ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറായ ഹോണ്ട ആക്ടിവയുടെ ഏറ്റവും പുതിയ മോഡലായ 6G 15ന് അവതരിപ്പിക്കും.
നിലവിൽ ആക്ടിവയുടെ 2.5 ലക്ഷം യൂണിറ്റുകളാണ് മാസം വിറ്റഴിക്കപ്പെടുന്നത്. സ്കൂട്ടറിന്റെ പതിവ് പരിഷ്ക്കരണങ്ങൾ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമാണ്. ഇതു തന്നെയാണ് വിപണിയിൽ ഇത്രയുമധികം ജനപ്രീതി നേടാൻ വാഹനത്തെ സഹായിച്ചതും.
പുതിയ മോഡൽ 15ന് വിപണിയിൽ എത്തിക്കുമെന്ന് വ്യക്തമാക്കുന്ന ടീസർ വീഡിയോ ഹോണ്ട പുറത്തുവിട്ടു. നിലവിലെ ആക്ടിവ 5G ബിഎസ്-IV പതിപ്പിനെ ഹോണ്ട ആക്ടിവ 6G മാറ്റിസ്ഥാപിക്കും.
Read Also: ബിഎസ്-VI സുസുക്കി ആക്സസ് 125 വിപണിയിലെത്തി
വാഹന വിപണിയിലെ മാന്ദ്യം എല്ലാ കമ്പനികളെയും നിർമാതാക്കളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് ആക്ടിവയുടെ വിൽപ്പനയിലും ഇടിവുണ്ടാക്കിയിട്ടുണ്ട്. എങ്കിലും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എഞ്ചിൻ പരിഷ്ക്കരിക്കുന്നതോടൊപ്പം ആക്ടിവ 6G യിൽ ഹോണ്ട നിരവധി പുതിയ സവിശേഷതകളും അവതരിപ്പിച്ചേക്കാം.
നിരവധി കാർ നിർമാതാക്കൾ നിലവിൽ കണക്റ്റിവിറ്റി സാങ്കേതിക വാഹനങ്ങളിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇതിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണവുമാണ് ലഭിക്കുന്നത്. ഈ സാങ്കേതികവിദ്യ ഇരുചക്ര വാഹനങ്ങളിലേക്കും ഇടംപിടിക്കാൻ തുടങ്ങുകയാണ്. ആക്ടിവ 6G യിൽ ഹോണ്ട ഇത് അവതരിപ്പിക്കുമെന്നാണ് സൂചന. അത് യാഥാർഥ്യമായാൽ, ഉപഭോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളുമായി ബന്ധിപ്പിക്കാനും വൈവിധ്യമാർന്ന നിയന്ത്രണങ്ങളും സവിശേഷതകളും ആക്‌സസ്സു ചെയ്യാനും കഴിയും.
മെച്ചപ്പെട്ട കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനു പുറമെ 12 ഇഞ്ച് അലോയ് വീലുകൾ, ടെലിസ്കോപ്പിക് ഫോർക്കുകൾ, ഡിസ്ക് ബ്രേക്കുകളുടെ ഓപ്ഷൻ തുടങ്ങിയ പുതിയ സവിശേഷതകളുമായി ഹോണ്ട ആക്ടിവ 6G സജ്ജമാക്കാം. എൻജിൻ ബിഎസ്-VI ലേക്ക് പരിഷ്കരിക്കുമെങ്കിലും പവർ കണക്കുകളിൽ കാര്യമായ വ്യത്യാസം പ്രതീക്ഷിക്കുന്നില്ല.
എൻജിൻ നവീകരിക്കുന്നതോടെ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും സ്കൂട്ടറിൽ ഇടംപിടിക്കും. ആക്ടിവയിൽ നിലവിലുള്ള എൻജിൻ 109.19 സിസി എച്ച്ഇടി എയർ-കൂൾഡ് യൂണിറ്റാണ്. ഇത് പരമാവധി 7.96 bhp കരുത്തും 9 Nm torque ഉം ഉത്പാദിപ്പിക്കും.
പുതിയ മോഡലിന് 5,000 രൂപ മുതൽ 8,000 രൂപ വരെ വർധിക്കും. അതായത് വാഹനത്തിന് 60,000 രൂപ മുതൽ 62,000 രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. വിപണിയിൽ ടിവിഎസ് ജുപ്പിറ്ററാണ് ഹോണ്ട ആക്ടിവയുടെ പ്രധാന എതിരാളി.