ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി അവരുടെ ജനപ്രിയ സ്കൂട്ടറായ ആക്സസ് 125-ന്റെ ബിഎസ്-VI പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന്റെ ഭാഗമായാണ് കമ്പനി വാഹനം പരിഷ്കരിച്ച് പുറത്തിറക്കുന്നത്. 2020 സുസുക്കി ആക്സസ് 125 ബിഎസ്-VI സ്കൂട്ടർ കമ്പനി ജനുവരിയിൽ ഔദ്യോഗികമായി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങും. എഞ്ചിനിലേക്കുള്ള മലിനീകരണ പരിഷ്കരണങ്ങൾക്ക് പുറമെ, പ്രീമിയം സ്കൂട്ടറിന് നിരവധി പുതിയ സവിശേഷതകളുമുണ്ട്.
പ്രതീക്ഷിച്ചതു പോലെ പുതിയ ആക്‌സസിന് ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമുണ്ട്. സിവിടിയുമായി ജോഡിയാക്കിയിരിക്കുന്ന 124 സിസി എയർ-കൂൾഡ് എഞ്ചിൻ 8.7 bhp കരുത്തും 10 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ബിഎസ്-IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ എഞ്ചിന്റെ പവർ കണക്കുകളിൽ വ്യത്യാസം വരും.
Read Also: ശനിദശ മാറാതെ വാഹന വിപണി; വില്‍പ്പന റിവേഴ്‌സ് ഗിയറില്‍ തന്നെ
നല്ല ഇന്ധനക്ഷമതയ്ക്കായി ഗ്രീൻ ലൈറ്റ് ഗൈഡായ ഇക്കോ അസിസ്റ്റ് ഇലുമിനേഷനും 2020 ആക്സസിൽ സുസുക്കി വാഗ്‌ദാനം ചെയ്യുന്നു. മെച്ചപ്പെട്ട പ്രകാശത്തിനായി എൽഇഡി ഹെഡ്‌ലാമ്പുകളും കമ്പനി സ്കൂട്ടറിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന.
സുസുക്കി ആക്സസ് 125 നിലവിൽ മൂന്ന് വകഭേദങ്ങളിലായാണ് വിപണിയിൽ എത്തുന്നത്. 58,323 രൂപ മുതൽ 61,292 രൂപ വരെയാണ് സ്കൂട്ടറിന്റെ എക്സ്ഷോറൂം വില. ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിനാൽ ബിഎസ്-VI മോഡലിന് ഏകദേശം 7,000 രൂപ വരെ വില വർധിച്ചേക്കാം.
ഇന്ത്യൻ വിപണിയിൽ ആക്ടിവ 125, വെസ്പ, അപ്രിലിയ എസ്ആർ 125, പുതിയ യമഹ റേ Z125 തുടങ്ങിയ മോഡലുകളായിരിക്കും സുസുക്കി ആക്സസ് 125-ന്റെ എതിരാളികൾ.