യുവത്വത്തിന്റെ ഹരമാണ് റോയൽ എൻഫീൾഡ് ബൈക്കുകൾ. ബുള്ളറ്റ് വേഗതയിൽ അതീവ ഗാംഭീര്യത്തോടെ നിരത്ത് കീഴടക്കുന്ന ബൈക്കുകൾ ഇന്ത്യൻ റൈഡർമാരെ സംബന്ധിച്ചടുത്തോളവും പ്രിയപ്പെട്ട ബ്രാൻഡാണ്. എന്നാൽ ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൾഡിന്റെ 500 സിസി ബൈക്കുകളുടെ വിൽപ്പന അവസാനിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ബുള്ളറ്റ് 500, ക്ലാസിക് 500, തണ്ടർബേഡ് 500 എന്നീ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പന അവസാനിപ്പിക്കാനൊരുങ്ങുന്നത്.

Also Read: 150 കിലോമീറ്റർ മൈലേജുമായി അൾട്രവയലറ്റ് F77; സൂപ്പർ ബൈക്ക് അവതരിപ്പിച്ച് ദുൽഖർ സൽമാൻ

ആളുകളുടെ പ്രിയപ്പെട്ട വാഹനമാണെങ്കിലും 500 സിസി വാഹനങ്ങൾക്ക് ആവശ്യക്കാർ കുറവാണ്. ഈ കുറവ് തന്നെയാണ് കമ്പനിയെ നിർണായക തീരുമാനത്തിലേക്ക് നയിച്ചതും. ബിഎസ്6 സ്റ്റാൻഡേർഡിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോഴുണ്ടാകുന്ന ഉയർന്ന ചെലവും വിൽപ്പന അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി കരുതുന്നു.

പകരം 350 സിസി വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുതിയതും അപ്ഗ്രേഡ് ചെയ്തതുമായ 350 സിസിയുടെ കൂടുതൽ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി.

Also Read: ‘മേക്ക് യുവർ ഓൺ’; നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ റോയൽ എൻഫീൾഡ് ഒരുക്കാനവസരം

മേക്ക് യുവർ ഓൺ ഉൾപ്പടെയുള്ള പദ്ധതികളിലൂടെ കൂടുതൽ ആളുകളെ റോയൽ എൻഫീൾഡ് വാഹനങ്ങളിലേക്ക് ആകർഷിക്കുന്നതിനും ശ്രമമുണ്ട്. മേക്ക് യുവർ ഓൺ എന്ന പരിപാടിയിലൂടെ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പേഴ്സണലൈസ് ചെയ്യാൻ അവസരമൊരുക്കുകയാണ് കമ്പനി. ഒരു വാഹനം ബുക്ക് ചെയ്ത് കഴിഞ്ഞാൽ അതിൽ ഉപയോഗിക്കേണ്ട വസ്തുക്കൾ നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാൻ സാധിക്കും. ഇതുവഴി നിങ്ങളുടെ വാഹനത്തിന് വ്യത്യസ്തമായ ലുക്ക് നൽകാൻ സാധിക്കും. ഇത്തരത്തിൽ ഉപയോഗിക്കുന്ന ആക്സസറീസിന് രണ്ടു വർഷ വാറന്റിയും കമ്പനി നൽകുന്നു.

തുടക്കത്തിൽ ക്ലാസിക് 350 മോഡലിൽ മാത്രമാണ് മേക്ക് യുവർ ഓൺ പദ്ധതി വഴി ഉപയോക്താവിന് സ്വന്തം ഇഷ്ടമനുസരിച്ച് വാഹനം ഡിസൈൺ ചെയ്യാൻ സാധിക്കു. പിന്നീട് മറ്റു മോഡലുകൾക്കും ഇത് ലഭ്യമാക്കുമെന്ന് കമ്പനി ഉറപ്പു നൽകുന്നു. രാജ്യത്തെ ആറ് നഗരങ്ങളിലെ 141 ഷോറൂമുകളിലാകും ഇത്തരത്തിൽ മേക്ക് യുവർ ഓൺ പദ്ധതി നടപ്പാക്കാൻ റോയൽ എൻഫീൾഡ് ലക്ഷ്യമിടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook