മുംബൈ: ഇന്ത്യൻ​ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന​ ഏറ്റവും പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിനായുള്ള ഔദ്യോഗിക ബുക്കിങ് സ്വീകരിച്ചു തുടങ്ങി.

ബുക്കിങ് തുടങ്ങിയതായി സ്ഥിരീകരിക്കുന്ന പുതിയ ടീസർ വീഡിയോ കമ്പനി പുറത്തുവിട്ടു. ഓൺലൈനായോ കമ്പനി ഡീലർഷിപ്പുകൾ വഴിയോ ടാറ്റ​ ആൾട്രോസ് ബുക്ക് ചെയ്യാം. 21,000 രൂപയാണ് ബുക്കിങ് തുക.  2020 ജനുവരിയിൽ വാഹനം വിൽപ്പനയ്‌ക്കെത്തും.

ടാറ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് മോഡലാണ് ആൾട്രോസ്. കമ്പനിയുടെ ഏറ്റവും പുതിയ ‘ആൽഫ’ പ്ലാറ്റ്ഫോമിൽ വിപണിയിൽ എത്തുന്ന ആദ്യത്തെ മോഡൽ കൂടിയാണിത്.  മുൻ പ്ലാറ്റ്ഫോമുകളേക്കാൾ ഭാരം കുറഞ്ഞതും ശക്തവും മികച്ചതുമാണിതെന്നാണ് ടാറ്റയുടെ​ അവകാശവാദം. മെച്ചപ്പെട്ട ഡ്രൈവിങ് സവിശേഷതകളും ഹാൻഡിലിങ്ങും വാഗ്ദാനം ചെയ്യാൻ ആൾ‌ട്രോസിനെ പുതിയ പ്ലാറ്റ് ഫോം അനുവദിക്കുന്നു.

Read Also: ഇരുചക്രവാഹന വിപണിയിൽ ആക്ടീവ തന്നെ ആക്ടീവ്; ഓരോ അഞ്ചു മിനിറ്റിലും അഞ്ചു പുതിയ ഉപഭോക്താക്കൾ

ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ ‘ഇംപാക്റ്റ് 2.0’ ഡിസൈൻ ഭാഷയും ആൾട്രോസിൽ ഉൾക്കൊള്ളുന്നു. ഹാരിയർ എസ്‌യുവിക്ക് ശേഷം ബ്രാൻഡിന്റെ പുതിയ ഡിസൈൻ ശൈലി സ്വീകരിക്കുന്ന രണ്ടാമത്തെ മോഡലാണിത്. സുരക്ഷാ ഉപകരണങ്ങളുടെ നീണ്ട പട്ടിക ആൾ‌ട്രോസിലുണ്ട്.

ഇന്ത്യൻ വിപണിയിൽ 90 ഡിഗ്രി തുറക്കാവുന്ന ഡോറുകൾ ഹാച്ച്ബാക്കിന്റെ​​ ആകർഷണങ്ങളിൽ​ ഉൾപ്പെടുന്നു. എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ‌ലൈറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഏഴ് ഇഞ്ച് ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സ്റ്റാൻഡേർഡായും മറ്റ് നിരവധി സവിശേഷതകളുമാണ് വാഹനത്തിന്റെ മറ്റ് പ്രത്യേകതകൾ.

ടാറ്റ ആൾട്രോസ് രണ്ട് എൻജിൻ ഓപ്ഷനുകളിൽ തിരഞ്ഞെടുക്കാനാകും. അതിൽ 1.2 ലിറ്റർ ത്രീ സിലിണ്ടർ റിവോട്രോൺ പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ റിവോട്ടോർക്ക് ഡീസൽ എന്നിവ ഉൾപ്പെടുന്നു. പെട്രോൾ യൂണിറ്റ് 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എൻജിൻ 90 bhp, 200 Nm torque എന്നിവ സൃഷ്ടിക്കുന്നു.

രണ്ട് എൻജിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുന്നു. തുടക്കത്തിൽ മാനുവൽ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക. എന്നാൽ സമീപ ഭാവിയിൽ ഓട്ടോമാറ്റിക്ക് ഗിയർബോക്സ് വാഹനത്തിൽ ഉൾപ്പെടുത്തുമെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook