ബെംഗളൂരു ആസ്ഥാനമായ ഏഥർ എനർജിയുടെ ഏറ്റവും പുതിയ വാഹനം ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ. ഡൽഹിയിൽ 85,000 വും ഡൽഹിക്ക് പുറത്ത് 99,000 രൂപയുമാണ് വാഹനത്തിന്റെ വില. പ്ലസ്, പ്രോ എന്നിങ്ങനെ രണ്ട് വ്യത്യസ്ത പെർഫോമൻസ് പാക്കുകളിലാണ് വാഹനം ഉപയോക്താക്കളിലേക്ക് എത്തുന്നത്.
ഇലക്ട്രിക് വാഹന രംഗത്ത് ഇതിനോടകം തന്നെ സാനിധ്യമായി കഴിഞ്ഞ ഏഥർ എനർജി അവരുടെ ജനപ്രിയ മോഡലായ 450യുടെ പുതിയ പതിപ്പുമായാണ് ഇന്ത്യൻ വിപണി കീഴടക്കാനെത്തുന്നത്.
ഏഥർ 450X സീറോ-എമിഷൻ സ്കൂട്ടറിന്റെ കൂടുതൽ മെച്ചപ്പെട്ട പതിപ്പാണ്. 99,000 രൂപ അടിസ്ഥാന വിലയേക്കാൾ യഥാക്രമം പ്രതിമാസം 1,699 രൂപയും 1,999 രൂപയുമടച്ച് സബ്സ്ക്രിപ്ഷൻ പാക്കിലൂടെയും വാഹനം സ്വന്തമാക്കാം. സബ്സ്ക്രിപ്ഷൻ പാക്കിൽ പ്ലസിന് ആകെ 1.49 ലക്ഷം രൂപയും പ്രോയ്ക്ക് 1.59 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. സർക്കാർ ആനുകൂല്യങ്ങളാണ് ഡൽഹിയിൽ വാഹന വില കുറയാൻ കാരണം.
Also Read: എംജിയുടെ ഇലക്ട്രിക് കാർ ZS ഇന്ത്യൻ വിപണിയിൽ; പ്രീബുക്ക് ചെയ്തവർക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്ക്കൗണ്ട്
പഴയ പതിപ്പിൽനിന്നു മെച്ചപ്പെട്ട ബാറ്ററിയാണ് 450Xന്റെ പ്രധാന സവിശേഷത. ഒറ്റ ചാർജിൽ 116 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 450X കഴിയും എന്നാണ് സർട്ടിഫൈ ചെയ്തിരിക്കുന്നത്. എന്നാൽ ഓൺ റോഡ് സാഹചര്യങ്ങിൽ 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. 3.3 സെക്കൻഡിൽ 40 കിലോമീറ്റർ വരെ വേഗതയിലെത്താൻ വാഹനത്തിന് സാധിക്കും.
ഡിസൈനിൽ കാര്യമായ മാറ്റമില്ല. മാറ്റ് ഗ്രേ, മിന്റ് ഗ്രീൻ എന്നിങ്ങനെ രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് വാഹനമെത്തുന്നത്. ലിനക്സ് സിസ്റ്റത്തിനുപകരം പുതിയ ആൻഡ്രോയിഡ് അധിഷ്ഠിത യൂസർ ഇന്റർഫേസാണ് ഏഥറിൽ. പാട്ട് കേൾക്കാനും കോളുകൾ സ്വീകരിക്കാനും റദ്ദാക്കാനും ബ്ലൂടൂത്ത് കണക്ടിവിറ്റി സൗകര്യവും വാഹനത്തിലുണ്ട്.