രാജ്യത്തെ വാഹന വ്യവസായം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ മാന്ദ്യത്തിലൂടെയാണ് 2019 കടന്നുപോയത്. വിപണിയിലെ മോശം സാഹചര്യത്തിലും വിവിധ മോഡലുകൾ അവതരിപ്പിച്ച് വിപണിയിൽ സജീവമായിരുന്നു പ്രമുഖ ബ്രാൻഡുകളെല്ലാം. ഇത് തകർച്ചയെ ഒരു പരിധി വരെ മറികടക്കാൻ കമ്പനികളെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
പ്രമുഖ ബ്രാൻഡുകളായ കിയ മോട്ടോർസ്, എംജി മോട്ടോർ എന്നിവയും വിജയകരമായ ഉൽപ്പന്നങ്ങളുമായി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച വർഷം കൂടിയാണ് 2019. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുവയ്പും ഈ വർഷത്തെ ശ്രദ്ധേയമായ ഘടകങ്ങമാണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവിയായ കോന ഇവിയെ അവതരിപ്പിച്ചു. 2019 ൽ ഇന്ത്യയിൽ വിപണിയിൽ എത്തിയ പ്രധാന മോഡലുകൾ ഇതാ:
കിയ സെൽറ്റോസ്
ഇന്ത്യൻ വിപണിയിൽ കൊറിയൻ ബ്രാൻഡ് പരിചയപ്പെടുത്തിയ ആദ്യത്തെ ഉൽപ്പന്നമാണ് കിയ സെൽറ്റോസ്. നിരവധി സവിശേഷതകളും ഉപകരണങ്ങളും ശക്തമായ എൻജിൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്ന പുതിയ എസ്‌യുവി വിപണിയിൽ അതിവേഗം ഒരു ശക്തിയായി മാറുകയായിരുന്നു.
ഷാർപ്പ് സ്റ്റൈലിങ്ങും ആധുനികവും ആകർഷകവുമായ ഡിസൈനും വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു. കിയ സെൽറ്റോസ് നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി കൂടിയാണ്. 2019 ഓഗസ്റ്റിൽ വിപണിയിൽ എത്തിയ ശേഷം എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന മോഡലുകളിൽ ഒന്നാമതാണ് സെൽറ്റോസ്.
എംജി ഹെക്ടർ
ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കമ്പനിയായ എംജിയിൽനിന്ന് ഇന്ത്യയിൽ എത്തുന്ന ആദ്യ വാഹനമാണ് ഹെക്ടർ എസ്‌യുവി. എംപിവി മോഡലിനെ അനുസ്മരിപ്പിക്കുന്ന നീളമേറിയ രൂപകൽപ്പന ഇന്ത്യൻ റോഡുകളിൽ മികച്ച സാന്നിധ്യം വാഹനത്തിന് നൽകുന്നു.
ഇന്റർനെറ്റ് കണക്റ്റിവിറ്റിയും മറ്റ് നിരവധി സ്മാർട്ട് സവിശേഷതകളുമുള്ള രാജ്യത്തെ ആദ്യത്തെ കാർ കൂടിയാണ് ഹെക്ടർ. കിയ സെൽറ്റോസിനെപ്പോലെ തന്നെ ഈ വിഭാഗത്തിൽ ഉയർന്ന വിൽപ്പന നേടാനും ഹെക്ടറിലൂടെ എംജിയ്ക്ക് സാധിക്കുന്നു.
Read Also: ശനിദശ മാറാതെ വാഹന വിപണി; വില്‍പ്പന റിവേഴ്‌സ് ഗിയറില്‍ തന്നെ
ഹ്യുണ്ടായി വെന്യു
ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ സബ് -4 മീറ്റർ കോംപാക്റ്റ് എസ്‌യുവിയാണ് ഹ്യുണ്ടായി വെന്യു. കോംപാക്റ്റ്-എസ്‌യുവി വിഭാഗത്തിൽ കൊറിയൻ ബ്രാൻഡ് അവതരിപ്പിക്കുന്ന ആദ്യത്തെ മോഡലുമാണിത്.
നിരവധി സവിശേഷതകളും ഉപകരണങ്ങളും വെന്യുവിൽ വാഗ്ദാനം ചെയ്യുന്നു. മൂന്ന് എൻജിൻ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. ഒപ്പം ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ബ്ലൂലിങ്ക് കണക്ടിവിറ്റിയും ഈ കോംപാക്ട് എസ്‌യുവിയിൽ ഇടംപിടിക്കുന്നു.
