മുംബൈ:ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോ 2020ൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മോഡലാണ് ടാറ്റയുടെ എച്ച്ബിഎക്സ്. മിനി എസ്‌യുവി സീരിസിലെത്തുന്ന വാഹനം ഈ വർഷം തന്നെ വിപണിയിലെത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. സിയെറ എന്ന മറ്റൊരു മോഡൽ ഉടൻ തന്നെ വിപണിയിലെത്തിക്കുമെന്ന് ടാറ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്ബിഎക്സും ഇന്ത്യൻ നിരത്തുകൾ കീഴടക്കാനെത്തുന്നത്.

നെക്സോണിനും താഴേയാകും വാഹനം സ്ഥാനം പിടിക്കുക. കഴിഞ്ഞ വർഷം ജനീവ മോട്ടോർ ഷോയിൽ H2X എന്നൊരു മോഡൽ കൺസെപ്റ്റ് ടാറ്റ അവതരിപ്പിച്ചിരുന്നു. ഇതിന്റെ പരിഷ്കരിച്ച പതിപ്പാണ് എച്ച്ബിഎക്സ്. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും വാഹനം വിപണിയില്‍ എത്തുക.


Also Read: ‘ടൈഗൂൺ’ കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് ഫോക്സ്‌വാഗൺ

എച്ച്2എക്സിന്റെ മോഡൽ കൺസെപ്റ്റിന്റെ ഡിസൈനിൽ നിന്ന് മാറ്റം വരുത്താതെ പ്രായോഗികമായ ചില മാറ്റങ്ങൾ മാത്രം വരുത്തി എച്ച്ബിഎക്സ് വിപണിയിലെത്തിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. ഓഫ് റോഡിനും അനുയോജ്യമാകുന്ന തരത്തിലാണ് വാഹനത്തിന്റെ നിർമാണമെന്നാണ് വിവരം. മുന്നിൽ നിന്ന് നോക്കുമ്പോൾ വലിയ വാഹനമെന്ന് തോന്നിക്കുന്ന ഡിസൈനാണ് പ്രധാന സവിശേഷതകളിലൊന്ന്. ഇഗ്നിസ്, KV100 മോഡലുകളെക്കാൾ വലിയ വാഹനം തന്നെയാണ് എച്ച്ബിഎക്സ്.

Also Read: റോയലാകാൻ ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ; വിൽപ്പന ഒറ്റദിവസത്തേക്ക് മാത്രം

നെക്‌സോണിലും ഹാരിയറിലും കണ്ടിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, നേര്‍ത്ത എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ സവിശേഷതകള്‍. ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് B-പില്ലര്‍, എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്. പിന്നിൽ ഡ്വുവൽ ടോൺ ബമ്പറും സ്കിഡ് പ്ലേറ്റും മാറ്റ് കൂട്ടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook