വാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഹ്യുണ്ടായിയുടെ ഓറ ഇന്ത്യൻ വിപണിയിൽ. ഹ്യുണ്ടായി പുറത്തിറക്കുന്ന ഏറ്റവും പുതിയ കോമ്പാക്ട് സെഡാനാണ് ഓറ. 5.80 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വില. ഫീച്ചറുകളിൽ മാറ്റം വരുന്നതനുസരിച്ച് വിലയിലും മാറ്റം വ്യക്തമാണ്. 9.23 ലക്ഷം രൂപ വരെ ഓറയുടെ വകഭേദങ്ങൾക്ക് വിലവരുന്നുണ്ട്. മൂന്ന് എഞ്ചിന്‍ ഓപഷനുകള്‍ക്കൊപ്പം 12 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.
ബിഎസ് VI നിലവാരത്തിലുള്ള മൂന്ന് എഞ്ചിനുകളും. 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയായിരിക്കും ഹ്യുണ്ടായി ഓറയ്ക്ക് കരുത്തേകുക. 1.2 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ വേരിയന്റുകളിൽ വാങ്ങുന്നവർക്ക് ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ എന്നിവ തിരഞ്ഞെടുക്കാം. ഇതുകൂടാതെ ഒരു സിഎൻജി വേരിയന്റും ഓഫറിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.
ഏറ്റവും പുതിയ സെഡാൻ വിപണിയിലെത്തിച്ചുകൊണ്ട് മാരുതി ഡിസയർ, ഹോണ്ട അമേസ് എന്നീ മോഡലുകളുടെ ആധിപത്യം അവസാനിപ്പിക്കുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം. 1.2 ലിറ്റർ പെട്രോൾ വേരിയന്റിലെത്തുന്ന ഓറയുടെ മോഡൽ 20.50 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മാന്വുവൽ ഓട്ടോമാറ്റിക് വേർഷനുകൾ 20.10 കിലോമീറ്റർ മൈലേജ് നൽകുമെന്നും ഹ്യുണ്ടായി അറിയിച്ചു.
ഫെയറി റെഡ്, വിന്രേജ് ബ്രൗൺ, ടൈറ്റൻ ഗ്രേ, പോളർ വൈറ്റ്, ആൽഫ ബ്ലൂ, ടൈഫൂൻ സിൽവർ എന്നിങ്ങനെ ആറ് വ്യത്യസ്ത നിറങ്ങളിലാണ് വാഹനം വിപണിയിലെത്തുന്നത്.