/indian-express-malayalam/media/media_files/uploads/2023/09/kamalnath.jpg)
'ഇന്ത്യ' സഖ്യം ഭോപ്പാലിലെ റാലി റദ്ദാക്കി; സനാതന പരാമര്‍ശത്തിലെ ജനരോഷം ഭയന്നെന്ന് ശിവരാജ് സിങ് ചൗഹാന്‍
ഭോപ്പാല്‍: 'ഇന്ത്യ' സഖ്യം ഒക്‌ടോബറില്‍ ഭോപ്പാലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുറാലി റദ്ദാക്കിയതായി മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥ്. ഡിഎംകെ നേതാക്കളുടെ' സനാതന ധര്‍മ്മത്തിനെതിരെയുള്ള പരാമര്‍ശത്തിലെ ജനരോഷത്തെ തുടര്‍ന്നാണ് റാലി റദ്ദാക്കിയതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
ഈ ആഴ്ചയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിലെ 25 പാര്‍ട്ടികള്‍ ഭോപ്പാലില്‍ റാലി നടത്തുമെന്ന് അറിയിച്ചിരുന്നു. 'ഇത് നടക്കാന്‍ പോകുന്നില്ല, ഇത് റദ്ദാക്കിയിരിക്കുന്നു' റാലിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് പറഞ്ഞു.
ഭോപ്പാലില്‍ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ഇക്കാര്യത്തില്‍ ''തീരുമാനമെടുത്താല്‍ ഞങ്ങള്‍ സ്ഥിരീകരിക്കും,'' അദ്ദേഹം പറഞ്ഞു.
ഈ ആഴ്ച ആദ്യം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാറിന്റെ വസതിയില്‍ നടന്ന യോഗത്തിന് ശേഷം, പ്രതിപക്ഷ സഖ്യം തങ്ങളുടെ ആദ്യ സംയുക്ത റാലി ഭോപ്പാലില്‍ ഒക്ടോബര്‍ ആദ്യവാരം നടത്താന്‍ തീരുമാനിച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയില്‍ ഊന്നിയാണ് റാലിയെന്ന് ശരദ് പവാറിന്റെ വസതിയില്‍ നടന്ന യോഗത്തിന് ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞിരുന്നു.
എന്നാല്‍ 'ഇന്ത്യ'യുടെ റാലി റദ്ദാക്കിയതിനെക്കുറിച്ചുള്ള കമല്‍ നാഥിന്റെ പ്രസ്താവനയില്‍ സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് പ്രതികരിച്ചു. സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശങ്ങളില്‍ പൊതുജന രോഷവുമായി തീരുമാനത്തിന് ബന്ധമുണ്ടെന്നാണ് ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചത്.
'ഇത് പൊതുജന രോഷമാണ്. നിങ്ങള്‍ സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനി എന്നും മലേറിയ എന്നും വിളിക്കും. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് മധ്യപ്രദേശിലെ ജനങ്ങള്‍ സഹിക്കില്ല,'' അദ്ദേഹം പറഞ്ഞു, ഈ അഭിപ്രായങ്ങള്‍ ഞങ്ങളുടെ വിശ്വാസത്തെ ആക്രമിച്ചതാണെന്ന് പ്രതിപക്ഷ സംഘം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
''മധ്യപ്രദേശിലെ ജനങ്ങള്‍ക്കിടയില്‍ (സനാതന ധര്‍മ്മ വിരുദ്ധ പരാമര്‍ശങ്ങളില്‍) രോഷവും സങ്കടവുമുണ്ട്. ജനങ്ങള്‍ തങ്ങളുടെ രോഷം പ്രകടിപ്പിക്കുമെന്ന് അവര്‍ (പ്രതിപക്ഷം) ഭയപ്പെട്ടു, അതിനാല്‍ അവര്‍ ഇന്ത്യ ബ്ലോക്കിന്റെ റാലി റദ്ദാക്കി,'' ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
സനാതന ധര്‍മ്മം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കിയെന്നും ഡെങ്കിപ്പനി, മലേറിയ, കൊറോണ വൈറസ് തുടങ്ങിയ രോഗങ്ങളെ പോലെ സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്നും ഡിഎംകെ നേതാക്കളായ ഉദയനിധി സ്റ്റാലിനും എ രാജയും പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.