2019 ഓഗസ്റ്റിൽ വിപണിയിൽ എത്തിയതു മുതൽ കിയ സെൽറ്റോസിന്റെ പ്രതിമാസ വിൽപ്പന കുതിച്ചുയരുകയായിരുന്നു. 2019 ഓഗസ്റ്റ് (6,200 യൂണിറ്റ് വിൽപ്പന) മുതൽ നവംബർ (14,000 യൂണിറ്റ്) വരെ കമ്പനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
എന്നാൽ 2019 ഡിസംബർ മാസത്തിലെ വിൽപ്പനയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം വെറും 4,645 യൂണിറ്റ് വിൽപ്പനയാണ് കിയയ്ക്ക് ലഭിച്ചത്. വിപണിയിൽ എത്തിയതിനുശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും താഴ്ന്ന പ്രതിമാസ വിൽപ്പനയാണിത്.
വിൽപ്പനയിൽ ഇത്രയും വലിയൊരു ഇടിവുണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. 2019 നവംബർ മുതലുള്ള വിൽപ്പനയിൽ 66 ശതമാനം കുറവുണ്ടായി. വാഹന വ്യവസായത്തെ ബാധിച്ചിരിക്കുന്ന മാന്ദ്യം ഇതുവരെ സെൽറ്റോസിന്റെ വിപണിയിൽ ബാധിച്ചിരുന്നില്ല. മറ്റ് പ്രമുഖ ബ്രാൻഡുകൾക്കും വിൽപ്പനയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വലിയയൊരു മാർജിനിൽ ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
മറ്റ് കമ്പനികളെല്ലാം പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI കംപ്ലയിന്റിലേക്ക് എൻജിൻ പരിഷ്കരിക്കുമ്പോൾ സെൽറ്റോസ് എസ്‌യുവി ബിഎസ്-VI എൻജിനുമായാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്.
2019 ഒക്ടോബർ നവംബർ മാസങ്ങളിൽ കിയ സെൽറ്റോസ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എസ്‌യുവിയായിരുന്നു. എന്നാൽ 2019 ഡിസംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി വാഹനമെന്ന പേര് മാരുതി ബ്രെസ അല്ലെങ്കിൽ ഹ്യുണ്ടായി വെന്യുവിനുള്ളതാണ്.
Read Also: മാന്ദ്യത്തിലും പിടിച്ചുനിന്ന് കാർ വിപണി; ഇതാ 2019 ൽ ഇന്ത്യൻ വിപണിയിലെത്തിയ മികച്ച കാറുകൾ
ആഭ്യന്തര വിൽപ്പന കൂടാതെ കിയ സെൽറ്റോസിന്റെ കയറ്റുമതിയും ശക്തമാണ്. 2019 നവംബറിൽ കിയ ഇന്ത്യയിൽനിന്ന് 3,800 യൂണിറ്റ് സെൽറ്റോസ് കയറ്റുമതി ചെയ്തു. നിരവധി ഫീച്ചറുകളുമായി എത്തുന്ന കൊറിയൻ എസ്‌യുവിയിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിങ്, പുഷ് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് ബട്ടൺ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും ഇലക്ട്രോണിക്കിലൂടെ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ലഭിക്കും.
സൈഡ് കർട്ടൻ, എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് സിസ്റ്റം, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ടയർ പ്രഷർ മോണിറ്റർ എന്നിവയുള്ള സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും വാഹനം സമ്പന്നമാണ്.
1.5 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് കിയ സെൽറ്റോസിൽ വാഗ്ദാനം ചെയ്യുന്നത്. ഇവയെല്ലാം ബിഎസ്-VI കംപ്ലയിന്റാണെന്നതും ശ്രദ്ധേയമാണ്.
1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 115 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 115 bhp പവറും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് 138 bhp യിൽ 242 Nm torque സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്.