ചെന്നൈ: റെട്രോ ക്ലാസിക്ക് മോട്ടോർ സൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യ ബിഎസ്-VI മോഡലായ ക്ലാസിക്ക് 350 വിപണിയിൽ അവതരിപ്പിച്ചു. പരിഷ്കരിച്ച പതിപ്പിന് 1.65 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

നിലവിലുള്ള ബിഎസ്-IV മോഡലിനെ അപേക്ഷിച്ച് 11,000 രൂപയുടെ വർധനവാണ് ബിഎസ്-VIന് ഉണ്ടായിരിക്കുന്നത്. എൻജിൻ പരിഷ്കരണത്തിന് പുറമെ നിരവധി നവീകരണങ്ങളും വാഹനത്തിന് ലഭിച്ചിട്ടുണ്ട്.

346 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് യൂണിറ്റിന്റെ പരിഷ്കരിച്ച പതിപ്പിന്റെ കൃത്യമായ കണക്കുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിലുള്ള ക്ലാസിക്ക് 350 19.8 bhp കരുത്തിൽ 28 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എൻജിൻ ജോഡിയാക്കിയിരിക്കുന്നത്.

പുതിയ ക്ലാസിക്ക് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തോടെയാണ് വിപണിയിൽ എത്തുക. ഇത് ഈ വർഷം ഏപ്രിൽ മുതൽ നടപ്പിലാക്കുന്ന കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാൻ ഇത് ക്ലാസിക്ക് 350യെ സഹായിക്കുന്നു.

Read Also: ബിഎസ്-VI ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

എൻജിൻ നവീകരണത്തിനു പുറമെ റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ബിഎസ്-VI ൽ പുതിയ സെറ്റ് അലോയ് വീലുകളും സ്റ്റെൽത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക് എന്നീ രണ്ട് പുതിയ കളർ സ്കീമുകളും കമ്പനി അവതരിപ്പിക്കുന്നു. ഇവയോടൊപ്പം സിഗ്നൽസ്‌ എയർ‌ബോൺ‌ ബ്ലൂ, സിഗ്‌നൽ‌ സ്റ്റോം‌റൈഡർ‌ സാൻ‌ഡ്, ഗൺ‌മെറ്റൽ ഗ്രേ, ക്ലാസിക്ക് ബ്ലാക്ക് കളർ ഓപ്ഷനുകളും ലഭ്യമാകും.

പുതിയ ബിഎസ്-VI റോയൽ എൻഫീൽഡ് ക്ലാസിക്ക് 350ക്കായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലും 10,000 രൂപ ടോക്കൺ തുകയ്ക്ക് ഉപഭോക്താക്കൾക്ക് മോട്ടോർ സൈക്കിൾ ബുക്ക് ചെയ്യാം.

അതേസമയം, റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ മോഡലുകളുടെ അടുത്ത തലമുറ ആവർത്തനങ്ങളിൽ പ്രവർത്തിച്ചുവരികയാണെന്ന് പറയപ്പെടുന്നു. ഇതിൽ ക്ലാസിക്ക്, ബുള്ളറ്റ്, തണ്ടർബേഡ് സീരീസ് ഉൾപ്പെടുന്നു. റോയൽ എൻഫീൽഡിൽ നിന്നുള്ള അടുത്ത തലമുറ മോഡലുകൾ 2020 പകുതിയോടെ വിൽപ്പനയ്‌ക്കെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook