ന്യൂഡൽഹി: ഇരുചക്രവാഹന വിപണിയിൽ ഹോണ്ടയുടെ ആക്ടീവയും ഹീറോയുടെ സ്‌പ്ലെണ്ടറുമാണ് പ്രധാന എതിരാളികൾ. ഏറ്റവും അധികം വിറ്റുപോകുന്നതും ഈ രണ്ടു വാഹനങ്ങൾ തന്നെയാണ്. പുതിയ സാമ്പത്തിക വർഷത്തിൽ ഹീറോ സ്‌പ്ലെണ്ടറിനേക്കാൾ ബഹുദൂരം മുന്നിലാണ് ഹോണ്ട ആക്ടീവ. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വിൽപ്പന കണക്കിലാണ് സ്‌പ്ലെണ്ടറിനെ മറികടന്ന് ആക്ടീവ കുതിക്കുന്നത്.

സാമ്പത്തിക വർഷത്തിന്റെ ആദ്യ ഭാഗത്തിൽ (എപ്രിൽ-സെപ്റ്റംബർ) 13,93,256 ആക്ടീവ ടൂ വീലറുകളാണ് വിറ്റുപോയത്. 13,70,138 യൂണിറ്റ് ഹീറോ സ്‌പ്ലെണ്ടറുകളും വിറ്റുപോയി. 23,118 ആക്ടീവ സ്കൂട്ടറുകൾ ഹീറോ സ്‌പ്ലെണ്ടറിനേക്കാൾ അധികമായി വിറ്റുപോയി. ഓരോ അഞ്ചു മിനിറ്റിലും അഞ്ചു പുതിയ ഉപഭോക്താക്കൾ ഹോണ്ട ആക്ടീവ വാങ്ങുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം ഈ വർഷം ഇതുവരെ ( ജനുവരി – സെപ്റ്റംബർ ) ഏറ്റവും കൂടുതൽ വിറ്റുപോയ ഇരുചക്ര വാഹനം ഹീറോ സ്‌പ്ലെണ്ടറാണ്. 20,84,944 സ്‌പ്ലെണ്ടർ ബൈക്കുകൾ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ വിറ്റപ്പോൾ ആക്ടീവയുടെ 19,60,038 വാഹനങ്ങൾ വിറ്റുപോയി. 1,24,906 വാഹനങ്ങൾ ആക്ടീവയേക്കാൾ കൂടുതലായി സ്‌പ്ലെണ്ടർ പോയി.

നാല് വ്യത്യസ്ത മോഡലുകളിലാണ് നിലവിൽ ഹോണ്ട ആക്ടീവ ലഭ്യമാകുന്നത്. ആക്ടീവ 5G, ആക്ടീവ 5G ലിമിറ്റഡ് എഡിഷൻ, ആക്ടീവ 125, ആക്ടീവ ഐ. രാജ്യത്ത് ഗീയർരഹിത സ്കൂട്ടറുകൾക്ക് മേൽവിലാസം നേടിക്കൊടുത്ത ആക്ടീവയാണ് ഇന്ത്യൻ ഇരുചക്രവാഹന വിപണി കൈവരിക്കുന്ന വിൽപ്പനയിൽ 14 ശതമാനത്തോളം സംഭാവന ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook