ചെന്നൈ: ദക്ഷിണ കൊറിയൻ ബ്രാൻഡിന് ഇന്ത്യയിൽ അടിത്തറ പാകിയ സാൻട്രോ ഹാച്ച്ബാക്കിന് ഫെയ്‌സ് ലിഫ്റ്റ് നൽകാനൊരുങ്ങി ഹ്യുണ്ടായി. കമ്പനിയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മൂന്നാം തലമുറ സാൻട്രോ 2018 ഒക്ടോബറിലാണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്.
പുതുതലമുറ മോഡലിന് മികച്ച സ്വീകാര്യതയാണ് ആഭ്യന്തര വിപണിയിൽ ലഭിച്ചത്. ആദ്യ മാസങ്ങളിൽ ശരാശരി 7,000 യൂണിറ്റ് വിൽപ്പന നേടാനും സാധിച്ചിരുന്നു. എന്നാൽ വാഹന വ്യവസായത്തെ ബാധിച്ച മാന്ദ്യം സാൻട്രോയുടെ വിൽപ്പനയ്ക്കും പിന്നീട് തിരിച്ചടിയായി. അതിനുശേഷം 2019 മേയ് മുതൽ സാൻട്രോയുടെ വിൽപനയിൽ വലിയ നേട്ടമുണ്ടായി.
ഓഗസ്റ്റിൽ ഹ്യുണ്ടായി 3,288 യൂണിറ്റുകളാണ് വിറ്റത്. അതിനിടയിൽ, സാൻട്രോയുടെ എതിരാളിയായ മൂന്നാം തലമുറ മാരുതി സുസുക്കി വാഗൺആർ പരിഷ്കരിച്ച് വിപണിയിൽ എത്തി. തുടർന്ന് വീണ്ടും സാൻട്രോയുടെ വിൽപ്പന ഇടിഞ്ഞു.ഇത് മറികടക്കാനായി ഒക്ടോബറിൽ സാൻട്രോയുടെ വാർഷിക പതിപ്പ് കമ്പനി അവതരിപ്പിച്ചു. ഇതിന്റെ സ്‌പോർട്‌സ്, സ്‌പോർട്‌സ് എഎംടി പതിപ്പുകളിൽ യഥാക്രമം 5.16 ലക്ഷം രൂപയും 5.74 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
Read Also: ഇന്ത്യന്‍ നിരത്ത് കീഴടക്കാന്‍ ഹ്യുണ്ടായ് കോന; വിലയും മറ്റ് അറിഞ്ഞിരിക്കേണ്ട വിവരങ്ങളും
അടുത്ത വർഷം തുടക്കത്തിൽ ഹ്യുണ്ടായി സാൻട്രോയ്ക്ക് ചെറിയ ഫെയ്‌സ്‌ലിഫ്റ്റുണ്ടാവുമെന്നു കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ ഫ്രണ്ട് ഗ്രില്ലും മറ്റ് സൂക്ഷ്മ പരിഷ്കരണങ്ങളും പുനർരൂപകൽപ്പന ചെയ്ത ബമ്പറും ഉണ്ടാവും. വാഹനത്തിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഇന്റീരിയറിൽ ചില അധിക ഉപകരണങ്ങൾ ലഭിച്ചേക്കാം.
ഇത് മാറ്റി നിർത്തിയാൽ മോഡലിന്റെ മറ്റ് മെക്കാനിക്കൽ ഘടകങ്ങളിലൊന്നും മാറ്റമുണ്ടായേക്കില്ല. എങ്കിലും പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI ലേക്ക് വാഹനത്തെ പരിഷ്കരിക്കും.
നിലവിൽ ബിഎസ്-IV 1.1 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് സാൻട്രോയ്ക്ക് കരുത്തേകുന്നത്. ഇത് 5,500 rpm-ൽ 68 bhp കരുത്തും 4,500 rpm-ൽ 99 Nm torque ഉം സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് ‘സ്മാർട്ട് ഓട്ടോ’ എഎംടി ഗിയർബോക്സുമായാണ് എൻജിൻ ജോടിയാക്കിയിരിക്കുന്നത്. വാഹനത്തിൽ സിഎൻജി യൂണിറ്റും ഹ്യുണ്ടായി ലഭ്യമാക്കുന്നുണ്ട്.