകളുടെ വരവോടെ പ്രതാപം നഷ്ടപെട്ട സഫാരിയെ കഴിഞ്ഞ വർഷം ഏപ്രിലിൽ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ടാറ്റ ഏകദേശം മറന്നിരുന്നു. എന്നാൽ വീണ്ടും വിപണിയിൽ സജീവമാകാനൊരുങ്ങുകയാണ് സഫാരി.
ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലാണ് സഫാരി എസ്‌യുവിയും ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ടാറ്റ ഹാരിയര്‍ എസ്.യു.വിയുമായി രൂപത്തില്‍ സാമ്യമുള്ള വാഹനമാണ് സഫാരി. ബൈ ആരോ ഡിസൈനിലുള്ള ഗ്രില്ലാണ് ഹാരിയറില്‍ നിന്ന് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്. അതേസമയം, ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്‌ലാമ്പ്, ബംമ്പര്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം ഹാരിയറില്‍ നല്‍കിയിട്ടുള്ളതിന് സമാനമാണ്. ഹാരിയറിന്റെ സെവൻ സീറ്റർ മോഡൽ പേര് മാറ്റി ടാറ്റ എത്തിക്കുന്നുവെന്നും സഫാരിയെപറ്റി പറയപ്പെടുന്നു.
ജനുവരി 26ന് വാഹനം വിൽപ്പനയ്ക്കെത്തും. മഹാരാഷ്ട്രയിലെ പൂനെയിലുള്ള ടാറ്റയുടെ പ്ലാന്റിലാണ് സഫാരിയുടെ നിർമാണം. നിർമാണം പൂർത്തിയാക്കിയ സഫാരിയുടെ ആദ്യ മോഡൽ ടാറ്റ പ്രദർശിപ്പിച്ചിരുന്നു. ടാറ്റയുടെ പുതിയ മുൻനിര എസ്‌യുവിയായിരിക്കും ഇത് ഹാരിയറിനേക്കാൾ നീളവും വീതിയും ഉയരവും ഇതിനുണ്ട്.