/indian-express-malayalam/media/media_files/uploads/2023/09/Udhayanidhi-priyam.jpg)
സനാതന ധര്‍മം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖര്‍ഗെയ്ക്കും എതിരെ കേസെടുത്ത് പൊലീസ്
റാംപുര്‍: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്. സനാതന ധര്‍മത്തെ പകര്‍ച്ചവ്യാധികളോട് ഉപമിച്ച ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചതിനാണ് പ്രിയങ്കിനെതിരെ കേസെടുത്തത്.
അഭിഭാഷകരുടെ പരാതിയില്‍ യു.പി റാംപുര്‍ പൊലീസാണ് കേസെടുത്തത്. സിവില്‍ ലൈന്‍ പോലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷന്‍ 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കുന്ന ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), 153 എ (വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
ഉദയനിധിയുടെ പ്രസ്താവന സംബന്ധിച്ച് വന്ന മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകരായ ഹര്‍ഷ് ഗുപ്ത, രാം സിങ് ലോധി എന്നിവരാണ് പരാതി നല്‍കിയത്. പ്രസ്താവന തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ശനിയാഴ്ച തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തില്‍ ശനിയാഴ്ചയാണ് ഉദയനിധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധര്‍മത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വാക്കുകള്‍.
ഉദയനിധിയുടെ പരാമര്‍ശം രാഷ്ട്രീയ പാര്‍ട്ടികള്‍ വിവാദമാക്കി, പരാമര്‍ശത്തില്‍ നിലപാടറിയിക്കാന്‍ ബിജെപി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. പ്രസ്താവനയ്‌ക്കെതിരെ ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മന്ത്രിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്ക് ബിജെപി കത്തയച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.