/indian-express-malayalam/media/media_files/uploads/2023/08/lijimol.jpg)
ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന വിവാദം: തന്റെ പേരില്‍ ജോലിയുള്ളതായി അറിയില്ല, പരാതി നല്‍കി ലിജിമോള്‍
കോട്ടയം: പുതുപ്പള്ളിയില്‍ മൃഗസംരക്ഷണ വകുപ്പിലെ താല്‍കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന ആക്ഷേപത്തില്‍ സതിയമ്മയ്‌ക്കെതിരെ ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. കുടുംബശ്രീ നല്‍കിയ കത്തു പ്രകാരം ലിജിമോളെയാണ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ആയി മൃഗാശുപത്രിയില്‍ നിയമിച്ചിട്ടുള്ളതെന്നും അവരുടെ അക്കൗണ്ടിലേക്കാണ് ശമ്പളം നല്‍കിയിട്ടുള്ളതെന്നുമാണ് മന്ത്രി ജെ ചിഞ്ചുറാണി വിശദീകരിച്ചത്.
തനിക്ക് ഇങ്ങനെയൊരു ജോലിയുള്ളതായി അറിയില്ലെന്നും തന്റെ അക്കൗണ്ടിലേക്കു ശമ്പളം വന്നിട്ടില്ലെന്നും ലിജിമോള്‍ മാധ്യമങ്ങളോടു പറഞ്ഞു. തന്റെ അക്കൗണ്ടിലേക്കു പണമൊന്നും വന്നിട്ടില്ല. ഇക്കാലയളവിലൊന്നും മൃഗാശുപത്രിയില്‍ പോയിട്ടില്ല. സതിയമ്മയ്ക്കൊപ്പം നേരത്തെ കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിരുന്നു. കുറെ നാളായി അവരുമായി ബന്ധമൊന്നുമില്ല. പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് തന്റെ പേരു നിര്‍ദേശിച്ച് കുടംബശ്രീ കത്തു നല്‍കിയതായി അറിയില്ല. കുടുംബശ്രീ നല്‍കിയത് തന്റെ വ്യാജ ഒപ്പിട്ട കത്താണ്. ഇക്കാര്യത്തില്‍ ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ് സെക്രട്ടറി, മൃഗസംരക്ഷണ വകുപ്പ് ഫീല്‍ഡ് ഓഫിസര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ലിജിമോള്‍ പരാതി നല്‍കി.
''ഞാന്‍ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ജോലി എന്റെ പേരിലാണെന്ന് ഇവിടെ തിരിച്ചു വന്നപ്പോഴാണ് കേട്ടത്. എനിക്ക് ഇതേക്കുറിച്ച് ഒരു കാര്യവും അറിയില്ല. ഞാന്‍ ഉപയോഗിക്കുന്ന ഒരു ബാങ്ക് അക്കൗണ്ട് മാത്രമേയുള്ളൂ. നാലു വര്‍ഷം മുന്‍പ് ഞാന്‍ കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് സെക്രട്ടറിയായിരുന്നു. ആ സമയത്ത് ഉണ്ടായിരുന്ന അക്കൗണ്ടിലേക്കാണോ പണം വരുന്നതെന്ന് അറിയില്ല.' ലിജിമോള്‍ വിശദീകരിച്ചു.
സതിയമ്മ വ്യാജ രേഖ ചമച്ചാണ് ജോലി ചെയ്തിരുന്നതെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാര്‍ ആരോപിച്ചു. അവരെ പിന്തുണച്ചുവന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് അനില്‍ കുമാര്‍ ചോദിച്ചു.
യഥാര്‍ഥത്തില്‍, ലിജിമോള്‍ക്കാണു ജോലിയെങ്കില്‍ ലിജിമോളുടെ പേരിലല്ലേ പണം വാങ്ങാന്‍ കഴിയൂ. അങ്ങനെയൊരു ലിജിമോളുടെ വ്യാജ അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം. അത് യഥാര്‍ഥ ലിജിമോള്‍ അറിഞ്ഞിട്ടില്ല. അതടക്കം പരിശോധിക്കണമെന്നാണ് എസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാലു വര്‍ഷം മുന്‍പ് ഉണ്ടായിരുന്നുവെന്നു പറയുന്നത് കുടുംബശ്രീ അക്കൗണ്ടാണ്. അല്ലാതെ ലിജിമോളുടെ അക്കൗണ്ടല്ല.' അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.