മലയാളത്തിലെ പ്രമുഖ ദിനപത്രമാണ് മാതൃഭൂമി. പ്രചാരത്തിൽ മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമാണ്‌. സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പത്രം പിറവിയെടുക്കുന്നത്. 1923 മാർച്ച് 18 ന് കോഴിക്കോട് നിന്നാണ് പത്രത്തിന്റെ ആദ്യ കോപ്പി പുറത്തിറങ്ങുന്നത്. കെ.പി.കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ. കെ.മാധവൻ നായർ ആയിരുന്നു മാനേജിങ് എഡിറ്റർ. സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രൂപം കൊണ്ട പത്രത്തിന്‌ അധികാരികളുമായി പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. പത്രാധിപർ പലപ്പോഴായി തടവിലാക്കപ്പെട്ടു. പലത വണ പത്രം നിരോധിക്കപ്പെട്ടു.

പി.രാമുണ്ണി നായർ, കെ.കേളപ്പൻ, സി.എച്ച്‌.കുഞ്ഞപ്പ, കെ.എ.ദാമോദരമേനോൻ,എൻ.വി.കൃഷ്ണവാരിയർ, എ.പി.ഉദയഭാനു, വി.പി.രാമചന്ദ്രൻ, വി.കെ.മാധവൻകുട്ടി, എം.ഡി.നാലപ്പാട്, കെ.കെ.ശ്രീധരൻ നായർ, കെ.ഗോപാലകൃഷ്ണൻ, എം.കേശവമേനോൻ എന്നിവർ മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്‌.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, കൊല്ലം, കണ്ണൂർ, മലപ്പുറം, പാലക്കാട്‌, ആലപ്പുഴ എന്നിവിടങ്ങളിൽനിന്നും പത്രത്തിന് എഡിഷനുണ്ട്. കേരളത്തിനു പുറമേ ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ പത്രത്തിന് എഡിഷനുണ്ട്. ദുബായിൽനിന്നും പത്രത്തിന് എഡിഷനുണ്ട്. മാതൃഭൂമി എം.പി. വീരേന്ദ്രകുമാർ മാനേയജിങ്ങ്‌ ഡയറക്‌റ്ററും പി.വി.ചന്ദ്രൻ മാനേജിങ്ങ്‌ എഡിറ്ററും പി.ഐ.രാജീവ് എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ്.

മാതൃഭൂമി ദിനപത്രത്തിനു പുറമേ നിരവധി മാതൃഭൂമി ആഴ്ചപ്പതിപ്പ് ഗൃഹലക്ഷ്മി, സ്റ്റാർ & സ്റ്റൈൽ, തൊഴിൽവാർത്ത, സ്‌പോർട്സ്‌ മാസിക, ബാലഭൂമി, ആരോഗ്യമാസിക, ഇയർബുക്ക്‌ പ്ലസ്‌, യാത്ര (മാസിക), മിന്നാമിന്നി (വാരിക), കാർട്ടൂൺ പ്ലസ്‍, ജി.കെ. ആൻഡ് കറന്റ് അഫയേഴ്സ്‍ എന്നീ പ്രസിദ്ധീകരണങ്ങളും മാതൃഭൂമിക്കുണ്ട്.

2008-ൽ മാതൃഭൂമി എഫ്‌എം റേഡിയോ പ്രക്ഷേപണ രംഗത്തേക്കും പ്രവേശിച്ചു‌. ക്ലബ്ബ് എഫ്എം 94.3 എന്നാണ് മാതൃഭൂമിയുടെ എഫ്എം റേഡിയോയുടെ പേര്. മാതൃഭൂമി ന്യൂസ് ആണ് വാർത്താ ചാനൽ. ഈ വാർത്താ ചാനൽ 2013 ജനുവരി 23ന് പ്രവർത്തനമാരംഭിച്ചു.