കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ പരിഷ്കരിച്ച പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിലേക്ക്. മാറ്റങ്ങളോടെയെത്തുന്ന ക്രീറ്റയുടെ രണ്ടാം തലമുറ എസ്‌യുവിയെ ഏറെ പ്രതീക്ഷയോടെയാണ് വാഹനപ്രേമികൾ കാത്തിരിക്കുന്നത്. മാർച്ച് 17ന് ഇന്ത്യൻ വിപണിയിലെത്തുന്ന വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. വിവിധ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളിലുടനീളം E, EX, S, SX and SX(O) എന്നീ അഞ്ച് പതിപ്പുകളിലാണ് ലഭ്യമാകുന്നത്. 25000 രൂപ നൽകി ബുക്കിങ് നടത്താനാകും.
മിഡ് സൈസ് എസ്‌യുവി ശ്രേണിയിൽ മികച്ച പ്രതികരണം നേടിയ മോഡലാണ് ഹ്യുണ്ടായി ക്രീറ്റ. പരിഷ്കാരങ്ങളോടെ വിപണിയിൽ കൂടുതൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വാഹനം. ഒരു കാലഘട്ടത്തിൽ നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചുപിടിക്കാമെന്ന ലക്ഷ്യത്തോടെ.
എസ്‌യുവി മോഡലുകളിലെ വമ്പനായ കിയ സെൽറ്റോസിനോട് തന്നെയാണ് ക്രീറ്റ പ്രധാനമായും ഏറ്റുമുട്ടുന്നത്. അതിനൊത്ത എല്ലാ ഫീച്ചറുകളും വാഹനത്തിന്റെ ഭാഗമാണെന്നത് തന്നെയാണ് അതിന് കാരണവും.
കറുപ്പും ബീജും നിറങ്ങൾ ചേർത്ത് ഒരു പുതിയ ഡ്യുവൽ-ടോൺ ക്യാബിനോടുകൂടിയാണ് വാഹനത്തിന്റെ നിർമാണം. വാഹനത്തിന് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഷാർപ്പ് സ്റ്റൈലിംഗ് സൂചകങ്ങൾ, പുതിയ എൽഇഡി ടെയിൽ ലാമ്പുകളുള്ള കോംപാക്‌ട് റിയർ എൻഡ് എന്നിവ വാഹനത്തിന് പ്രത്യേക സൗന്ദര്യം നൽകുന്നു.
എഞ്ചിൻ ഓപ്ഷനുകൾ സെൽറ്റോസുമായി പങ്കിടുന്നതാണ് മറ്റൊരു ശ്രദ്ധേയ ഘടകം. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ ബിഎസ്-VI ന് അനുസൃതമായി എത്തും. പെട്രോൾ യൂണിറ്റ് 115 bhp കരുത്തിൽ 144 Nm ടോർക്കും ഉൽപാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 115 bhp പവറിൽ 250 Nm ടോർക്ക് സൃഷ്ടിക്കാൻ പ്രാപ്‌തിയുള്ളവയാണ്.