ന്യൂഡൽഹി: പ്രമുഖ വാഹന നിർമാതാക്കളായ എംജി മോട്ടോറിന്റെ ഏറ്റവും പുതിയ മോഡൽ ഇന്ത്യൻ വിപണിയിലേക്കും എത്തുന്നു. ഇലക്ട്രിക് വാഹന ശ്രേണിയിലെത്തുന്ന എംജി ZS ന്റെ പ്രെമോ വീഡിയോ കമ്പനി പുറത്തിറക്കി. ആഗോള വിപണിയിൽ eZS എന്നറിയപ്പെടുന്ന വാഹനം ഹെക്ടറിന് ശേഷം മോറിസ് ഗ്യാരേജസ് മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലോ നാലാം പാദത്തിലോ വാഹനം ഇന്ത്യയിൽ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ 2019 ഡിസംബറിലോ 2020 ജനുവരിയിലോ വാഹനം ഇന്ത്യൻ വിപണി കീഴടക്കാനെത്തും.

ഇന്ത്യൻ സ്‌പെഷ്യൽ മോഡലിന്റെ സ്‌പെസിഫിക്കേഷൻസ് എന്തൊക്കെയാണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യൂറോപ്യൻ മോഡലിന്റെ പ്രധാന പ്രത്യേകത 44.5 kWh ബാറ്ററിയാണ്. സമാന ബാറ്ററി ഇന്ത്യൻ മോഡലിലുമുണ്ടാകും. 7kW ചാർജർ ഉപയോഗിച്ച് ഏഴു മണിക്കൂർ കൊണ്ട് പൂർണമായും വാഹനം ചാർജ് ചെയ്യാൻ സാധിക്കും. 50kW ഡിസി ചാർജർ ഉപയോഗിച്ചാണ് ചാർജ് ചെയ്യുന്നതെങ്കിൽ വെറും 40 മിനിറ്റ് കൊണ്ട് 80 ശതമാനം ബാറ്ററി അതിവേഗം ചാർജ് ചെയ്യാൻ സാധിക്കും. ഒറ്റ ചാർജിൽ 300 കിലോമീറ്ററാണ് വാഹനത്തിന്റെ മൈലേജ്.

വാഹനം എങ്ങനെ ചാർജ് ചെയ്യുമെന്ന ഉപഭോക്താക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും ഇതിനോടകം കമ്പനി രാജ്യത്ത് ആവഷ്കരിച്ച് തുടങ്ങികഴിഞ്ഞു. ഫോർതൂമുമായി ഡിസി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ തന്നെ ആദ്യ 50KW ചാർജിങ് സ്റ്റേഷനാണ് കമ്പനി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook