നീണ്ട 22 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ജാവ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയത്. കമ്പനിയുടെ പുതിയ മൂന്ന് മോഡലുകളായ ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായായിരുന്നു ജാവയുടെ രണ്ടാം വരവ്. മൂന്ന് വഹനങ്ങളും തുടക്കത്തിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നെങ്കിലും ജാവ പെരാക്ക് വിൽപ്പനയ്ക്കെത്തിയിരുന്നില്ല. നവംബർ 15നാണ് വാഹന ഔദ്യോഗികമായി ഇന്ത്യൻ റോഡുകളിൽ അവതരിപ്പിക്കുന്നത്.

ജാവയുടെ ഏറ്റവും പുതിയ ലൈൺഅപ്പിലെത്തുന്ന ജാവ പെരാക്കിന്റെ ഹൃദയഭാഗം ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എഞ്ചിനാണ്. സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്‌റ്റൈല്‍ മോഡലാണിത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്റേത്.

സിംഗിൾ സീറ്ററാണ് വാഹനം. ഫ്ലോട്ടിങ് സീറ്റ്, ബാർ എൻഡ് മിറേഴ്സ്, ചോപ്ഡ് ഫെൻഡേഴ്സ് എന്നിവയാണ് വാഹനത്തിന്റെ മറ്റു സവിശേഷതകൾ. തുടക്കത്തിൽ മാറ്റ് ബ്ലാക്ക് നിറത്തിൽ മാത്രമാണ് വാഹനമെത്തുന്നത്. മറ്റു ഷെയ്ഡുകളിലും വാഹനമെത്തുമെന്നാണ് കമ്പനി നൽകുന്ന സൂചന. മാറ്റ് ഫിനീഷ് വാഹനത്തിന്റെ ഭംഗി വർധിപ്പിക്കുന്നുണ്ട്.

ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തിന്റെ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത. മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍.

ഏകദേശം 1.89 ലക്ഷമാണ് ജാവ പെരാക്കിന്റെ എക്സ് ഷോറൂം വില. എന്നാൽ ബിഎസ്6 എഞ്ചിൻ ഉൾപ്പടെയുള്ള വാഹനത്തിന്റെ പുതിയ അപ്ഡേഷനിൽ വില വർധിക്കാനും സാധ്യതയുണ്ട്. ഇന്ത്യയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്‍സാണ് ജാവ പെരാക്ക് നിരത്തിലെത്തിക്കുന്നത്. ഇരുചക്രവാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ജാവ പെരാക്കിനെ കാത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook