ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം ആഭ്യന്തര വിപണയിൽ പുതിയ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായി അടുത്തിടെ ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ 390 അഡ്വഞ്ചറിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു.

നേക്കഡ് സ്ട്രീറ്റ് മോഡലായ ഡ്യൂക്ക് 390-യെ അടിസ്ഥാനമാക്കി എത്തുന്ന പുതിയ 390 അഡ്വഞ്ചർ 2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് കെടിഎം ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ എൻട്രി ലെവൽ അഡ്വഞ്ചർ ടൂററായ 250 സിസി മോഡലിനെയും ഉടൻ പുറത്തിറക്കുമെന്ന് കെടിഎം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. അടുത്ത വർഷം പകുതിയോടെയാണ് വാഹനം ഇന്ത്യൻ വിപണിയിൽ എത്തിക്കുക.

രാജ്യത്ത് അഡ്വഞ്ചർ ടൂറർ മോഡലുകൾക്ക് വർധിച്ചു വരുന്ന ജനപ്രീതി കണക്കിലെടുത്താണ് ഓസ്ട്രിയൻ നിർമാതാക്കളുടെ ഈ പദ്ധതി. ഉയർന്ന മോഡലായ 390 അഡ്വഞ്ചറിനെ അടിസ്ഥാനമാക്കിയാണ് എൻട്രി ലെവൽ മോഡലിന്റെ നിർമാണവും പൂർത്തിയാക്കിയിരിക്കുന്നത്. അതായത് സമാനമായ രൂപകൽപ്പന, ചാസി, ഫെയിം എന്നിവ 250 അഡ്വഞ്ചർ മുന്നോട്ടു കൊണ്ടുപോകും.

കൂടാതെ അതേ ബോഡി പാനലുകൾ, ബെല്ലി പാൻ, ഫ്യുവൽ ടാങ്ക്, റേഡിയേറ്റർ ആവരണം, ടെയിൽ സെക്ഷൻ എന്നിവയും 390 അഡ്വഞ്ചറുമായി പങ്കിടും. എന്നാൽ വാഹനത്തിന്റെ ബോഡി ഗ്രാഫിക്സിൽ കാര്യമായ വ്യത്യാസമുണ്ടാകുമെന്നാണ് കെടിഎം അറിയിച്ചിരിക്കുന്നത്. അതോടൊപ്പം എൽഇഡി ഹെഡ്‌ലൈറ്റുകള്‍ക്ക് പകരം ഹാലജൻ യൂണിറ്റാകും ബൈക്കിൽ ഇടംപിടിക്കുക.

എഞ്ചിൻ ഘടകങ്ങളിലേക്ക് കടക്കുമ്പോൾ ഡ്യൂക്ക് 250-യിൽ വാഗ്‌ദാനം ചെയ്യുന്ന അതേ സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ബിഎസ്-VI യൂണിറ്റ് തന്നെയാകും പുതിയ 250 അഡ്വഞ്ചറിലും കെടിഎം ഉൾപ്പെടുത്തുക. ഇത് 30 bhp കരുത്തിൽ 24 Nm torque ആകും ഉത്പാദിപ്പിക്കുക. ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നത്.

റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്സ്പൾസ് 200, ബിഎംഡബ്ല്യു G310 GS എന്നിവയാകും കെടിഎം 250 അഡ്വഞ്ചറിന്റെ വിപണിയിലെ എതിരാളികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook