ഇന്ത്യൻ റോഡുകളിലെ ഇഷ്ട ബ്രാൻഡാണ് മാരുതി. കമ്പനിയുടെ ഹിറ്റ് വാഹനങ്ങളുടെ ഗണത്തിലേക്കാണ് ചെറു എസ്‌യുവി എസ്‌പ്രെസോയും എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് വലിയ വിൽപ്പനയാണ് എസ്‌പ്രെസോ വാഹനങ്ങളിൽ കമ്പനി നടത്തിയിരിക്കുന്നത്.

ആദ്യ മാസം 10364 യൂണിറ്റ് എസ്‌പ്രെസോ വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിൽ വിറ്റത്. ഇതോടെ ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള പത്തു വാഹനങ്ങളുടെ പട്ടികയിലും എസ്‌പ്രെസോ ഇടംപിടിച്ചു.

സെപ്റ്റംബർ 30നാണ് എസ്‌പ്രെസോ ഇന്ത്യൻ വിപണിയിലെത്തിയത്. ആദ്യ പത്ത് ദിവസത്തിനുള്ളിൽ തന്നെ 10000 ബുക്കിങ്ങുകൾ ലഭിച്ചിരുന്നു. നാല് വ്യത്യസ്ത വിഭാഗങ്ങളിലാണ് വാഹനം ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. എക്സ്‌ഷോറും വില 3.71 ലക്ഷം മുതൽ 4.94 ലക്ഷം രൂപ വരെ. അടിസ്ഥാന വകഭേദത്തിന് 3.71 ലക്ഷം രൂപയും എൽഎക്സ്ഐ വകഭേദത്തിന് 4.08 ലക്ഷം രൂപയും വിഎക്സ്ഐയ്ക്ക് 4.27 ലക്ഷം രൂപയും വിഎക്സ്ഐ എജിഎസിന് 4.77 ലക്ഷം രൂപയുമാണ്.

യുവാക്കളെ ലക്ഷ്യമിട്ടാണ് മരുതി എസ്‌പ്രെസോ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്റ്റൈലിഷ് ലുക്ക് തന്നെയാണ് വാഹനത്തിന്. 68 എച്ച്പിയും 90 എൻ‌എം ടോർക്കും പുറപ്പെടുവിക്കുന്ന 1.0 ലീറ്റർ എൻജിനാണ് എസ്പ്രെസോയുടേത്.

വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളും എടുത്തുപറയേണ്ടതാണ്. എബിഎസ് വിത്ത് ഇബിഡി, എയർബാഗ് തുടങ്ങി പത്തിലധികം സുരക്ഷാ സംവിധാനങ്ങളുണ്ട്. ഹാർടെക് പ്ലാറ്റ്ഫോമിന്റെ അഞ്ചാം തലമുറയിലാണ് എസ്പ്രസോയുടെ നിർമാണം. ലീറ്ററിന് 21.7 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook