ഇരുചക്ര വാഹന വിപണിയിൽ ഇന്ത്യയിൽ വലിയ വിപ്ലവത്തിന് തുടക്കം കുറിച്ച ഹീറോ അവരുടെ ഏറ്റവും ജനപ്രിയ മോഡലായ സ്‌പ്ലെൻഡർ പ്ലസിന്റെ ബിഎസ് VI പതിപ്പുമായി വീണ്ടും ഇന്ത്യൻ നിരത്തുകളിലേക്ക്. മൂന്ന് വ്യത്യസ്ത വകഭേദങ്ങളിലാണ് വാഹനം കമ്പനി അതരിപ്പിച്ചിരിക്കുന്നത്. ഏപ്രിലോടെ ഇന്ത്യയിൽ ബിഎസ് VI മലിനീകരണ നിയമങ്ങൾ പ്രാബല്യത്തിൽ വരുകയാണ്. ഈ സാഹചര്യത്തിലാണ് പരിഷ്കരിച്ച പതിപ്പുമായി ഹീറോ എത്തിയിരിക്കുന്നത്.
നേരത്തെ പറഞ്ഞതുപോലെ കിക്ക്-സ്റ്റാര്‍ട്ട്/അലോയ് വീല്‍, സെല്‍ഫ്-സ്റ്റാര്‍ട്ട്/അലോയ് വീല്‍, സെല്‍ഫ്-സ്റ്റാര്‍ട്ട്/അലോയ്/i3S എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് സ്‌പ്ലെൻഡർ പ്ലസിന്റെ ബിഎസ് VI പതിപ്പ് വിപണിയിലെത്തിയിരിക്കുന്നത്. യഥക്രമം 59,600 രൂപ, 61,900 രൂപ, 63,110 രൂപ എന്നിങ്ങനെയാണ് ഈ മോഡലുകളുടെ എക്സ് ഷോറൂം വില.
ഉയർന്ന മൈലേജും മികച്ച പെർഫോമൻസും വളരെ എളുപ്പത്തിൽ മെയിന്റനൻസും സാധ്യമാകുന്ന വാഹനം ഇക്കാരണങ്ങളാൽ തന്നെ ആളുകളുടെ പ്രിയപ്പെട്ട വാഹനമാണ്. പുതിയ പതിപ്പിലേക്ക് വരുമ്പോൾ പ്രധാന മാറ്റം എഞ്ചിനിൽ തന്നെയാണ്. 97.22 സിസിയുടെ എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പരിഷ്കരിച്ച പതിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് ഫ്യുവൽ ഇൻജെക്ഷനും കാറ്റലിറ്റിക് കൻവേർട്ടറും ഇതിന്റെ പ്രത്യേകതയാണ്.
8.36 കുതിരശേഷിയിൽ 8.05 Nm പീക്ക് ടോർഖ് സൃഷ്ടിക്കാനും വാഹനത്തിന് സാധിക്കും. അതേസമയം പുതിയ മോഡലിന്റെ എഞ്ചിന്‍ കരുത്ത് കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 1.3 bhp കുറവുണ്ടായതായാണ് പറയപ്പെടുന്നത്. 11 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി. ഏകദേശം 80 കിലോമീറ്റർ മൈലേജാണ് ബൈക്കില്‍ കമ്പനി അവകാശപ്പെടുന്നത്.
വാഹനത്തിന്റെ ഡിസൈനിൽ കൂടുതൽ മാറ്റങ്ങൾക്ക് കമ്പനി ശ്രമിച്ചട്ടില്ല. അതേസമയം പുതിയ കളർ ഓപ്ഷനുകൾ കമ്പനി നൽകുന്നുണ്ട്. ഡാർക്ക് റെഡ് വിത്ത് ബ്ലാക്കാണ് ഇതിൽ പ്രധാനം.