/indian-express-malayalam/media/media_files/uploads/2023/06/Vidhya.jpg)
വിദ്യ
കൊച്ചി: അധ്യാപക നിയമനത്തിനായി എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയെ പൊലീസിന് കണ്ടെത്താനായില്ല. വിദ്യ അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല കോളജിലും അഗളി പൊലീസ് അന്വേഷണത്തിനെത്തും. ബയോഡേറ്റയ്‌ക്കൊപ്പം നല്‍കിയ രേഖകളാകും പൊലീസ് പരിശോധിക്കുക.
പത്തിരിപ്പാല ഗവ. കോളജിലെ മലയാളം വകുപ്പില്‍ കെ.വിദ്യ ജോലി ചെയ്തിരുന്നെങ്കിലും അഭിമുഖ സമയത്ത് പ്രവൃത്തി പരിചയം ഉള്ളതായി അറിയിച്ചിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ വ്യക്തമാക്കിയത്. പരിചയ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും ബയോ ഡേറ്റ ഒഴികെ മറ്റൊന്നും ഹാജരാക്കിയിട്ടില്ലെന്നാണ് കോളജ് അധികൃതരുടെ വാദം. അഗളി കോളജില്‍ വിദ്യ അഭിമുഖത്തിന് ഹാജരായ സമയത്തുണ്ടായിരുന്ന അധ്യാപകരുടെ രഹസ്യ മൊഴിയെടുക്കാനുള്ള അപേക്ഷ അഗളി പൊലീസ് പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. 2021 ഒക്ടോബര്‍ മുതല്‍ 2022 മേയ് വരെയാണ് വിദ്യ ഇവിടെ ജോലി ചെയ്തത്.
അതേസമയം, അട്ടപ്പാടി ഗവ. കോളജില്‍ വിദ്യ അഭിമുഖത്തിനു ഹാജരായ സമയത്തുണ്ടായിരുന്ന അധ്യാപകരുടെ രഹസ്യ മൊഴിയെടുക്കാനുള്ള അപേക്ഷ അഗളി പൊലീസ് പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ലാലി വര്‍ഗീസും കെ.വിദ്യയും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളും പരിശോധിക്കും. ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്‌തെന്ന് ആദ്യം പറഞ്ഞ പ്രിന്‍സിപ്പല്‍ പിന്നീട് ശബ്ദരേഖ കയ്യില്‍ ഇല്ലെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ ശബ്ദരേഖയെക്കുറിച്ചു പൊലീസ് തന്നോട് ചോദിച്ചിട്ടില്ലെന്നാണ് ലാലി വര്‍ഗീസ് പറയുന്നത്. മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.
വ്യാജരേഖ കേസെടുത്ത ശേഷം ഒമ്പതാം ദിവസവും വിദ്യ ഒളിവില്‍ തന്നെയാണ്. വിദ്യയുടെ രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് സൂചിപ്പിച്ചു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിദ്യയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us