വാഹന നിർമ്മാണ രംഗത്തെ വമ്പന്മാരായ എംജി അവരുടെ ഇലക്ട്രിക് കാർ ശ്രേണിയിലെ ZS ഒടുവിൽ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ്. എക്സൈറ്റ്, എക്സ്ക്ലൂസിവ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എംജി ZS ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഒരുങ്ങുന്നത്. എക്‌സൈറ്റിന് 20.88 ലക്ഷം രൂപയും എക്‌സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില.
എംജിയുടെ ഹെക്ടർ എസ്‌യുവിക്ക് ശേഷം കമ്പനി പ്രാദേശികമായി നിർമ്മിക്കുന്ന രണ്ടാമത്തെ വാഹനമാണ് എംജി ZS. 2019 ഡിസംബർ 21 മുതൽ എംജി വാഹനത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. ജനുവരി 17ന് പ്രീബുക്കിങ്ങ് അവസാനിക്കുമ്പോൾ 2800 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ നേരത്തെ ബുക്ക് ചെയ്തവർക്ക് ഒരു ലക്ഷം രൂപയാണ് കമ്പനി ഡിസ്ക്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നിങ്ങനെ അഞ്ച് നഗരങ്ങളിലാണ് വാഹനമെത്തുക. ചാർജിങ് സൗകര്യങ്ങൾ വികസിക്കുന്നതനുസരിച്ച് മറ്റ് നഗരങ്ങളിലും വാഹനമെത്തും.
IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS എംജി ZS EV ക്ക് കരുത്തേകുന്നത്. ഇത് 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന എംജി ZSന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്.
ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 15ampന്റെ സോക്കറ്റിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന ഓൺബോർഡ് കേബിളും വാഹനത്തിൽ ലഭ്യമാണ്. 4,314 mm നീളവും 1,809 mm വീതിയും 1,620 mm ഉയരവും 2,579 mm വീല്‍ബേസുമാണ് വാഹനത്തിലുള്ളത്.
എംജി ഹെക്ടറിന് സമാനമായി 50ലധികം കണക്ടീവിറ്റി ഫീച്ചേഴ്സ് എംജി Zsലും ലഭ്യമാകും. ഡാഷ്ബോർഡിൽ എട്ട് ഇഞ്ചിന്റെ ടച്ച് സ്ക്രീനോട് കൂടിയ ഇൻഫോട്ടെയ്മന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. പൂര്‍ണമായും ബ്ലാക്ക് തീമിലാണ് ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. സ്വിച്ചുകളുടെ ആധിക്യമില്ലാത്ത സെന്റര്‍ കണ്‍സോളാണ് ഇലക്ട്രിക്ക് എസ്‌യുവിയുടെ പ്രധാന ആകര്‍ഷണം. സിംഗിള്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ്സ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് എന്നിവയാണ് വാഹനത്തിന്റെ ഉൾവശത്തെ മറ്റു ഫീച്ചറുകള്‍.
മേൽക്കൂരയുടെ 90 ശതമാനം വിസ്തൃതിയുള്ള ഒരു പൂർണ്ണ പനോരമിക് സൺറൂഫ് വാഹനത്തിന് മാറ്റ് കൂട്ടുന്നു. സ്‌പോർട്, നോർമൽ, ഇക്കോ എന്നിങ്ങനെ 3 ഡ്രൈവ് മോഡുകൾ ഓഫറിൽ ഉണ്ട്. റോട്ടറി ട്രാൻസ്മിഷൻ നോബിന് മുകളിലുള്ള ടോഗിൾ സ്വിച്ചുകൾ വഴി ഇത് തിരഞ്ഞെടുക്കാം.
സുരക്ഷയ്ക്ക് പലപ്പോഴും വലിയ പ്രാധാന്യം നൽകുന്ന എംജി ZSലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇസിഎസ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്സ് ക്യമാറ വിത്ത് ഡൈനാമിക് ലൈന്‍സ്, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നു വാഹനത്തിലെ സുരക്ഷ സംവിധാനങ്ങൾ.