ചെന്നൈ: റോയൽ എൻഫീൽഡിന്റെ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന മോഡലായ ക്ലാസിക്ക് 350-യുടെ പുതിയ ബിഎസ്-VI പതിപ്പ് ജനുവരി ഏഴിന് വിപണിയിൽ അവതരിപ്പിക്കും. ഒരു ദശാബ്ദത്തിലേറെയായി ചെറിയ കോസ്മെറ്റിക്, മെക്കാനിക്കൽ പരിഷ്കരണങ്ങളുമായി വിപണിയിൽ എത്തുന്ന ക്ലാസിക്ക് മോഡലുകളുടെ പുതിയ നവീകരണത്തിൽ നിരവധി മാറ്റങ്ങൾ ഉൾപ്പെടും.
ജാവ മോട്ടോർസൈക്കിൾസ്, ബെനലി ഇംപെരിയാലെ 400 എന്നിവ പോലുള്ള മികച്ച ബദൽ മോഡലുകളുടെ സാന്നിധ്യത്തെ തുടർന്ന് ക്ലാസിക്ക് മോഡലുകളുടെ വിപണിയിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. എങ്കിലും റെട്രോ ക്ലാസിക്ക് മോഡലുകൾക്ക് തന്നെയാണ് ഈ വിഭാഗത്തിൽ ആധിപത്യമുള്ളത്.
പുതിയ ബിഎസ്-VI പതിപ്പ് പുറത്തിറക്കുന്നതിനു മുന്നോടിയായി രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ ബിഎസ്-VI ക്ലാസിക്ക് 350 യൂണിറ്റുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ ബൈക്കിന്റെ അനൗദ്യോഗിക ബുക്കിങ്ങും ചില ഡീലർഷിപ്പുകൾ ആരംഭിച്ചിട്ടുണ്ട്. 10,000 രൂപയാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്.
ഏപ്രിലിൽ നിലവിൽ വരുന്ന കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിൻ പരിഷ്കരിച്ചതിനു പുറമെ പുതിയ കളർ സ്കീമുകളും ഡെക്കലുകളും വാഹനത്തിൽ ഇടംപിടിക്കുന്നു. അലോയ് വീലുകൾ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുമെങ്കിലും ക്രോം, സിഗ്നൽ പതിപ്പുകളിൽ സ്‌പോക്ക്ഡ് വീലുകൾ തുടരും.
Read Also: 500 സിസി ബൈക്കുകളുടെ വിൽപ്പന അവസാനിപ്പിക്കാൻ റോയൽ എൻഫീൾഡ്, കാരണമിതാണ്
നിലവിലെ ബിഎസ്-IV 346 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ 19.8 bhp കരുത്തിൽ 28 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
പുതിയ മോഡലിൽ ഇതേ എഞ്ചിൻ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും പവർ കണക്കുകളിൽ നേരിയ വ്യത്യാസം ഉണ്ടാകും. എന്നാൽ ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ മോട്ടോർ സൈക്കിളിൽ ലഭ്യമാകും. ബിഎസ്-VIലേക്ക് നവീകരിച്ച റോയൽ എൻഫീൽഡിന്റെ എല്ലാ വാഹനങ്ങളും ഏപ്രിലിനു മുന്നോടിയായി വിപണിയിലെത്തുമെന്ന് കമ്പനി ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
റോയൽ എൻഫീൽഡ് ക്ലാസിക്ക് 350ക്ക് നിലവിൽ 1.45 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ബിഎസ്-VI പതിപ്പുകൾ പുറത്തിറങ്ങുമ്പോൾ ഏകദേശം 10,000 രൂപയോളം വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.