ന്യൂഡല്‍ഹി: കിയ മോട്ടോഴ്‌സ് കോര്‍പറേഷന്റെ ഉപസ്ഥാപനമായ കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ പുതിയ എസ്‌യുവിയായ സോണറ്റിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു. 2020 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി അവതരിപ്പിച്ച പുതിയ കിയ സോണറ്റ് ഓഗസ്റ്റ് ഏഴിനാണ് വിപണിയിലെത്തുക. എസ്‌യുവി വിഭാഗത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കിയ മോട്ടോഴ്‌സ് ഈ വിഭാഗത്തില്‍ ഒട്ടേറെ പുതുമകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയില്‍ നിര്‍മിച്ച കിയ സോണറ്റിന് അത്യാധുനികവും സജീവവുമായ കാബിന്‍, ഡാഷ്‌ബോര്‍ഡ്, സ്റ്റൈലിഷ് കണ്‍സോള്‍ സെന്റര്‍ തുടങ്ങിയ സവിശേഷതകളുണ്ട്. ഈയിടെ കിയ മോട്ടോഴ്‌സ് വില്‍പ്പനയില്‍ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലു കുറിക്കുന്ന രാജ്യത്തെ ഏറ്റവും വേഗമേറിയ കാര്‍ ഉല്‍പ്പാദകർ എന്ന പ്രത്യേകതയും നേടിയിരുന്നു.
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപകരണങ്ങളും മറ്റ് സാധനങ്ങളും വയ്ക്കാനുള്ള രണ്ട് ലേയര്‍ ട്രേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈ-ടെക്ക് ഡിജിറ്റല്‍ ഡിസ്‌പ്ലേയാണ് കേന്ദ്ര ബിന്ദു. ഈ വിഭാഗത്തില്‍ ആദ്യമായി 10.25 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീന്‍, യുവിഒ കണക്റ്റഡായ സാങ്കേതിക വിദ്യയിലുള്ള നാവിഗേഷന്‍ സിസ്റ്റം തുടങ്ങിയവയുമുണ്ട്. ഡ്രൈവര്‍മാര്‍ക്ക് സ്റ്റീയറിങ് വീലില്‍ തന്നെ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ സോണറ്റ് നല്‍കുന്നു. വിവിധ തരത്തിലുള്ള ഡ്രൈവുകളും ട്രാക്ഷന്‍ മോഡുകളും തെരഞ്ഞെടുക്കാം. ഡാഷ്‌ബോര്‍ഡിലെ എയര്‍ വെന്റുകള്‍ മെറ്റാലിക്, ഡയമണ്ട് പാറ്റേണില്‍ സ്റ്റൈലായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. വേറിട്ടുള്ള നില്‍ക്കുന്ന രൂപകല്‍പ്പനയാണ് കിയയുടെ പ്രത്യേകത. വേറിട്ടു നില്‍ക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ സോണറ്റിന് വന്യമായൊരു സൗന്ദര്യം പകരുന്നു.
സൗകര്യത്തിനും നിയന്ത്രണത്തിനും ബാലന്‍സ് നല്‍കുന്ന ഇന്റലിജന്റ്-മാനുവല്‍ ട്രാന്‍സ്മിഷനും (ഐഎംടി) പുതിയ സോണറ്റിലുണ്ട്. ക്ലച്ച് പെഡല്‍ ഇല്ലെങ്കിലും ഗിയര്‍ ലിവര്‍ ഉണ്ടെന്നത് ഐഎംടിയെ നൂതനമാക്കുന്നു. ആവേശഭരിതരായ ഡ്രൈവര്‍മാര്‍ക്ക് ക്ലെച്ച് പെഡല്‍ അമര്‍ത്താതെ തന്നെ മാനുവല്‍ ഷിഫ്റ്ററിലൂടെ ഗിയര്‍ മാറ്റികൊണ്ടിരിക്കാം. തിരക്കേറിയ സമയത്തെ ഡ്രൈവിങ് സങ്കീര്‍ണതകള്‍ ഇങ്ങനെ ഒഴിവാക്കാം. ഉയര്‍ന്ന ഇന്ധന ക്ഷമതയും സോണറ്റിന്റെ പ്രത്യേകതയാണ്.
സുരക്ഷയാണ് എല്ലാ കിയ മോട്ടോഴ്‌സ് വാഹനങ്ങളുടെയും പ്രധാന കാര്യം. സോണറ്റിലും ഒട്ടേറെ സുരക്ഷാ ഫീച്ചറുകളുണ്ട്. ആറു എയര്‍ബാഗുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നിലും വശങ്ങളിലും സംരക്ഷണം ലഭിക്കുന്നു.
Read more: നിസ്സാനിൽ നിന്നൊരു ഇലക്ട്രിക് ക്രോസ്ഓവര്‍; നിസ്സാൻ അരിയ വരുന്നു