നീണ്ട 22 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ജാവ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയത്. കമ്പനിയുടെ പുതിയ മൂന്ന് മോഡലുകളായ ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായായിരുന്നു ജാവയുടെ രണ്ടാം വരവ്. മൂന്ന് വഹനങ്ങളും തുടക്കത്തിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നെങ്കിലും ജാവ പെരാക്ക് വിൽപ്പനയ്ക്കെത്തിയിരുന്നില്ല. നവംബർ 15നാണ് വാഹന ഔദ്യോഗികമായി ഇന്ത്യൻ റോഡുകളിൽ അവതരിപ്പിക്കുന്നത്.
വാഹനത്തിന്റെ ബുക്കിങ് ജനുവരിയിൽ ആരംഭിച്ച കമ്പനി, ഏപ്രിൽ മാസത്തോടെ വാഹനം ഉപഭോക്താക്കളിലേക്ക് എത്തിക്കാമെന്നാണ് കരുതിയത്. എന്നാൽ ലോകത്താകമാനം വ്യപിച്ച കൊറോണ വൈറസ് ബൈക്ക് നിർമാതാക്കളുടെ പ്രവർത്തനങ്ങളെയും ബാധിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് നിർമാണശാല അടച്ചിടേണ്ടി വന്നതോടെ ഡെലിവറി വൈകുകയായിരുന്നു.
ലോക്ക്ഡൗണിൽ ഇളവ് നിലവിൽ വന്നതോടെ വീണ്ടും ഡെലിവറിയിലേക്ക് ശ്രദ്ധിക്കുകയാണ് കമ്പനി. ജൂലൈ 20 മുതൽ ജാവ പെരക്കിന്റെ വിതരണം ആരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഏകദേശം 1.89 ലക്ഷമാണ് ജാവ പെരാക്കിന്റെ എക്സ് ഷോറൂം വില. എന്നാൽ ബിഎസ്6 എഞ്ചിൻ ഉൾപ്പടെയുള്ള വാഹനത്തിന്റെ പുതിയ അപ്ഡേഷനിൽ വില വർധിക്കാനും സാധ്യതയുണ്ട്.
ജാവയുടെ ഏറ്റവും പുതിയ ലൈൺഅപ്പിലെത്തുന്ന ജാവ പെരാക്കിന്റെ ഹൃദയഭാഗം ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എഞ്ചിനാണ്. സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്‌റ്റൈല്‍ മോഡലാണിത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്റേത്.
Also Read: മക്കള്‍ക്ക് അവനെ കാണണമെന്നുണ്ട്, പക്ഷേ ഇപ്പോള്‍ വേണ്ടന്നു ഞാന്‍ പറഞ്ഞു; ഡോ. മേരി അനിത
സിംഗിൾ സീറ്ററാണ് വാഹനം. ഫ്ലോട്ടിങ് സീറ്റ്, ബാർ എൻഡ് മിറേഴ്സ്, ചോപ്ഡ് ഫെൻഡേഴ്സ് എന്നിവയാണ് വാഹനത്തിന്റെ മറ്റു സവിശേഷതകൾ. തുടക്കത്തിൽ മാറ്റ് ബ്ലാക്ക് നിറത്തിൽ മാത്രമാണ് വാഹനമെത്തുന്നത്. മറ്റു ഷെയ്ഡുകളിലും വാഹനമെത്തുമെന്നാണ് കമ്പനി നൽകുന്ന സൂചന. മാറ്റ് ഫിനീഷ് വാഹനത്തിന്റെ ഭംഗി വർധിപ്പിക്കുന്നുണ്ട്.
ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തിന്റെ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത. മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍.