പുതിയ ചാറ്റ്ജിപിടിയിൽ പ്രവർത്തിക്കുന്ന ബിംഗ് പരീക്ഷിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം ആപ്ലിക്കേഷനുകൾ ലഭിച്ചതായി മൈക്രോസോഫ്റ്റ്. പുതിയ ബിംഗ് നിലവിൽ പ്രിവ്യൂവിന്റെ ഘട്ടത്തിലാണെന്നും അതിനാൽ, എഐ – പവർ ചെയ്യുന്ന ബിംഗ് സെർച്ച് എൻജിനിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് കുറച്ചുസമയം കാത്തിരിക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുകയാണെന്നും കമ്പനി അറിയിച്ചു. അതുപോലെ, പുതിയ ബിംഗ് ആക്‌സസ് ചെയ്യാനുള്ള ക്യൂവിൽനിന്നു മുന്നോട്ട് വരാനുള്ള ഒരു ചെറിയ തന്ത്രവും കമ്പനി പങ്കുവയ്ക്കുന്നു.
എഡ്ജ് ബ്രൗസറും ബിംഗ് സെർച്ച് എൻജിനുമുള്ള ഉപയോക്താക്കൾക്കു മൈക്രോസോഫ്റ്റ് മുൻഗണന നൽകുന്നു. മൈക്രോസോഫ്റ്റ് ഉപയോക്താക്കളുമായി ക്ഷണങ്ങൾ പങ്കിടാൻ തുടങ്ങിയെങ്കിലും നിങ്ങൾക്കു ഗൂഗിളിന്റെ എഐ ടൂൾ- ബാർഡിന്റെ പതിപ്പ് പരീക്ഷിക്കാൻ കുറച്ചു മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ഗൂഗിളിന്റെ ബാർഡ് ഒരു അബദ്ധം കമ്പനിയുടെ മൂല്യത്തിൽനിന്നു 100 ബില്യൺ ഡോളറിലധികം ഇല്ലാതാക്കി. മൈക്രോസോഫ്റ്റിന്റെ പുതിയ ബിംഗും അതിന്റെ ലോഞ്ച് സമയത്ത് ചില തെറ്റുകൾ വരുത്തിയെങ്കിലും അത് ശ്രദ്ധിക്കാതെ പോയി.
നിങ്ങൾ പിസിയാണ് ഉപയോഗിക്കുന്നതെങ്കിൽ, പുതിയ ബിംഗ് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, എന്നാൽ ക്രോം, ഒപ്പേറ അല്ലെങ്കിൽ ഫയർഫോക്സ് പോലുള്ള വെബ് ബ്രൗസറാണ് ഉപയോഗിക്കുന്നതെങ്കിൽ, അതിനുകുറച്ച് സമയം കൂടെ കാത്തിരിക്കേണ്ടി വന്നേക്കാം.
പുതിയ എഡ്ജ് ബ്രൗസർ ഡൗൺലോഡ് ചെയ്യുന്നതും ഡിഫോൾട്ട് സെർച്ച് എൻജിനായി ബിംഗ് സജ്ജീകരിക്കുന്നവർക്കും പുതിയ ബിംഗിലേക്ക് ക്ഷണങ്ങൾ അയയ്ക്കുമ്പോൾ മുൻഗണന നൽകുമെന്ന് മൈക്രോസോഫ്റ്റിലെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റും കൺസ്യൂമർ ചീഫ് മാർക്കറ്റിങ് ഓഫീസറുമായ യൂസഫ് മെഹ്ദി പറയുന്നു.
കമ്പനി എല്ലാ വെബ് ബ്രൗസറുകൾക്കും പുതിയ ബിംഗ് കൊണ്ടുവരും എന്നാൽ അതിനായി കുറച്ച് ആഴ്ചകൾ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ഇപ്പോൾ, പുതിയ ബിംഗ് നൂറ്റിഅറുപത്തി ഒൻപതിലധികം രാജ്യങ്ങളിൽ സജീവമാണ്. കൂടാതെ ഒരു ദശലക്ഷത്തിലധികം ആപ്ലിക്കേഷനുകൾ ഉള്ളതിനാൽ, വരും ദിവസങ്ങളിൽ എല്ലാവർക്കും പുതിയ ബിംഗിലേക്ക് കമ്പനി പ്രവേശനം നൽകും.
പുതിയ ബിംഗിനായി എങ്ങനെ സൈൻ അപ്പ് ചെയ്യാം?
ബിംഗ്.കോം/ന്യൂ (Bing.com/new) എന്നതിലേക്ക് പോകുക > വെയിറ്റിങ് ലിസ്റ്റിൽ ചേരുക> മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക> പുതിയ ബിംഗ് വേഗത്തിൽ ആക്‌സസ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക> എഡ്ജ് നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായും ബിംഗിനെ സെർച്ച് എഞ്ചിനായും സെറ്റ് ചെയ്യുക> മൈക്രോസോഫ്റ്റ് ബിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് മൈക്രോസോഫ്റ്റിൽനിന്നു ഒരു മെയിൽ ലഭിക്കും, നിങ്ങളുടെ മൈക്രോസോഫ്റ്റ് അക്കൗണ്ടിൽ പുതിയ ബിംഗ് ആക്‌സസ് ചെയ്യാനാകും.