വിപണിയിൽ എത്തിയ ആദ്യ മാസങ്ങളിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയായി മാറാനും ഹ്യുണ്ടായി വെന്യുവിന് സാധിച്ചു. മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ എതിരാളിയായി എത്തിയ മോഡൽ വളരെ വേഗത്തിലാണ് വിപണി പിടിച്ചെടുത്തത്.
റെനോ ട്രൈബർ
ഇന്ത്യൻ വിപണിയിൽ ഫ്രഞ്ച് ബ്രാൻഡായ റെനോ അവതരിപ്പിക്കുന്ന ആദ്യത്തെ സബ് -4 മീറ്റർ കോംപാക്റ്റ് എംപിവി ആണ് ട്രൈബർ. സവിശേഷതകളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ നിരവധി ഓപ്ഷനുകളുമായാണ് ട്രൈബർ എംപിവി എത്തുന്നത്. ബജറ്റ് എംപിവി വിഭാഗത്തിൽ നിലവിലെ ഏറ്റവും മികച്ച മോഡൽ കൂടിയാണിതെന്ന് വിിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നു.
ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി എർട്ടിഗ തുടങ്ങിയവയെ വിൽപ്പനയുടെ കാര്യത്തിൽ കാര്യമായ ആഘാതം സൃഷ്ടിച്ച റെനോ ട്രൈബർ ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യതയാണ് നേടിയത്.
ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്
ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ നിരയിലെ ഏറ്റവും പുതിയ പ്രവേശനമാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്. പുതിയ മോഡലിനൊപ്പം ഇപ്പോഴും വിൽക്കപ്പെടുന്ന ഗ്രാൻഡ് i10 ന്റെ അടുത്ത തലമുറ മോഡലാണ് നിയോസ്. പുതിയ i10 നിയോസ് കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയ്ക്ക് അടിവരയിടുന്നു. ഹച്ച്ബാക്കിന് പ്രീമിയവും ആധുനികവും സ്റ്റൈലിഷായ ഡിസൈനുമാണ് കമ്പനി നൽകിയിരിക്കുന്നത്. ബ്രാൻഡിന്റെ എൻട്രി ലെവൽ, പ്രീമിയം ഹച്ച്ബാക്ക് വിഭാഗങ്ങൾക്കുമിടയിലാണ് നിയോസ് സ്ഥാനം പിടിച്ചിരിക്കുന്നത്.
ടൊയോട്ട ഗ്ലാൻസ
ഇന്ത്യൻ വിപണിയിലെ മാരുതി സുസുക്കി ബലേനോയുടെ റീ-ബാഡ്ജ് ചെയ്ത പതിപ്പാണ് ടൊയോട്ട ഗ്ലാൻസ. രണ്ട് ജാപ്പനീസ് ബ്രാൻഡുകളും തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ പ്രീമിയം ഹച്ച്ബാക്ക് വിപണിയിൽ എത്തുന്നത്.
മറ്റൊരു കാറിന്റെ റീ-ബാഡ്ജ് പതിപ്പ് ആണെങ്കിലും ടൊയോട്ട ഗ്ലാൻസ ആഭ്യന്തര വിപണിയിൽ അംഗീകരിക്കപ്പെട്ടു. വിൽപ്പനയുടെ കാര്യത്തിൽ ഹ്യുണ്ടായി എലൈറ്റ് i20 പോലുള്ള മോഡലുകളെ മറികടക്കാൻ പോലും ഗ്ലാൻസയ്ക്ക് കഴിഞ്ഞു. മാരുതി ബലേനോയ്ക്ക് ശേഷം ഇന്ത്യയിൽ വിറ്റഴിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ പ്രീമിയം ഹച്ച്ബാക്കാണിത്.
ഹ്യുണ്ടായി കോന ഇലക്ട്രിക്ക്
ഇന്ത്യൻ വിപണിയിലെ ബ്രാൻഡിൽനിന്നുള്ള ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവിയാണ് ഹ്യുണ്ടായി കോന ഇവി. പൂർണ ചാർജിൽ 452 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന ശക്തമായ ഇലക്ട്രിക് മോട്ടോറാണ് കോന ഇവിയിൽ വാഗ്ദാനം ചെയ്യുന്നത്.
ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നാണിത്. ഇത് രാജ്യത്തെ ഇലക്ട്രിക്ക് എസ്‌യുവി വിഭാഗത്തിന് കോന തുടക്കം കുറിച്ചു.