ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ് ഐക്യരാജ്യം അഥവാ യുണൈറ്റഡ് കിങ്ഡം. ഭൂമിശാസ്ത്രപരമായി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ യൂറോപ്യൻ വൻകരയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് യുകെയുടെ ഭാഗമായുള്ളത്. ഇതൊരു വികസിത രാജ്യമാണ്. ധാരാളം ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന ഒരു ക്ഷേമരാജ്യം കൂടിയാണിത്. ക്യാപിറ്റലിസ്റ്റ് സമ്പദ് വ്യവസ്ഥയാണ് നിലവിലുള്ളത്. വ്യക്തി സ്വാതന്ത്ര്യം, ജനാധിപത്യം, ജൻഡർ സമത്വം, സാമൂഹിക സുരക്ഷ, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളിൽ യുകെ ഏറെ മുന്നിലാണ്.