ഇലക്ട്രോണിക് സ്‍‌കൂട്ടറുകൾക്ക് ജനപിന്തുണ കൂടി വരുകയാണ്. നിരവധി ആളുകളാണ് പുതിയ ടൂ വീലർ വാങ്ങുമ്പോൾ ഇ-സ്കൂട്ടറുകൾ ഫസ്റ്റ് ചോയിസായി കാണുന്നത്. സ്റ്റാർട്ട്അപ്പുകളെ ഉൾപ്പടെ സ്വാധീനിക്കുന്ന സർക്കാർ നയങ്ങൾകൂടിയായതോടെ നിർമാതാക്കളുടെ എണ്ണവും വർധിച്ചു. എന്നാൽ ഇ-സ്കൂട്ടറുകളിലും മിക്കവാറും ആളുകളും പൂർണ വിശ്വാസത്തോടെ സമീപിക്കുന്നത് ടൂ വീലർ രംഗത്തെ വമ്പന്മാരായ ഹീറോയെ തന്നെയാണ്.

ഇ-സ്കൂട്ടറുകൾ നേരത്തെ തന്നെ വിപണിയിൽ എത്തിച്ചിട്ടുള്ള ഹീറോ അവരുടെ മുൻ മോഡലുകളായ ഒപ്റ്റിമ, എൻവൈഎക്സ് എന്നിവയുടെ പരിഷ്കരിച്ച പതിപ്പുകളുമായാണ് വീണ്ടും വിപണിയിൽ സജീവമാകുന്നത്. മുൻ മോഡലുകളിൽനിന്നു പരിഷ്കരിച്ച മോഡലുകളായ ഒപ്റ്റിമ ഇആർ, എൻവൈഎക്സ് ഇആർ മോഡലുകളെ വ്യത്യസ്തമാക്കുന്നത് പവർ തന്നെയാണ്. ഒറ്റത്തവണ ഫുൾചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ ഓടാൻ സാധിക്കും.

പവറിൽ മാത്രമല്ല ഡിസൈൻ, ടെക്നോളജി, മറ്റു ഫീച്ചേഴ്സ് എന്നിവയിലും കാതലായ മാറ്റങ്ങൾ വ്യക്തമാണ്. രണ്ടു തരത്തിലുള്ള ഉപയോക്താക്കളെ ലക്ഷ്യംവച്ചാണ് കമ്പനി രണ്ട് സ്‌കൂട്ടറുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഒപ്റ്റിമ പ്രധാനമായും കോളേജ് വിദ്യാർഥികളെയും വനിതകളെയും ഉദ്ദേശിച്ചാണ്. എൻവൈഎക്സ് ചെറുകിട കച്ചവടക്കാരെ ഉദ്ദേശിച്ചുമാണ്.

ഒപ്റ്റിമ ഇആർ

മികച്ച ഡിസൈനുമായാണ് ഒപ്റ്റിമ ഇആർ ഇലക്ട്രിക് സ്കൂട്ടറുകൾ റോഡിലെത്തുന്നത്. സാധാരണ സ്കൂട്ടറുകളുമായി ചേർന്നുനിൽക്കുന്ന ഡിസൈനാണിത്. ചുവപ്പ് നിറത്തിലുള്ള വണ്ടിയുടേത് സ്ലീക് ഡിസൈനാണ്. സാധാരണ രീതിയിലെന്ന പോലെ ഡിജിറ്റൽ ഇൻസ്ട്രമെന്ര് ക്ലസ്റ്ററിൽ നോക്കി വാഹനത്തിന്റെ വേഗം, എത്ര കിലോമീറ്റർ സഞ്ചരിച്ചു, ബാറ്ററി ചാർജ് എന്നീ കാര്യങ്ങൾ മനസിലാക്കാം.

48V ന്റെ രണ്ടു ലിഥിയം ബാറ്ററിയാണ് വാഹനത്തിന്റെ പവർപാക്ക്. രണ്ടു ബാറ്ററികളിൽ ഒന്ന് പോർട്ടബിളാണ്, അതായത് അഴിച്ചുകൊണ്ടുപോയി നമുക്ക് വേണ്ട സ്ഥലത്ത് വച്ച് ചാർജ് ചെയ്യാൻ സാധിക്കും. ഒരേസമയം രണ്ടു ബാറ്ററിയും ചാർജ് ചെയ്യാനുമുള്ള സൗകര്യമുണ്ട്. നാലു മുതൽ അഞ്ചു മണിക്കൂറാണ് ബാറ്ററി ഫുൾ ചാർജാകാൻ വേണ്ടി വരുന്നത്. ഫുൾ ചാർജ്‌ഡ് ബാറ്ററിയിൽ 55 കിലോമീറ്റർ വരെ ഓടിക്കാം. മുന്നിൽ ടെലിസ്കോപിക് സസ്‌പെൻഷനും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമുണ്ട്. 83 കിലോയാണ് വാഹനത്തിന്റെ ഭാരം.

എൻവൈഎക്സ് ഇആർ

ഒപ്റ്റിമയുടെ അതേ സവിശേഷതകളാണ് എൻവൈഎക്സ് ഇആറും എത്തുന്നത്. മോപ്പഡ് പോലെയാണ് വാഹനത്തിന്റെ ഡിസൈൻ. പോർട്ടബിളല്ല ബാറ്ററി എന്നത് എടുത്തുപറയണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook