ഡിസംബര്‍ ഒന്നുമുതല്‍ രാജ്യത്തെ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇനി ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ ടോള്‍ തുക സ്വകീകരിക്കൂയെന്നു ചുരുക്കം. ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നതു വഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പറ്റുമെന്നതാണു ഫാസ്ടാഗിന്റെ ഏറ്റവും വലിയ ഗുണം.

എന്താണ് ഫാസ്ടാഗ് ?

ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണു ഫാസ്ടാഗ്. ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഫാസ്ടാഗ് സംവിധാനത്തില്‍, ടോള്‍ പ്ലാസകളില്‍ ടോള്‍ തുക നേരിട്ടു കൈമാറാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി നല്‍കാം. ഇതിനായി ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ്ടാഗ് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കണം.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസ വഴി കടന്നുപോകുമ്പോള്‍ ആര്‍എഫ്ഐഡി റീഡര്‍ വഴി നിര്‍ണയിച്ച് അക്കൗണ്ടില്‍നിന്നു പണം ഈടാക്കും. ഇതിനായി വാഹനമുടമ ഫാസ്ടാഗ് അക്കൗണ്ടില്‍ നേരത്തെ പണം നിക്ഷേപിക്കണം. ഓരോ ഇനം വാഹങ്ങള്‍ക്കും ടാഗിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും.

ഫാസ്ടാഗ് അക്കൗണ്ട് എങ്ങനെ?

പ്രധാന ബാങ്കുകളില്‍ വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി ഫാസ്ടാഗ് അക്കൗണ്ട് തുറക്കുന്നതോടെ ഫാസ്ടാഗ് ലഭിക്കും. നൂറു രൂപയാണു ടാഗ് വില, 200 രൂപയുടെ തിരിച്ചുകിട്ടുന്ന നിക്ഷേപം, വാലറ്റില്‍ 200 രൂപ എന്നിങ്ങനെ അഞ്ഞൂറ് രൂപയാണ് ആദ്യം മുടക്കേണ്ടത്. അഞ്ചുവര്‍ഷം കാലാവധിയുള്ള അക്കൗണ്ടില്‍ തുടര്‍ന്ന് 100 രൂപ മുതല്‍ ലക്ഷം വരെ നിക്ഷേപിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാം.

തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങള്‍, പൊതുജനസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി.) എന്നിവിടങ്ങളിലും ഫാസ്ടാഗ് രജിസ്ട്രേഷന്‍ നടത്താം. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍തന്നെ ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്നുണ്ട്.

ഫാസ്ടാഗ് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

നിലവില്‍ പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാണ്. രാജ്യത്ത് ദേശീയ, സംസ്ഥാനപാതകളിലെ 420ലേറെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്കു ടോള്‍പ്ലാസയില്‍ കാത്തുനില്‍ക്കാതെ പ്രത്യേക വരി വഴി കടന്നുപോകാം. പഴയ വണ്ടികള്‍ക്കു ഫാസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇതാണു ഡിസംബര്‍ ഒന്നോടെ മാറുന്നത്.

മെച്ചം എന്ത്?

ഫാസ്ടാഗ് സംവിധാനത്തില്‍ അഞ്ചിരട്ടി വേഗത്തില്‍ ടോള്‍പ്ലാസ കടന്നുപോകാമെന്നതാണു ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം. നിലവില്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് കടക്കാന്‍ നിശ്ചയിച്ച 15 സെക്കന്‍ഡാണ്. എന്നാല്‍ ഫാസ്ടാഗ് സംവിധാനത്തില്‍ മൂന്നു സെക്കന്‍ഡ് മതിയെന്നാണു ദേശീയപാത അതോറിറ്റി അവകാശപ്പെടുനനത്.

മണിക്കൂറില്‍ 240 വാഹനങ്ങള്‍ വരെ കടന്നുപോകാനാണു നിലവില്‍ ഒരു ടോള്‍ ബൂത്തിന്റെ ശേഷി. ഇതു ഫാസ്ടാഗ് സംവിധാനത്തില്‍ 1200 വാഹനങ്ങളായി ഉയരുമെന്നു ദേശീയപാത അതോറിറ്റി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook