ന്യൂഡൽഹി: ടൂവീലർ വിപണിയിലെ വമ്പന്മാരായ റോയൽ എൻഫീൽഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ വിപണിയിലെത്തിക്കുന്നു. ഏപ്രിലോടെ ഇന്ത്യയിൽ ബിഎസ് VI മലിനീകരണ നിയമങ്ങൾ പ്രാബല്യത്തിൽ വരുകയാണ്. ഈ സാഹചര്യത്തിൽ 500 സിസി മോഡലുകളുടെ ഉൽപ്പാദനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായാണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ ഫ്ലാഷ് സെയിൽ നടത്തുന്നത്.

ഫെബ്രുവരി 10നാണ് വാഹനം വിൽപ്പനയ്ക്കെത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന വിൽപ്പന വൈകിട്ട് അഞ്ചിന് അവസാനിക്കും. ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എന്ന് പേരിലാകും ലിമിറ്റഡ് എഡിഷന്‍ മോഡല്‍ പുറത്തിറങ്ങുക. 50,000 രൂപയാണ് ബുക്കിങ് തുക. ബുക്കിങ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ തുക തിരികെ ലഭിക്കില്ലെന്നു കമ്പനി അറിയിച്ചു. വാഹനം ആവശ്യമുള്ളവര്‍ക്ക് റോയൽ എൻഫീൽഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യാം.

വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. “End Of Build” എന്ന് എഴുതിയ വാഹനങ്ങളാണ് വിൽപ്പനയ്ക്കെത്തുന്നത്. ഇതിലൂടെ ഈ വാഹനം ഉടമയ്ക്ക് തികച്ചും വിശിഷ്ടമാണെന്ന് നിർമാതാക്കൾ വ്യക്തമാക്കുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഡ്യുവല്‍ ടോണ്‍ ഫിനിഷുമായാണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ എത്തുന്നത്.

499 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, ട്വിന്‍-സ്പാര്‍ക്ക്, ഫ്യുവല്‍-ഇന്‍ജെക്ഷന്‍ എഞ്ചിന്‍ ആണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷനിലും ഉള്‍പ്പെടുത്തുന്നത്. ഈ എഞ്ചിന്‍ 27.2 bhp കരുത്തും 41.3 Nm ടോർഖും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്.

ബിഎസ് VI നവീകരണം നടപ്പാക്കുന്നതോടെ 500 സിസി ശ്രേണിയിലെ വാഹനങ്ങളുടെ ഉൽപ്പാദനം നിലയ്ക്കും. 500 സിസി കരുത്തുമായി ഇന്ത്യൻ നിരത്ത് വാണിരുന്ന ക്ലാസിക്, ബുള്ളറ്റ്, തണ്ടര്‍ ബേര്‍ഡ് എന്നീ മോഡലുകളുടെയെല്ലാം ഉൽപ്പാദനമാണ് റോയൽ എൻഫീൽഡ് അവസാനിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook