/indian-express-malayalam/media/media_files/uploads/2023/10/text.jpg)
ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ 'ഇന്ത്യ'ക്ക് പകരം 'ഭാരത്' എന്നാക്കണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) സമിതിയുടെ നിര്‍ദ്ദേശം. 2022 ലെ സോഷ്യല്‍ സയന്‍സ് കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പക്ഷേ ഇതെല്ലാം എന്‍സിഇആര്‍ടി തീരുമാനത്തെ ആശ്രയിച്ചാകുമെന്നും സിമിതി ചെയര്‍മാന്‍ പ്രൊഫ സി.ഐ. ഐസക് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഇന്ത്യന്‍ വിജയങ്ങള്‍ പാഠ്യപദ്ധതിയുടെ വലിയ ഭാഗമാകണമെന്ന് സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''നിലവില്‍ എന്‍സിഇആര്‍ടിയുടെ പുസ്തകങ്ങളില്‍ സ്വാതന്ത്ര്യാനന്തര ചരിത്രത്തെക്കുറിച്ച് പരാമര്‍ശമില്ല, അതിനാല്‍ 1947 മുതല്‍ ഇതുവരെ നടന്ന ചരിത്രസംഭവങ്ങളും അവതരിപ്പിക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിച്ചു, സ്വാതന്ത്ര്യത്തിന് മുമ്പുള്ള സംഭവങ്ങളുടെ എണ്ണം കുറയ്ക്കാം,'' പ്രൊഫ സി.ഐ. ഐസക് പറഞ്ഞു.
പുതിയ പാഠപുസ്തകങ്ങള്‍ തയാറാക്കുതിന്റെ അന്തിമ ഘട്ടത്തില്‍ എന്‍സിഇആര്‍ടി 19 അംഗ കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. 3-12 ക്ലാസുകളിലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനായി (എന്‍സിഎഫ്) 'സ്‌കൂള്‍ സിലബസ്, പാഠപുസ്തകങ്ങള്‍, അധ്യാപന, പഠന സാമഗ്രികള്‍' എന്നിവ തയാറാക്കുകയാണ് സമിതിയുടെ ചുമതല.
മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല അധ്യാപകരെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രയിനിങ്ങിന് തയ്യാറാക്കി നല്‍കുന്നതും സമിതിയുടെ ചുമതലയാണ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗണിത പ്രൊഫസര്‍ മഞ്ജുള്‍ ഭാര്‍ഗവാണ് സമിതിയുടെ സഹ അധ്യക്ഷന്‍. പിഎം ബിബേക് ദേബ്രോയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍, ആര്‍എസ്എസ്-അനുബന്ധ സംസ്‌കൃത ഭാരതിയുടെ സ്ഥാപക അംഗം ചാമു കൃഷ്ണ ശാസ്ത്രി, മനുഷ്യസ്നേഹി സുധാ മൂര്‍ത്തി, ഗായകന്‍ ശങ്കര്‍ മഹാദേവ എന്നിവരാണ് ഈ കമ്മിറ്റിയിലെ ചില അംഗങ്ങള്‍.
എന്‍സിആര്‍ഇടി പാഠപുസ്തകങ്ങളില്‍ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും, അനുബന്ധഭാഗങ്ങളും ഉള്‍പ്പടെ നിരവധി പാഠഭാഗങ്ങള്‍ നീക്കം ചെയ്ത നടപടി നേരത്തെ വലിയ വിവാദമായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വലിയ പകയോടെ എല്ലാം വെള്ള പൂശുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മനപ്പൂര്‍വമായ തീരുമാനം കൊണ്ടല്ല പാഠഭാഗങ്ങള്‍ നീക്കം ചെയ്തതെന്ന് എന്‍സിഇആര്‍ടി വിശദീകരിച്ചിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തുമെന്നും അറിയിച്ചിരുന്നു. വിദഗ്ധര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പാഠഭാഗങ്ങള്‍ നീക്കം ചെയ്തതെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം.
.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.